'വി ഷേപ്പ്ഡ് ' വീണ്ടെടുക്കലിന് പരിഷ്‌കരണങ്ങള്‍ വരുന്നതായി മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്

കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക ഉത്തേജന പദ്ധതിയുടെ ഭാഗമായി ഇനി വരുന്ന പ്രഖ്യാപനങ്ങള്‍ പരിഷ്‌കരണാധിഷ്ഠിതമാകുമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍. എല്ലാ മേഖലകളിലുമായുള്ള സത്വരമായ 'വി ഷേപ്പ്ഡ് ' വീണ്ടെടുക്കലിലേക്കാണ് സമ്പദ്വ്യവസ്ഥ പ്രവേശിച്ചിരിക്കുന്നതെന്നും ഓള്‍ ഇന്ത്യ മാനേജ്മെന്റ് അസോസിയേഷന്‍ (എഐഎംഎ) സംഘടിപ്പിച്ച വെര്‍ച്വല്‍ കോണ്‍ഫറന്‍സിനെ അഭിസംബോധന ചെയ്യവേ അദ്ദേഹം പറഞ്ഞു.

ഭൂമി, തൊഴില്‍, നിയമം, പണലഭ്യത എന്നിവയുമായി ബന്ധപ്പെട്ടവയാണ് വലിയ പരിഷ്‌കാരങ്ങളുടെ പ്രധാന മേഖലകള്‍. പൊതുമേഖലാ ബാങ്കുകളിലും പരിഷ്‌കാരങ്ങള്‍ വരുമെന്ന് സുബ്രഹ്മണ്യന്‍ അറിയിച്ചു.രാജ്യം 1991 ലെ അവസ്ഥയിലാണെന്നും സമൂല പരിഷ്‌കാരങ്ങള്‍ ആവശ്യമാണെന്നും സിഇഎ പറഞ്ഞു. കോവിഡ് -19 ഇന്ത്യയെ ബാധിക്കുന്നതിനുമുമ്പുതന്നെ വായ്പ നല്‍കാന്‍ ബാങ്കുകള്‍ വിമുഖത കാണിച്ചിരുന്നു. നിലവിലെ പ്രതിസന്ധി ഘട്ടത്തിലും അത് തുടരുകയാണ്. ഉത്തേജക പാക്കേജ് വഴി ദ്രവ്യത വര്‍ദ്ധിപ്പിക്കുന്നതിലൂടെ വിതരണ രംഗത്തെ ആഘാതത്തിനു പരിഹരമാകും.

ബിസിനസുകള്‍ക്ക് വരുമാനമില്ല. പക്ഷേ, നിശ്ചിത ചെലവ് വഹിക്കേണ്ടിവരുന്നു. അവരുടെ പതിവു ചെലവിനങ്ങള്‍ വളരെയധികം കുറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എംഎസ്എംഇ വായ്പകള്‍ക്ക് സര്‍ക്കാര്‍ 100 ശതമാനം ഗ്യാരണ്ടി നല്‍കുന്നത് ബാങ്കുകളെ വായ്പ നല്‍കാന്‍ പ്രോത്സാഹിപ്പിക്കുമെന്നും എന്‍ബിഎഫ്സികള്‍ക്കുള്ള പാക്കേജ് മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ (എംഎസ്എംഇ) സഹായിക്കുമെന്നും സുബ്രഹ്മണ്യന്‍ അഭിപ്രായപ്പെട്ടു.

