Explained: രൂപയുടെ മൂല്യവും ധനമന്ത്രിയുടെ പ്രസ്താവനയും

ഒക്ടോബര്‍ 16ന് വാഷിംഗ്ടണ്ണില്‍ വച്ച് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യയുടെ ധനമന്ത്രി നിര്‍മലാ സീതാരാമന്‍, രൂപയുടെ മൂല്യം ഇടിയുന്നതിനെ പറ്റി ഒരു വിലയരുത്തല്‍ നടത്തുകയുണ്ടായി. രൂപയുടെ മൂല്യം ഇടിയുന്നതല്ല, ഡോളര്‍ ശക്തിപ്പെടുകയാണ് എന്ന രീതിയിലാണ് ഇതിനെ കാണുന്നതെന്നാണ് ധനമന്ത്രി പറഞ്ഞത്. സാങ്കേതിക വശങ്ങളെക്കുറിച്ചല്ല (Technicalities) താന്‍ സംസാരിക്കുന്നതെന്നും മറ്റ് വികസ്വര രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യന്‍ രൂപ മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവെയ്ക്കുന്നതെന്നുമാണ് ധനമന്ത്രി പറഞ്ഞത്.

ഇതിനെ തുടര്‍ന്ന് സമൂഹ മാധ്യമങ്ങളില്‍ നിര്‍മലാ സീതാരാമന്റെ പ്രസ്താവനയ്ക്കെതിരെ നിരവധി ട്രോളുകള്‍ വന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ ധനമന്ത്രിയുടെ പ്രസ്താവനയിലെ യാഥാര്‍ത്യങ്ങള്‍, രൂപയുടെ മൂല്യം നിശ്ചയിക്കപ്പെടുന്ന രീതി, രൂപയുടെ ഏറ്റക്കുറച്ചിലുകള്‍ സമ്പദ്വ്യവസ്ഥയെ എങ്ങനെ ബാധിക്കും തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കുകയാണ് ഇവിടെ.

രൂപയുടെ മൂല്യവും സമ്പദ് വ്യവസ്ഥയും

പൊതുവെ കറന്‍സികളുടെ മൂല്യം തീരുമാനിക്കുന്നത് രണ്ട് രീതിയിലാണ്. ഫിക്സഡ് എക്സ്ചേഞ്ച് റേറ്റ്, ഫ്ലോട്ടിംഗ് എക്സ്ചേഞ്ച് റേറ്റ് എന്നിവയാണ് ഈ രണ്ട് രീതികള്‍. ഫിക്സഡ് എക്സ്ചേഞ്ച് റേറ്റ് രീതി പിന്തുടരുന്ന ഒരു രാജ്യത്തിന് ഉദാഹരണമാണ് ബഹ്റൈന്‍. 2018 മുതല്‍ ഒരു യുഎസ് ഡോളറിന്റെ മൂല്യം 0.38 ബഹ്റൈന്‍ ദിനാര്‍ ആണ്. ബഹ്റൈന്‍ സര്‍ക്കാര്‍ വിചാരിച്ചാല്‍ മാത്രമേ ഈ എക്സ്ചേഞ്ച് റേറ്റ് മാറ്റാന്‍ സാധിക്കു. അതേ സമയം ഇന്ത്യ പിന്തുടരുന്നത് ഫ്ലോട്ടിംഗ് എക്സ്ചേഞ്ച് റേറ്റാണ്. അതായത് അന്താരാഷ്ട്ര വിപണിയിലെ (Forex) ഡിമാന്‍ഡ് ആണ് ഡോളര്‍ ഉള്‍പ്പടെയുള്ള മറ്റ് കറന്‍സികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം തീരുമാനിക്കുന്നത്.

