യൂറോപ്പ് വലയുന്നു; പണപ്പെരുപ്പം 10 ശതമാനം

യൂറോ സോണിലെ പണപ്പെരുപ്പം (Eurozone inflation) വീണ്ടും റെക്കോര്‍ഡ് ഉയരത്തില്‍. സെപ്റ്റംബറില്‍ പണപ്പെരുപ്പം 10 ശതമാനത്തിലെത്തി. ഓഗസ്റ്റില്‍ 9.1 ശതമാനം ആയിരുന്നു മേഖലയിലെ പണപ്പെരുപ്പം. 19 രാജ്യങ്ങളാണ് യൂറോ സോണിലുള്ളത്. യൂറോപ്യന്‍ യൂണിയനിലുള്ള, യുറോ ഔദ്യോഗിക കറന്‍സിയായി അംഗീകരിച്ച രാജ്യങ്ങളാണ് യൂറോ സോണ്‍ എന്നറിയപ്പെടുന്നത്.

സെപ്റ്റംബറില്‍ പണപ്പെരുപ്പം 9.7ല്‍ എത്തുമെന്നായിരുന്നു യൂറോസ്റ്റാറ്റിന്റെ പ്രവചനം. എന്നാല്‍ ഭക്ഷ്യ, ഊര്‍ജ്ജ വിലയിലുണ്ടായ വര്‍ധനവാണ് പണപ്പെരുപ്പത്തിന്റെ തോത് ഉയര്‍ത്തിയത്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ വെറും 3.4 ശതമാനം മാത്രമായിരുന്നു പണപ്പെരുപ്പം. 2022 ജനുവരിയില്‍ യൂറോ സോണിലെ പണപ്പെരുപ്പം വെറും 5.1 ശതമാനം ആയിരുന്നു.

ഊര്‍ജ്ജ വില 40.8 ശതമാനത്തോളവും ഭക്ഷണത്തിന്റെയും മദ്യത്തിന്റെയും വില 11.8 ശതമാനവും ആണ് ഉയര്‍ന്നത്. വിലവര്‍ധനവിനെ പിടിച്ചുനിര്‍ത്താന്‍ യൂറോപ്യന്‍ കേന്ദ്രബാങ്ക് പലിശ നിരക്ക് ഉയര്‍ത്തുകയാണ്. ഒക്ടോബറില്‍ അടിസ്ഥാന പലിശ നിരക്കില്‍ .75 ശതമാനത്തിന്റെ വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്.

2 ശതമാനമാണ് സമ്പദ് വ്യവസ്ഥയ്ക്ക് അനുകൂലമായി യൂറോപ്യന്‍ കേന്ദ്രബാങ്ക് കരുതുന്ന പണപ്പെരുപ്പം. മേഖലയിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായ ജര്‍മനി 70 വര്‍ഷത്തിനിയിലെ ഏറ്റവും ഉയര്‍ന്ന വിലക്കയറ്റമാണ് നേരിടുന്നത്. ഓഗസ്റ്റിലെ 8.8 ശതമാനത്തില്‍ നിന്ന് രാജ്യത്തെ പണപ്പെരുപ്പം സെപ്റ്റംബറില്‍ 10.9 ശതമാനത്തില്‍ എത്തിയിരുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it