ലോക്ഡൗണില്‍ ലാഭക്കുതിപ്പു നേടി പാര്‍ലെ ജി ബിസ്‌ക്കറ്റ്

ലോക്ഡൗണില്‍ രാജ്യത്തെ എല്ലാ ബിസിനസ് രംഗവും തകര്‍ച്ച നേരിട്ടപ്പോള്‍ റെക്കോര്‍ഡ് ലാഭക്കുതിപ്പ് രേഖപ്പെടുത്തി പാര്‍ലെ ജി ബിസ്‌ക്കറ്റ് കമ്പനി.തങ്ങളുടെ ഇതുവരെയുള്ള ഏറ്റവും വലിയ വിറ്റുവരവ് ഈ ലോക്ഡൗണില്‍ സ്വന്തമാക്കിയെന്ന് കമ്പനി പറയുന്നു.
രാജ്യം നട്ടം തിരിയവേ കമ്പനി ഇക്കാലത്തു നേടിയ വളര്‍ച്ചയുടെ 90 ശതമാനം വിഹിതവും പാര്‍ലെ ജിയുടെ വില്പനയിലൂടെയാണെന്ന് കമ്പനി പറയുന്നു. കഴിഞ്ഞ 24 മാസമായി ഗ്രാമീണമേഖലയില്‍ വിതരണശൃംഖല ശക്തമാക്കാന്‍ കമ്പനി ശ്രമിച്ചത് പിന്നീടുവന്ന ലോക്ഡൗണ്‍ കാലയളവില്‍ ഗുണകരമായതായി പാര്‍ലെ പ്രൊഡക്ട്സിന്റെ കാറ്റഗറി വിഭാഗം തലവനായ മയാങ്ക് ഷാ പറഞ്ഞു.
വില്‍പ്പന സംബന്ധിച്ച യഥാര്‍ത്ഥ കണക്ക് കമ്പനി പുറത്തുവിട്ടിട്ടില്ലെങ്കിലും പണപ്പെരുപ്പത്തിന്റെ കണക്കു കൂടി ചേര്‍ക്കുന്ന പക്ഷം 80 വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ വിറ്റുവരവാണ് മാര്‍ച്ച്, ഏപ്രില്‍ മെയ് മാസങ്ങളിലായി കമ്പനി സ്വന്തമാക്കിയത്. വിപണി വിഹിതത്തില്‍ അഞ്ചു ശതമാനം വര്‍ധന ഇക്കാലത്ത് കമ്പനി രേഖപ്പെടുത്തി.
'വര്‍ക്ക് ഫ്രം ഹോം' ആയും അല്ലാതെയും വീട്ടിലിരുന്നവര്‍ ഭക്ഷണ സാമഗ്രികളുടെ കൂട്ടത്തില്‍ പാര്‍ലെ ജി സംഭരിച്ചു. ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ ചാക്കുകണക്കിനാണ് വിതരണം ചെയ്തത്.ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ കുടിയേറ്റ തൊഴിലാളികള്‍ നാട് ലക്ഷ്യമാക്കി നീങ്ങിയപ്പോള്‍ കയ്യില്‍ കരുതിയത് പാര്‍ലെ ജിയുടെ അഞ്ചു രൂപാ പാക്കറ്റുകള്‍.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline