കോവിഡ് 19 ആശ്വാസമാകുമോ കേരള സര്‍ക്കാരിന്റെ ഉത്തേജകപാക്കേജ്?

കോവിഡ് 19 ആശ്വാസമാകുമോ കേരള സര്‍ക്കാരിന്റെ ഉത്തേജകപാക്കേജ്?
Published on

പൊതു ഗതാഗതം മുതല്‍ നിര്‍മാണ മേഖല വരെ നിശ്ചലമായി കൊണ്ടിരിക്കുകയാണ്. കോടിക്കണക്കിന് ആളുകളുടെ ജീവിതം പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. ഈ സമയത്ത് അതിജീവനത്തിനായി 20000 കോടി രൂപയുടെ സാമ്പത്തിക ഉത്തേജക പാക്കേജുമായി അവതരിപ്പിച്ചി രിക്കുകയാണ് കേരള സര്‍ക്കാര്‍.

കുടുംബശ്രീ വഴി 2000 കോടി വായ്പയായി വിതരണം ചെയ്യുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. അടുത്ത മാസത്തെ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ഈ മാസം തന്നെ വിതരണം ചെയ്യും. ആരോഗ്യ പാക്കേജിനായി 500 കോടി രൂപ മാറ്റിവയ്ക്കുന്നുണ്ട്. കൂടാതെ ഉപജീവന സഹായം വിതരണം ചെയ്യാന്‍ 100 കോടി രൂപ മാറ്റി വയ്ക്കും.

എ.പി.എല്‍, ബി.പി.എല്‍ വ്യത്യാസമില്ലൊ എല്ലാവര്‍ക്കും ഒരു മാസത്തെ ഭക്ഷ്യധാന്യം വിതരണം ചെയ്യും. 20 രൂപ നിരക്കില്‍ ഊണ് നല്‍കുന്ന ആയിരം ഭക്ഷണ ശാലകള്‍ ഉടനെ തുടങ്ങും. 25 രൂപ നിരക്കില്‍ ഊണ് നല്‍കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന ഭക്ഷണ ശാലകള്‍ പ്രത്യേക സാഹചര്യത്തില്‍ നേരത്തെയാക്കുകയും നിരക്കു കുറയ്ക്കുകയുമാണ്. കൊറോണ മൂലം ഒരാളും പട്ടിണികിടക്കേണ്ടി വരില്ലെന്ന് ഉറപ്പു വരുത്തുകയാണ് സര്‍ക്കാര്‍ ഇതിലൂടെ.

വയറസിനെ തുരത്താന്‍ ഒറ്റക്കെട്ടായി ജാഗ്രതയോടെ മുന്നോട്ടു പോകുമ്പോള്‍ തന്നെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പ്രഖ്യാപിച്ച 20000 കോടിയുടെ പാക്കേജ് ആശ്വാസം പകരുന്നതാണ്. എന്നാല്‍ പ്രളയം നല്‍കിയ ചില പാഠങ്ങള്‍കൊണ്ട് സാധാരണക്കാര്‍ക്ക് ഇതിന്റെ സാമ്പത്തിക സഹായം കിട്ടുന്നതിനെ സംബന്ധിച്ചുള്ള സംശയങ്ങള്‍ ശേഷിക്കുന്നുണ്ട്. കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വളരെ മോശമാണെന്നതു തന്നെയാണ് മുഖ്യ ആവലാതി.

വരുമാനമില്ലാതെ പണം എങ്ങനെ കണ്ടെത്തും?

കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സംസ്ഥാനം നേരിടുന്നത്.  ജിഎസ്ടിയില്‍ കേരളത്തിനു കിട്ടാനുള്ള തുക കൃത്യമായി ലഭിക്കുന്നില്ല. കേന്ദ്ര സര്‍ക്കാരും പ്രശ്‌നത്തിലാണ്. എവിടെ നിന്നും വരുമാനം കിട്ടാനില്ല. കോര്‍പ്പറേറ്റ് ടാക്‌സ് , ജിഎസ്ടി വരുമാനം എന്നിവയൊക്കെ കുറയുകയാണ്. അപ്പോള്‍ കേന്ദ്രത്തില്‍ നിന്ന് പ്രതീക്ഷിക്കുന്ന പോലുള്ള വിഹിതമൊന്നും ലഭിക്കാനിടയില്ല. മറ്റൊന്ന് കേരളത്തിലെ തനതായ വരുമാന മാര്‍ഗങ്ങളും അടഞ്ഞ മട്ടാണ്. പ്രവാസി വരുമാനം കുറഞ്ഞു, റീറ്റെയ്ല്‍ വിപണിയാണ് നമ്മുടേത്, കച്ചവടത്തില്‍ വലിയ ഇടിവു വന്നതോടെ അവിടെയും വരുമാനം കുറയുന്നു.