വിപണി സമ്പദ്വ്യവസ്ഥയില്‍ സൃഷ്ടിപരമായ മേഖലകള്‍ക്കായിരിക്കണം ഉത്തേജനം നല്‍കേണ്ടത്.കാര്യക്ഷമമല്ലാത്ത സ്ഥാപനങ്ങള്‍ നിലനില്‍ക്കണമെന്ന ശാഠ്യം മാറ്റിവയ്ക്കണം. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങള്‍ അടിസ്ഥാന തൊഴില്‍ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും കര്‍ണാടക സുപ്രധാന ഭൂപരിഷ്‌കരണം കൊണ്ടുവന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചെറുകിട, നാമമാത്ര കര്‍ഷകരുടെ വിലപേശല്‍ ശക്തി വര്‍ദ്ധിപ്പിക്കുന്നതുറപ്പാക്കാനുള്ള കാര്‍ഷിക മേഖലയിലെ പരിഷ്‌കാര നീക്കങ്ങളെക്കുറിച്ച് അദ്ദേഹം സൂചന നല്‍കി. സമ്പന്നരായ കര്‍ഷകര്‍ക്കായി ഒന്നും ചെയ്യേണ്ട ആവശ്യമില്ലെന്നും സുബ്രഹ്മണ്യന്‍ പറഞ്ഞു.

ആരോഗ്യ, പ്രതിരോധം, ടെലികോം തുടങ്ങിയ തന്ത്രപരമായ മേഖലകളെയാണ് സ്വാശ്രയത്വം ലക്ഷ്യമിടുന്നത്. രാജ്യം വാതിലുകള്‍ അടയ്ക്കുന്നില്ല. മത്സരം നില്‍ക്കുന്നതിലൂടെ അലംഭാവം വന്നുപെടും - അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി ഇന്ത്യന്‍ കമ്പനികള്‍ ഉല്‍പാദിപ്പിക്കുകയും നവീകരിക്കുകയും ചെയ്യുകയെന്നതാണ് സ്വാശ്രയത്വം കൊണ്ടുദ്ദേശിക്കുന്നത്.ജനസംഖ്യാ പിരമിഡിന്റെ അടിഭാഗത്ത് ഉല്‍പ്പന്നങ്ങളും സേവനങ്ങളും മികച്ച തോതില്‍ ലഭ്യമാകണം.ഉയര്‍ന്ന ശ്രേണിയിലെ 30 ശതമാനം പേര്‍ മാത്രമാകരുത് അതിന്റെ ഗുണഭോക്താക്കളെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അഭിപ്രായപ്പെട്ടു.

അതേസമയം, രണ്ടാം ഘട്ട പാക്കേജ് പ്രഖ്യാപനങ്ങളില്‍ ഗ്രാമീണ, നഗര മേഖലയിലെ താഴ്ന്ന വരുമാനമുളളവര്‍, കാര്‍ഷിക മേഖല എന്നിവയ്ക്കായുളള പദ്ധതികള്‍ ഉള്‍പ്പെടുമെന്നാണ് സൂചന. ചെറുകിട ബിസിനസുകള്‍, റിയല്‍ എസ്റ്റേറ്റ്, സംഘടിത മേഖലയിലെ തൊഴിലാളികള്‍ തുടങ്ങിയവയ്ക്കാണ് ആദ്യ ഘട്ട പ്രഖ്യാപനത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രാധാന്യം നല്‍കിയിരുന്നത്.

മധ്യവര്‍ഗത്തെ ലക്ഷ്യം വച്ചുള്ള ചില നികുതി ഇളവുകളും കോവിഡ് -19 ഏറ്റവും കൂടുതല്‍ ബാധിച്ച മേഖലകള്‍ക്ക് ഗുണം ചെയ്യുന്നതിനുള്ള നടപടികളും തുടര്‍ന്നുളള ഘട്ടത്തില്‍ ഉണ്ടാകുമെന്ന് ദേശീയ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. 'എംഎസ്എംഇയ്ക്കായുളളത് പ്രഖ്യാപിച്ചു. അടുത്ത ശ്രദ്ധ പാവപ്പെട്ട ഗ്രാമീണ സമ്പദ്വ്യവസ്ഥ ആയിരിക്കും. അതിനുശേഷം, മധ്യവര്‍ഗത്തിനും മറ്റ് മേഖലകള്‍ക്കുമായി ചില നടപടികള്‍ ഉണ്ടായേക്കാം - മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it