എന്നാല്‍ ഒരു പരിധിയിലപ്പുറം രൂപയുടെ മൂല്യം ഇടിയാതിരിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇടപെടാറുണ്ട്. ഇന്ത്യന്‍ രൂപയ്ക്ക് ആവശ്യക്കാര്‍ കൂടുതലാണെങ്കില്‍ മൂല്യവും വര്‍ധിക്കും. നിലവില്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം തുടര്‍ച്ചയായി ഇടിയുകയാണ്. മൂല്യം ഇടിയുന്നതിലേക്ക് നയിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് മനസിലാക്കിയാല്‍ എങ്ങനെയാണ് ഫ്ലോട്ടിംഗ് എക്സ്ചേഞ്ച് റേറ്റ് പ്രവര്‍ത്തിക്കുന്നതെന്ന് നിങ്ങള്‍ക്ക് വ്യക്തമാവും. ഇന്ത്യ വ്യാപാരക്കമ്മിയുള്ള ഒരു രാജ്യമാണ്. അതായത് നമ്മുടെ രാജ്യത്തിന്റെ ഇറക്കുമതി അതിന്റെ കയറ്റുമതിയെക്കാള്‍ ഒരുപാട് കൂടുതലാണ്. 2022 ഏപ്രില്‍-ഓഗസ്റ്റ് കാലയളവില്‍ ഈ വ്യാപാര കമ്മി 124.52 ബില്യണ്‍ ഡോളര്‍ ആയിരുന്നു.

ഇറക്കുമതി കൂടുന്നതിന് അനുസരിച്ച് അന്താരാഷ്ട്ര വ്യാപാരത്തിന് കൂടുതല്‍ യുഎസ് ഡോളര്‍ ആവശ്യമായി വരും. ഇത് സ്വാഭാവികമായും ഡോളറിന്റെ ഡിമാന്‍ഡ് ഉയര്‍ത്തും. ലോക രാജ്യങ്ങളൊക്കെ അന്താരാഷ്ട്ര വ്യാപാരത്തിനായി ഡോളര്‍ ഉപയോഗിക്കുന്നത് കൊണ്ട് തന്നെ ഡിമാന്‍ഡ് അത്രത്തോളം ഉണ്ട്. യുക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് ആഗോള തലത്തില്‍ സാധന സേവനങ്ങളുടെ വില ഉയരുന്നത് കൊണ്ട് ഇന്ത്യയുടെ ഇറക്കുമതിച്ചിലവ് നാള്‍ക്കുനാള്‍ ഉയരുകയാണ്. അതിനര്‍ത്ഥം കൂടുതല്‍ ഡോളര്‍ വ്യാപാരത്തിന് ആവശ്യമാണെന്നതാണ്.

ഇന്ത്യയിലേക്ക് ഡോളര്‍ എത്തുന്നത് വ്യാപാരത്തിലൂടെയും വിദേശ നിക്ഷേപങ്ങളിലൂടെയും ആണ്. യുഎസ് കേന്ദ്രബാങ്കായ ഫെഡ് റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തുന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. പലിശ നിരക്ക് ഉയരുന്നത് നിക്ഷേപങ്ങളെ ബാധിക്കും. ഡോളറിന് ലഭിക്കുന്ന പലിശയെ ആശ്രയിച്ച് ഇന്ത്യയില്‍ നിന്ന് നിക്ഷേപങ്ങള്‍ പിന്‍വലിക്കപ്പെടുമ്പോള്‍ സ്വാഭാവികമായും ലഭ്യമായ ഡോളറിന്റെ അളവ് കുറയും. ലഭ്യത കുറയുന്നതോടെ ഡോളറിന്റെ വില ഉയരു. സ്വാഭാവികമായും ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയും. രൂപയുടെ വില ഇടിയുമ്പോള്‍ ഇറക്കുമതിച്ചെലവ് ഉയരുകയും അത് സാധനങ്ങളുടെ വില ഉയരാന്‍ കാരണമാവുകയും ചെയ്യും.

