'കരുത്തുറ്റ ഇന്ത്യ'യെ സൃഷ്ടിക്കാൻ മോദിക്ക് മുന്നിൽ 10 കടമ്പകള്‍
കരുത്തുറ്റ ഇന്ത്യയെ പടുത്തുയര്‍ത്തുമെന്നാണ് ലോകസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. “നാം ഒരുമിച്ച് വളര്‍ന്നു, നാം ഒരുമിച്ച് പുരോഗതി നേടി, ഇനി നാം ഒരുമിച്ച് കരുത്തുറ്റ ഇന്ത്യയെ പടുത്തുയര്‍ത്തും. ഇന്ത്യ ഒരിക്കല്‍കൂടി വിജയിച്ചിരിക്കുന്നു,” മോദി ട്വീറ്റിൽ പറഞ്ഞു.
എന്നാൽ മോദി പറഞ്ഞ പോലുള്ള കരുത്തുറ്റ ഇന്ത്യയെ പടുത്തുയർത്തണമെങ്കിൽ കടമ്പകളേറെയാണ്. അവയിൽ ചിലത്.
1. കാർഷിക രംഗം
കാര്‍ഷിക രംഗത്തെ പ്രതിസന്ധി പരിഹരിക്കാനുതകുന്ന നയമുണ്ടാക്കണം. സബ്‌സിഡികളും കാര്‍ഷിക കടം എഴുതിത്തള്ളലിനും പുറമേ ക്രിയാത്മകമായ പ്രശ്‌നപരിഹാരം ഉണ്ടാക്കലാണ് പ്രധാന കടമ്പ.
2. ധനക്കമ്മി
നികുതി പിരിവില്‍ വന്ന ഇടിവ് സമ്പദ്‌വ്യവസ്ഥയെ തകരാറിലാക്കുന്നുണ്ട്. ഇതിനെ മാനേജ് ചെയ്യുന്നത് തലവേദനയാകും.
3. എണ്ണ വില
രാജ്യാന്തര വിപണിയില്‍ എണ്ണ വില വര്‍ധിക്കുന്നതോടെ രൂപയുടെ മൂല്യം, ധനക്കമ്മി എന്നിവയെ എല്ലാം അത് പ്രതികൂലമായി ബാധിക്കും.
4. ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍സിംഗ്
ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനാല്‍ പൊതു സ്വകാര്യ പങ്കാളിത്ത പദ്ധതികളുടെ ഫിനാന്‍സിംഗ് ഇപ്പോള്‍ തന്നെ പ്രശ്‌നത്തിലാണ്. അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ഫണ്ട് സമാഹരണം കൂടുതല്‍ സങ്കീര്‍ണമാകും.
5. എന്‍പിഎ
കിട്ടാക്കടം ഏറെയുള്ള ബാലന്‍സ് ഷീറ്റുകളാണ് ഇന്ത്യന്‍ ബാങ്കുകളുടെ ഏറ്റവും വലിയ ഭീഷണി. ഇത് ചില ബാങ്കുകളുടെ ഭാവിയെ തന്നെ തുറിച്ചു നോക്കുന്ന സ്ഥിതിയിലെത്തിയിട്ടുണ്ട്.
6. മൂലധന രൂപീകരണം
നിക്ഷേപത്തെ ആശ്രയിച്ചാണ് സാമ്പത്തിക വളര്‍ച്ചയും വികസനവും നടക്കുന്നത്. എന്നാല്‍ നിക്ഷേപം കുത്തനെ ഇടിയുന്നത് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
7. സേവിംഗ്‌സ്
രാജ്യത്തെ ആഭ്യന്തര സമ്പാദ്യവും വന്‍ തോതില്‍ ഇടിയുകയാണ്. ഇത് രാജ്യത്തിന്റെ വളര്‍ച്ചയെ പിന്നോട്ടടിക്കുന്നുണ്ട്.
8. ജിഎസ്ടി
ലളിതമായ നികുതി വ്യവസ്ഥയെന്ന പേരിലാണ് നടപ്പാക്കപ്പെട്ടതെ
ങ്കിലും നിരവധി ചെറുകിട ഇടത്തരം ബിസിനസുകളുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിക്കേണ്ട പണം നികുതി വകുപ്പിന്റെ കൈകളില്‍ അകപ്പെട്ട് നിഷ്‌ക്രിയമാകുന്ന അവസ്ഥയിലേക്ക് ഇത് കൊണ്ടുചെന്നെത്തിച്ചിട്ടുണ്ട്. ഇത് മാറ്റി ബിസിനസുകളുടെ ചലനാത്മകത അറിയുന്ന നികുതി സമ്പ്രദായമെന്ന തലത്തിലേക്ക് ജിഎസ്ടിയെ മാറ്റുകയെന്നതും വെല്ലുവിളിയാകും.
9. എംഎസ്എംഇ
ആവശ്യത്തിന് ഫണ്ടും പിന്തുണയും ലഭിക്കാത്തതിനാല്‍ രാജ്യത്തെ ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ നിലനില്‍പ്പ് തന്നെ അവതാളത്തിലാണ്.
10. തൊഴിലവസരങ്ങള്‍
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പുതുതായി സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞിട്ടുണ്ട്. തൊഴിലുകള്‍ സൃഷ്ടിക്കുന്ന വളര്‍ച്ചയിലേക്ക് രാജ്യത്തെ നയിക്കുക എന്നതാണ് പ്രധാനം.