വളര്‍ച്ചയെ കുറിച്ചുള്ളത് തെറ്റായ ശുഭാപ്തിവിശ്വാസമോ?

ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടേറിയ മാസങ്ങളാണ് വരാനിരിക്കുന്നത്. ആഗോള മാന്ദ്യത്തിന്റെ ആഘാതം ഇന്ത്യയെയും സാരമായി ബാധിക്കുമെന്ന തോന്നല്‍ വളര്‍ന്നു വരുന്നുണ്ട്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചാ സാധ്യതകളെ കുറിച്ച് രാജ്യത്തെ നയരൂപീകരണ വിദഗ്ധരും ഏജന്‍സികളും കാട്ടുന്ന ശുഭാപ്തിവിശ്വാസം യഥാര്‍ത്ഥ്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതല്ല. വിവിധ ഏജന്‍സികള്‍ നടത്തിയ ആശാവഹമായ പ്രവചനങ്ങളില്‍ നിന്ന് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കുത്തനെ കുറയുമെന്നാണ് സൂചനകള്‍.

ഏറ്റവുമൊടുവില്‍ 2022 ലെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് പ്രവചനം വെട്ടിക്കുറച്ചിരിക്കുന്നത് ഐഎംഎഫ് (IMF) ആണ്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ജിഡിപി വളര്‍ച്ചാ നിരക്ക് നേരത്തേ പ്രവചിച്ച 7.4 ശതമാനത്തില്‍ നിന്ന് 6.8 ശതമാനമായി അവര്‍ കുറച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം (2021-22) ഇന്ത്യയുടെ വളര്‍ച്ച 8.7 ശതമാനമായിരുന്നു.

2023 ല്‍ ആഗോള സമ്പദ് വ്യവസ്ഥയുടെ മൂന്നിലൊന്ന് ഭാഗം ചുരുങ്ങുമെന്നും മൂന്ന് വലിയ സമ്പദ് വ്യവസ്ഥകളായ യുഎസ്, യൂറോപ്യന്‍ യൂണിയന്‍, ചൈന എന്നിവ വലിയ സമ്മര്‍ദ്ദം നേരിടുമെന്നും ഐഎംഎഫ് പറയുന്നു. 'ഏറ്റവും മോശമായത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ', ഒരു വക്താവ് പറയുന്നു.

2022 ലെ ചൈനയുടെ വളര്‍ച്ചാ നിരക്ക് പ്രവചിച്ചിരിക്കുന്നത് 3.2 ശതമാനം ആണെന്നതില്‍ നിന്നു തന്നെ ആഘാതത്തിന്റെ വ്യാപ്തി മനസ്സിലാക്കാം. 2021 ല്‍ 8.1 ശതമാനമായിരുന്നു വളര്‍ച്ചാ നിരക്ക്.

ആഗോള ചരക്ക് വ്യാപാരത്തിന്റെ അളവിലുണ്ടാകുന്ന വര്‍ധനയില്‍ 2022 ല്‍ ഒരു ശതമാനമായി മാറുമെന്ന് ലോക വ്യാപാര സംഘടന കണക്കുകൂട്ടുന്നു. ഏപ്രിലില്‍ പ്രവചിച്ചിരുന്ന 3 ശതമാനത്തില്‍ നിന്ന് ഇടിഞ്ഞിരിക്കുന്നു. ആഗോളതലത്തില്‍ ഡിമാന്‍ഡില്‍ ഉണ്ടായ മാന്ദ്യത്തിന്റെ ആഘാതം ഇന്ത്യന്‍ കയറ്റുമതിക്കാര്‍ ഇപ്പോള്‍ തന്നെ അഭിമുഖീകരിക്കുന്നുണ്ട്.

രാജ്യത്ത് വലിയ തോതില്‍ തൊഴിലവസരങ്ങള്‍ നല്‍കുന്ന വസ്ത്രങ്ങളുടെയും മറ്റു തുണിത്തരങ്ങളുടെയും എന്‍ജിനീയറിംഗ് ഉല്‍പ്പന്നങ്ങളുടെയും കയറ്റുമതിയില്‍ ഉണ്ടായിരിക്കുന്ന ഇടിവ് വലിയ ആശങ്ക ഉയര്‍ത്തുന്നുണ്ട്.

