വിദഗ്ധരുമായുള്ള മോദിയുടെ ബജറ്റ് ചര്‍ച്ച; ധനമന്ത്രിയുടെ അഭാവത്തെച്ചൊല്ലി അഭ്യൂഹം

ബജറ്റിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി സാമ്പത്തിക വിദഗ്ധരുമായും വ്യവസായികളുമായി നടത്തിയ കൂടിക്കാഴ്ചയിലെ ധനമന്ത്രി നിര്‍മല സീതാരാമന്റെ അഭാവത്തെച്ചൊല്ലി അഭ്യൂഹങ്ങള്‍. ധനമന്ത്രി നിര്‍മല സീതാരാമന്‍ ഡല്‍ഹിയിലുണ്ടായിരുന്നിട്ടും യോഗത്തില്‍ പങ്കെടുപ്പിക്കാതിരുന്നതിനെ കോണ്‍ഗ്രസ് വിമര്‍ശിച്ചു.

പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ കേന്ദ്രമന്ത്രിമാരായ അമിത് ഷാ, പിയൂഷ് ഗോയല്‍, നിതിന്‍ ഗഡ്കരി, പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി തലവന്‍ ബിബേക് ദെബ്രോയ്, നിതി ആയോഗ് ഉപാധ്യക്ഷന്‍ രാജീവ് കുമാര്‍, സിഇഒ അമിതാഭ് കാന്ത് എന്നിവര്‍ പങ്കെടുത്തു. സാമ്പത്തിക വിദഗ്ധരായ ശ്രീധര്‍ ആചാര്യ, ഫര്‍സാന അഫ്രീദി എന്നിവരും വ്യവസായികളായ അപ്പറാവു മല്ലവരപ്പു, ദീപക് കാല്‍റ, പതഞ്ജലി ജി കേശ്‌വാനി, ദീപക് സേത്ത് എന്നിവരുമുണ്ടായിരുന്നു.

ബജറ്റിനെക്കുറിച്ച് ആശയങ്ങള്‍ പങ്കുവയ്ക്കണമെന്ന് മോദി ട്വിറ്ററിലൂടെ ഇന്നലെയും അഭ്യര്‍ഥിച്ചു. നേരത്തേയും പ്രധാനമന്ത്രിയും ധനമന്ത്രിയും വെവ്വേറെ ആശയങ്ങള്‍ ക്ഷണിച്ചിരുന്നു. പ്രധാനമന്ത്രി വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍ നിര്‍മല സീതാരാമന്‍ ബിജെപി ആസ്ഥാനത്ത് ബിജെപി നേതാക്കളുമൊത്ത് ബജറ്റ് ചര്‍ച്ചയിലായിരുന്നുവെന്നാണ് ബിജെപി വാദം.ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെപി നഡ്ഡ, ജനറല്‍ സെക്രട്ടറിമാരായ ഭൂപീന്ദര്‍ യാദവ്, അരുണ്‍ സിംഹ് എന്നിവരാണ് നിര്‍മല സീതാരാമന്‍ പങ്കെടുത്ത യോഗത്തില്‍ എത്തിയത്.നേതാക്കളുമായി ഇന്നും ധനമന്ത്രി ചര്‍ച്ച തുടരുന്നുണ്ട്.

എന്തുകൊണ്ടാണ് ചര്‍ച്ചയില്‍നിന്ന് ധനമന്ത്രിയെ പുറത്താക്കിയതെന്ന് ശശി തരൂര്‍ എംപി ട്വീറ്റ് ചെയ്തു. ഇവരുമായി ധനമന്ത്രി നേരത്തെ ചര്‍ച്ച നടത്തിയെന്നായിരുന്നു ധനമന്ത്രിയുടെ ഓഫിസിന്റെ മറുപടി. ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര സര്‍ക്കാര്‍ പൊതുബജറ്റ് അവതരിപ്പിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക ക്വാര്‍ട്ടറിലെ വളര്‍ച്ച നിരക്ക് 4.5 ശതമാനത്തിലേക്ക് താഴ്ന്ന സാഹചര്യത്തില്‍ നിര്‍ണായകമാണ് ഇത്തവണത്തെ ബജറ്റ്. സാമ്പത്തിക മേഖലയെ ഉത്തേജിപ്പിക്കാന്‍ എന്തൊക്കെ ഇളവുകളാണ് മോദി സര്‍ക്കാര്‍ നല്‍കുകയെന്ന് രാജ്യം ഉറ്റുനോക്കുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it