ധനമന്ത്രിയെ ട്രോളേണ്ട ആവശ്യമുണ്ടോ ?

രൂപയുടെ മൂല്യം ഇടിയുന്നതല്ല, ഡോളര്‍ ശക്തിപ്പെടുകയാണ് എന്ന രീതിയില്‍ ഇപ്പോഴത്തെ സാഹചര്യത്തെ ന്യായീകരിക്കാനാണ് ധനമന്ത്രി ശ്രമിച്ചത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ വാങ്ങല്‍ ശേഷി (purchasing power parity) ഇടിയുകയാണ്. ഡോളറിന്റെ ആധിപത്യം തുടരുന്നതുവരെ നിര്‍മലാ സീതാരാമന്റെ ന്യായീകരണങ്ങളില്‍ പ്രസക്തിയില്ല. ഡോളര്‍ ശക്തിപ്പെടുമ്പോള്‍ രാജ്യത്ത് നിന്ന് വിദേശ നിക്ഷേപങ്ങള്‍ പിന്‍വലിക്കപ്പെടുന്നതും പണപ്പെരുപ്പത്തെ നിയന്ത്രിക്കാനാവാത്തതും സമ്പദ്‌വ്യവസ്ഥയുടെ പോരായ്മയെ തന്നെയാണ് തുറന്നുകാട്ടുന്നത്.

റഷ്യ-യുക്രെയ്ന്‍ യുദ്ധം, ആഗോളതലത്തില്‍ കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്ക് ഉയര്‍ത്തുന്നത് തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ പ്രശ്‌നമല്ലെന്ന് വാദിക്കാം. പക്ഷെ അത് കഴിഞ്ഞ ദിവസം, ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് തോറ്റപ്പോള്‍ നിര്‍മലാ സീതാരാമന്റെ മീമില്‍ വന്ന 'ബ്ലാസ്റ്റേഴ്‌സ് തോറ്റതല്ല , എടികെ മൂന്ന് ഗോള്‍ കൂടുതലടിച്ചതാണ്' എന്ന ട്രോള്‍ പോലെ ആവും. മറ്റ് വികസ്വര രാജ്യങ്ങളിലെ കറന്‍സിയെക്കാള്‍ ഇന്ത്യന്‍ രൂപയുടെ പ്രകടനം മെച്ചമാണെന്നാണ് ധനമന്ത്രി പറഞ്ഞത്. ഇത് യാഥാര്‍ത്യമാണ്. എന്നാല്‍ അത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മെച്ചപ്പെട്ടത് കൊണ്ടല്ല. രൂപ ഇടിയുന്നത് പോലെ മറ്റ് കറന്‍സികളുടെ വിലയും ഡോളറിനെതിരെ കുറയുന്നത് കൊണ്ടാണ്.

