സ്വപ്‌ന ഫാക്ടര്‍, കോവിഡ്, കനത്ത മഴ: സംസ്ഥാന വികസനത്തിന് കനത്ത തിരിച്ചടി

സംസ്ഥാനം അതിന്റെ ചരിത്രത്തില്‍ നേരിടാത്തത്ര കടുത്ത വെല്ലുവിളികളിലൂടെ കടന്നുപോകുമ്പോള്‍, പുതിയ അവസരങ്ങള്‍ കണ്ടെത്തി മുന്നേറാനാകാതെ കേരളം വീണ്ടും വിവാദങ്ങളില്‍ ആഴ്ന്നുപോകുന്നു. ഇതിനിടെ നിയന്ത്രണവിധേയമാകാതെ കോവിഡും

Derail Kerala's development projects
-Ad-

”കോവിഡ് വലിയ പ്രതിസന്ധി തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്. പക്ഷേ അത് തുറന്നുതരുന്ന അവസരങ്ങള്‍ കേരളത്തിന് വിനിയോഗിക്കാനാവും.” ഈ ആശയം ഏറ്റവും കൂടുതല്‍ പങ്കുവെച്ചിരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ്. മുഖ്യമന്ത്രിയുടെ ആശയം അങ്ങേയറ്റം ക്രിയാത്മകവുമായിരുന്നു. പക്ഷേ എന്നത്തേയും പോലെ പിന്നീട് വന്ന വിവാദ തിരമാലകളും നിയന്ത്രണാതീതമായി മുന്നേറുന്ന കോവിഡും സംസ്ഥാനത്തിന്റെ വികസന സ്വപ്‌നങ്ങള്‍ തിരിച്ചടിയായിരിക്കുകയാണ്.

കുടത്തില്‍ നിന്നിറങ്ങിയ ഭൂതമായി ‘സ്വപ്‌നഫാക്ടര്‍’

സ്വര്‍ണക്കടക്ക് കേസുമായി ബന്ധപ്പെട്ട അന്വേഷണം മന്ത്രിമാരിലും മന്ത്രി പുത്രന്മാരിലും എത്തിക്കഴിഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ തിളക്കമാര്‍ന്ന നേട്ടമായി ഉയര്‍ത്തിക്കാട്ടുന്ന ലൈഫ് മിഷന്‍ പദ്ധതിയുടെ മേലും കളങ്കമുണ്ടായിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണം പുരോഗമിക്കുന്തോറും കൂടുതല്‍ വമ്പന്മാരുടെ പേരുകള്‍ ഉയര്‍ന്നുവരുന്നതും അതോടൊപ്പം മയക്കുമരുന്ന് കേസും എല്ലാം ചേര്‍ന്ന് കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞ സ്ഥിതിയാണ്.

കോവിഡിനെതിരെ ശക്തമായ പ്രതിരോധം തീര്‍ത്ത്, ജനങ്ങളുടെ വിശ്വാസം ആര്‍ജ്ജിച്ച്, ഇവിടെ ഒരു സര്‍ക്കാരുണ്ടെന്ന് പാര്‍ട്ടി അനുഭാവികളാല്ലത്തവരെ കൊണ്ടും പോലും പറയിപ്പിച്ച എല്‍ ഡി എഫ് ഭരണകൂടം വിവാദ ചുഴിയില്‍ വീഴുന്നത് വികസന പദ്ധതികളുടെ പിന്നോട്ടടിക്കലിന് കാരണമാകും.

-Ad-

ക്രിയാത്മക ചര്‍ച്ചകളില്‍ നിന്ന് വഴിമാറി വിവാദ ചര്‍ച്ചകളിലേക്ക്് കേരളീയ സമൂഹവും ഭരണനേതൃത്വവും പോകുന്നതാണ് അതിന് കാരണം.

നിയന്ത്രണമില്ലാതെ കോവിഡ്

അതിനിടെ കോവിഡിന്റെ വ്യാപനവും സംസ്ഥാനത്തിന് തിരിച്ചടിയാവുകയാണ്. ധനമന്ത്രി ഡോ. തോമസ് ഐസകും വ്യവസായ മന്ത്രി ഇ പി ജയരാജനും കോവിഡ് പോസിറ്റീവായി. നഗര ഗ്രാമീണ ഭേദമില്ലാതെ രോഗം പകരുന്നുമുണ്ട്. കോവിഡ് പരിശോധനകള്‍ കൂടുന്തോറും എണ്ണം കൂടുന്നു. കേരളത്തിലെ യഥാര്‍ത്ഥ രോഗികള്‍, ഔദ്യോഗിക കണക്കിലേതിനേക്കാള്‍ കൂടുതലുണ്ടെന്ന അനുമാനവും ശക്തമാണ്.

അതോടൊപ്പം കോവിഡ് മരണത്തിലും വര്‍ധനയുണ്ട്. കോവിഡിനെ നിയന്ത്രണത്തിന്റെ പേരില്‍ ആഗോള ശ്രദ്ധ നേടിയ കേരളത്തിന് ആ മേല്‍ക്കൈ ഇപ്പോള്‍ നഷ്ടമായ സ്ഥിതിയാണ്.

മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും സര്‍ക്കാര്‍ ജീവനക്കാരുമെല്ലാം സ്വന്തം ആരോഗ്യത്തിന് മുന്‍തൂക്കം നല്‍കുമ്പോള്‍ എല്ലാ കാര്യങ്ങളും മെല്ലപ്പോക്കിലാകുന്നത് സ്വാഭാവികം. സര്‍ക്കാര്‍ കാര്യങ്ങള്‍ മുറപോലെ എന്ന ചൊല്ല് ഇവിടെ പണ്ടേയുണ്ട്. ഇപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമായെന്നുമാത്രം.

അതിനിടെ ദിവസങ്ങളായി തുടരുന്ന കനത്ത മഴയും നിലവില്‍ നടക്കുന്ന പശ്ചാത്തല സൗകര്യ പദ്ധതികളുടെ പുരോഗതിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഒരു വശത്ത് കോവിഡും മറുവശത്ത് മഴയും കടലേറ്റവും നിലനില്‍ക്കുമ്പോള്‍ സാധാരണക്കാരും ആശങ്കയിലാണ്.

അതിനിടെ കോവിഡിന്റെ പശ്ചാത്തലത്തില്‍ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളുമെല്ലാം നല്‍കിയിരുന്ന ഇളവുകളും ഇല്ലാതാവുകയാണ്. ജനജീവിതം സാധാരണ നിലയിലാക്കാനും അങ്ങനെ ആക്കാന്‍ ശ്രമിക്കുമ്പോഴുള്ള പ്രശ്‌നങ്ങള്‍ അതിവേഗം ഇല്ലായ്മ ചെയ്യാനും സര്‍ക്കാര്‍ സംവിധാനങ്ങളും ഉദ്യോഗസ്ഥരുമെല്ലാം ഉണര്‍ന്നുപ്രവര്‍ത്തിക്കേണ്ട സാഹചര്യത്തില്‍ കേരളം വിവാദങ്ങളിലും മെല്ലെപ്പോക്കിലും കുടങ്ങിക്കിടക്കുന്നതിന്റെ പ്രത്യാഘാതം അതിരൂക്ഷമായിരിക്കും.  

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

LEAVE A REPLY

Please enter your comment!
Please enter your name here