ഡിമാന്‍ഡില്‍ ഉണ്ടായിരിക്കുന്ന കുറവ് മൂലം ഇന്ത്യന്‍ ഐറ്റി സേവന ദാതാക്കളും വരും മാസങ്ങളില്‍ വളര്‍ച്ചാ മുരടിപ്പും ലാഭത്തില്‍ സമ്മര്‍ദ്ദവും പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

യൂറോപ്യന്‍ നാണയം ദുര്‍ബലമാകുന്നതും തൊഴിലാളികള്‍ക്കായി കൂടുതല്‍ ചെലവിടേണ്ടി വരുന്നതും പ്രധാന ക്ലയന്റുകളുടെ വരുമാന വര്‍ധനയിലെ പ്രശ്‌നങ്ങളും ജീവനക്കാര്‍ ഓഫീസുകളിലേക്ക് തിരികെയെത്തുന്നതിലെ വെല്ലുവിളികളുമെല്ലാം ഐറ്റി കമ്പനികളുടെ വരുമാനത്തെ ബാധിക്കാന്‍ സാധ്യതയുണ്ട്.

ഇന്ത്യയുടെ വളര്‍ച്ചയുടെ വഴിയില്‍ അസ്വസ്ഥത സൃഷ്ടിക്കുന്ന മറ്റു ചില കാര്യങ്ങള്‍ ഇവയാണ്;

* യുക്രൈന്‍ യുദ്ധം മൂലം ഉണ്ടായ സാമ്പത്തിക, അടിസ്ഥാന സൗകര്യ മേഖലകളില്‍ ഉണ്ടായിരിക്കുന്ന പ്രശ്‌നങ്ങള്‍

* മിക്ക സമ്പദ് വ്യവസ്ഥകളിലും വര്‍ധിച്ചു വരുന്ന പണപ്പെരുപ്പ സമ്മര്‍ദ്ദം

* തുടര്‍ച്ചയായുള്ള കോവിഡ് പകര്‍ച്ചവ്യാധിയും അതിനെ തുടര്‍ന്നുള്ള സീറോ കോവിഡ് നയവും മൂലമുള്ള ചൈനയിലെ മാന്ദ്യം.

* യൂറോപ്പിലുടനീളമുള്ള കടുത്ത ഊര്‍ജ പ്രതിസന്ധി ജീവിത ചെലവ് കുത്തനെ കൂട്ടുകയുംയും സാമ്പത്തിക പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും ചെയ്യുന്നു.

* പ്രധാന കേന്ദ്ര ബാങ്കുകള്‍ പിന്തുടരുന്ന കടുത്ത ധനനിയന്ത്രണം. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായുള്ള ഫെഡറല്‍ നിരക്ക് വര്‍ധന ലക്ഷ്യം കൈവരിക്കുന്നതു വരെ വരും മാസങ്ങളിലും തുടര്‍ന്നേക്കുമെന്നാണ് സൂചനകള്‍.

ഇക്കാര്യങ്ങള്‍ ഇന്ത്യന്‍ നാണയത്തെയും ഓഹരി വിപണിയെയും പ്രതികൂലമായി ബാധിച്ചു. രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടായി. ഒരു യു എസ് ഡോളറിന് 82.72 രൂപയെന്ന റെക്കോര്‍ഡ് താഴ്ചയിലേക്ക് എത്തി. വലിയ വില നല്‍കിയാണ് ഈ നിരക്കിലെങ്കിലും രൂപയെ നിലനിര്‍ത്തുന്നത്. വന്യമായ ഏറ്റക്കുറച്ചിലുകള്‍ കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഏകദേശം 100 ശതകോടി ഡോളറോളമാണ് ചെലവിട്ടത്.

രൂപയുടെ വിലത്തകര്‍ച്ചയുടെ ഫലമായി നിക്ഷേപങ്ങള്‍ വന്‍തോതില്‍ പുറത്തേക്ക് ഒഴുകുന്നതിനാല്‍ ഓഹരി വിലകളില്‍ ഇനിയും ഇടിവുണ്ടാകാന്‍ സാധ്യതയുണ്ട്.

ഇതെല്ലാം സൂചിപ്പിക്കുന്നത് ഇന്ത്യ വളരെയേറെ ജാഗ്രത കാട്ടേണ്ടതുണ്ടെന്നും വളര്‍ച്ചയുടെ പാതയില്‍ ഏറെ തടസ്സങ്ങള്‍ നേരിടേണ്ടി വരുമെന്നുമാണ്.

Related Articles
Next Story
Videos
Share it