2022 തുടങ്ങിയ ശേഷം ഇന്ത്യന്‍ രൂപ ഡോളറിനെതിരെ 9.7 ശതമാനം ആണ് ഇടിഞ്ഞത്. അതേ സമയം രൂപ, ബ്രിട്ടീഷ് പൗണ്ടിനെതിരെ 8.5 ശതമാനവും യൂറോയ്ക്കെതിരെ 5.1 ശതമാനവും നേട്ടം ഉണ്ടാക്കി. അതാത് രാജ്യങ്ങളിലെ സമ്പദ് വ്യവസ്ഥ നേരിട്ട തിരിച്ചടി കൊണ്ട് ആഭ്യന്തര കറന്‍സികളുടെ മൂല്യം ഡോളറിനെതിരെ ഇടിഞ്ഞിട്ടുണ്ട്. ഡോളര്‍ ഇന്‍ഡക്സിലുള്ള യൂറോ, ജാപ്പനീസ് യെന്‍, കനേഡിയന്‍ ഡോളര്‍, കനേഡിയന്‍ ഡോളര്‍, ബ്രിട്ടീഷ് പൗണ്ട്, സ്വീഡിഷ് ക്രോണ, സ്വിസ് ഫ്രാങ്ക് എന്നീ കറന്‍സികള്‍ക്കെതിരെയും ഡോളറിന്റെ മൂല്യം ഉയരുകയാണ്.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്കുള്ളില്‍ ഉണ്ടാവുന്ന പ്രശ്നങ്ങളല്ല ഇപ്പോഴുള്ള രൂപയുടെ മൂല്യം ഇടിയുന്നതിനുള്ള കാരണം എന്ന് പറഞ്ഞുവെയ്ക്കാനുള്ള ശ്രമമായി മാത്രമെ ധനമന്ത്രിയുടെ പ്രസ്താവനയെ വിലയിരുത്താന്‍ സാധിക്കു. രൂപ അതിന്റെ നില സ്വയം കണ്ടെത്തുമെന്നാണ് ധനമന്ത്രി അഭിപ്രായപ്പെട്ടത്. ഒരു നിശ്ചിത എക്സ്ചേഞ്ച് റേറ്റിനെ കുറിച്ച് ആലോചിക്കുന്നില്ലെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസും വ്യക്തമാക്കിയിരുന്നു. അതേ സമയം രൂപയുടെ മൂല്യം പിടിച്ചു നിര്‍ത്താന്‍ ആര്‍ബിഐ 75 ബില്യണ്‍ ഡോളറോളം ആണ് ചെലവഴിച്ചത്. ആര്‍ബിഐയുടെ ഈ ഇടപെടലാണ് രൂപയെ ഒരു പരിധിവരെ പിടിച്ചു നിര്‍ത്തിയത്.

ഒരു ഡോളറിന് 82 രൂപയ്ക്ക് മുകളിലാണ് വില. സെപ്റ്റംബര്‍ 16ലെ കണക്ക് അനുസരിച്ച് 545.65 ബില്യണ്‍ ഡോളറാണ് രാജ്യത്തിന്റെ വിദേശ നാണ്യ ശേഖരം. 2022 ഫെബ്രുവരി 25നെ അപേക്ഷിച്ച് 85.88 ബില്യണിന്റെ ഇടിവാണ് ശേഖരത്തില്‍ ഉണ്ടായത്. നിലവില്‍ 9 മാസത്തെ ഇറക്കുമതിക്കുള്ള പണമാണ് സര്‍ക്കാരിന്റെ കൈയ്യിലുള്ളത്. ആഗോളതലത്തില്‍ സാമ്പത്തിക മാന്ദ്യം ഉണ്ടാകാനുള്ള സാധ്യത പലരും പ്രവചിച്ച് കഴിഞ്ഞു. ഈ പശ്ചാത്തലത്തില്‍ നിലവിലെ സാഹചര്യങ്ങള്‍ തുടര്‍ന്നാല്‍ രൂപയുടെ വില ഇനിയും ഇടിയാനാണ് സാധ്യത. ഇന്ത്യയുടെ ജിഡിപി വളര്‍ച്ച കുറയുമെന്ന് ഐഎംഎഫ് അടക്കമുള്ളവര്‍ വിലയിരുത്തിയിട്ടുണ്ട്. ഉല്‍പ്പാദനം ഇടിയുന്നത് നിക്ഷേപത്തെയും കയറ്റുമതി വരുമാനത്തെയും ബാധിക്കും. അതിന്റെ ആഘാതം രൂപയുടെ മൂല്യത്തിലും വിദേശ നാണ്യ ശേഖരത്തിലും പ്രതിഫലിക്കും. ധനമന്ത്രി പറയും പോലെ ഡോളര്‍ ശക്തിപ്പെടുന്നത് മാത്രമല്ല ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ തളര്‍ച്ചയും രൂപയ്ക്ക് തിരിച്ചടിയാവും.

Amal S
Amal S  

Sub Editor

Related Articles

Next Story

Videos

Share it