ക്രൂഡ് വില കുതിച്ചുപാഞ്ഞിട്ടും അനക്കമില്ലാതെ രാജ്യത്തെ ഇന്ധനവില; യുപിയിലെ ഈ കണക്കും കാരണമാകാം

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ പിന്നെ രാജ്യത്തെ ജനങ്ങള്‍ക്ക് ആശ്വസിക്കാം. അടിക്കടി പെട്രോള്‍, ഡീസല്‍ വില വര്‍ധനയുണ്ടാവില്ല. ക്രൂഡ് വില രാജ്യാന്തര വിപണിയില്‍ ബാരലിന് 100 ഡോളര്‍ തൊടാനായി കുതിക്കുമ്പോഴും രാജ്യത്തെ ഇന്ധനവിലയില്‍ വലിയ അനക്കമില്ല. ബ്രെന്റ് ബാരലിന് 75 ഡോളര്‍ ഉള്ളപ്പോള്‍, 2021 നവംബറിലാണ് അവസാനമായി രാജ്യത്തെ പെട്രോള്‍, ഡീസല്‍ വില പരിഷ്‌കരിച്ചത്. അതിനുശേഷം ഏതാണ്ട് 25 ശതമാനത്തോളം ക്രൂഡ് വില രാജ്യാന്തര വിപണിയില്‍ ഉയര്‍ന്നുകഴിഞ്ഞു.

ഇത്ര ദീര്‍ഘനാള്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധനയില്ലാതെയിരിക്കുന്നത് ഏറെക്കാലത്തിന് ശേഷം ഇതാദ്യമായാണ്.

തെരഞ്ഞെടുപ്പ് കഴിയുന്നതോടെ എന്തായാലും വില വര്‍ധന വരികതന്നെ ചെയ്യും. പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് 18-20 രൂപ വരെ ഉയര്‍ന്നാലും അത്ഭുതപ്പെടാനില്ല, തലചുറ്റി വീഴരുതെന്ന മുന്നറിയിപ്പാണ് പല നിരീക്ഷകരും നല്‍കുന്നത്.

അതിനിടെ രാജ്യസഭയില്‍ ഇന്നലെ എണ്ണ, പ്രകൃതി വാതക വകുപ്പ് സഹമന്ത്രി രാമേശ്വര്‍ തെലി എഴുതി സമര്‍പ്പിച്ച മറുപടിയിലെ കണക്കുകളും ശ്രദ്ധേയമാണ്.
യുപിയില്‍ എത്ര പെട്രോള്‍ പമ്പുകള്‍?
രാജ്യത്തെ മൊത്തം പെട്രോള്‍ പമ്പുകളില്‍ 12 ശതമാനം ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശിലാണ്. സഹമന്ത്രിയുടെ മറുപടിയിലാണ് ഈ വിവരമുള്ളത്. 2022 ജനുവരി ഒന്നിലെ കണക്ക് പ്രകാരം രാജ്യത്തെ പൊതു, സ്വകാര്യമേഖലാ എണ്ണ വിതരണ കമ്പനികള്‍ക്ക് മൊത്തം 81,099 റീറ്റെയ്ല്‍ ഔട്ട്‌ലെറ്റുകളാണുള്ളത്. യുപിയില്‍ മാത്രമുള്ളത് 9,942 പെട്രോള്‍ പമ്പുകള്‍. 7,468 എണ്ണവുമായി മഹാരാഷ്ട്രയാണ് രണ്ടാമത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it