സര്‍ക്കാരിന്റെ ഇപ്പോഴത്തെ ഈ നീക്കം പോസിറ്റീവാണെങ്കില്‍ തന്നെയും വിപണിയില്‍ പണ ലഭ്യത ഉയര്‍ത്തുന്നതിന് ഇത് പര്യാപ്തമല്ലെന്നാണ് സാമ്പത്തിക നിരീക്ഷകര്‍ പറയുന്നത്.

''വിപണിയില്‍ ഇത് വലിയ മാറ്റമുണ്ടാക്കില്ല എന്നാണ് എന്റെ അഭിപ്രായം. നിലവില്‍ ഉയര്‍ന്ന ശമ്പളവും പെന്‍ഷനുമൊക്കെ വാങ്ങുന്ന സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് ചെറിയൊരു തുക വീതം പിടിച്ച് അത് സാധാരണക്കാരിലേക്ക് എത്തുന്ന വിധത്തിലുള്ള പദ്ധതികള്‍ ആവ്ഷികരിക്കുകയായിരുന്നു യഥാര്‍ത്ഥത്തില്‍ വേണ്ടത്. സര്‍ക്കാരില്‍ ജീവനക്കാരില്‍ 20 ശതമാനത്തിലധികം പേരും ഒരു ലക്ഷം രൂപയ്ക്കു മുകൡ ശമ്പളം വാങ്ങുന്നവരാണ്. അതില്‍ ഒരു പത്ത് ശതമാനം കുറവോ മറ്റോ വരുത്തി ആ തുക കൂടി ക്ഷേമ പെന്‍ഷനുകള്‍ക്കായും മറ്റും വിനിയോഗിച്ചാല്‍ എളുപ്പത്തില്‍ വിപണിയില്‍ പണ ലഭ്യത ഉയര്‍ത്താനാകും. മള്‍ട്ടിനാഷണല്‍ കമ്പനികള്‍ പോലും ശമ്പളം കുറയ്ക്കുന്ന സാഹചര്യത്തില്‍ ഇത് ചെയ്യുന്നതിലൂടെ വന്‍ തോതിലുള്ള ഇംപാക്ട് ഉണ്ടാക്കാനാകുമായിരുന്നു. പകരം സര്‍ക്കാര്‍ കടമെടുത്താണ് 20000 കോടി രൂപ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.'' ജോസ് സെബാസ്റ്റിയന്‍ ചൂണ്ടിക്കാട്ടുന്നു.

ബിവറേജസില്‍ നിന്നുള്ള വരുമാനമാണ് ഇപ്പോള്‍ സര്‍ക്കാരിന് ആകെ ലഭിക്കുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ ലെവുകള്‍ക്കുള്ള പണം പോലും ഇതിലൂടെ ലഭിക്കുന്നില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കണം, മറ്റ് ക്ഷേമ പെന്‍ഷനുകള്‍ നല്‍കണം. ഇതിനൊക്കെയും വരുമാനം വേണം. കിഫ്ബി വഴിയുള്ള പദ്ധതികള്‍ മാത്രമാണ് നടക്കുന്നത്. കരാറുകാര്‍ക്ക് പണം നല്‍കാന്‍ തന്നെ ബുദ്ധിമുട്ടുന്ന സാഹര്യമാണ് നിലനില്‍ക്കുന്നത്. കേരളത്തിന് കടമെടുക്കാനുള്ള പരിധിയാണെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിയിട്ടുമില്ല.

ഈ യാഥാര്‍ത്ഥ്യങ്ങള്‍ നിലനില്‍ക്കുമ്പോള്‍ എങ്ങനെ ഫണ്ടു കണ്ടെത്തും എന്നുള്ളതാണ് ഒരു പ്രശ്‌നം. തനതു വരുമാനം കണ്ടെത്താനുള്ള വഴികള്‍ ചുരുങ്ങുകയും പ്രവാസി പണം ഇനിയും കുറയുമെന്നതുമൊക്കെ സര്‍ക്കാരിനെ വലയ്ക്കുന്ന കാര്യങ്ങളാണ്. ഈ അവസ്ഥയില്‍ സാമ്പത്തിക പാക്കേജ് വഴിയുണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യതയെ സര്‍ക്കാര്‍ എങ്ങനെ നേരിടുമെന്നതാണ് കേരളം ഉറ്റു നോക്കുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com