ഇന്ത്യയുടെ വളര്‍ച്ചാ നിരക്കിലെ താഴ്ച ആശങ്കാജനകമെന്ന് ഗോള്‍ഡ്മാന്‍ സാക്‌സ്

2020-2021 സാമ്പത്തിക വര്‍ഷം 1.6 ശതമാനമേ ഉണ്ടാകൂവെന്ന് ഏറ്റവും പുതിയ നിഗമനം

goldman sachs has the bleakest forecast for indian economy

ആശങ്കാജനകമാം വിധം താഴുകയാണ് ഇന്ത്യയുടെ വളര്‍ച്ചാ നിരക്കെന്ന നീരീക്ഷണവുമായി യു.എസ് നിക്ഷേപ ബാങ്ക് ഗോള്‍ഡ്മാന്‍ സാക്‌സ്. 2020-2021 സാമ്പത്തിക വര്‍ഷം വളര്‍ച്ചാ നിരക്ക് 1.6 ശതമാനമേ ഉണ്ടാകൂവെന്നാണ് ഏറ്റവും പുതിയ നിഗമനം.പതിറ്റാണ്ടുകള്‍ക്കു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോള്‍ രാജ്യമെന്നും ആഗോളാംഗീകാരമുള്ള റേറ്റിംഗ് ഏജന്‍സി ചൂണ്ടിക്കാണിക്കുന്നു.

വളര്‍ച്ചാ പ്രവചനം 3.3 ശതമാനത്തില്‍ നിന്നാണ് ഗോള്‍ഡ്മാന്‍ സാക്‌സ് വെട്ടിത്താഴ്ത്തിയിരിക്കുന്നത്. 400 ബേസിക് പോയിന്റിന്റെ കുറവാണ് ഉണ്ടാകുകയെന്ന് ഇതു സംബന്ധിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.കോവിഡ് പ്രതിസന്ധിക്കെതിരെ ശക്തമായ നയപരിപാടികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കാന്‍ രാജ്യത്തിനു കഴിയണം.ഇതുവരെയുണ്ടായ നടപടികള്‍ അപര്യാപ്തമാണെന്ന അഭിപ്രായമാണ് ഗോള്‍ഡ്മാന്‍ സാക്‌സിന്റെ സാമ്പത്തിക വിദഗ്ധര്‍ക്കുള്ളത്.

ജിഡിപിയുടെ 60 ശതമാനത്തില്‍ വരുന്ന ഉപഭോക്തൃ മേഖല ഏറെക്കുറെ നിശ്ചലമായതിന്റെ ആഘാതം വളരെ വലുതാണ്. സാമ്പത്തിക വര്‍ഷത്തെ ആദ്യത്തെ രണ്ട് പാദം വെല്ലുവിളി രൂക്ഷമായിരിക്കും. എന്നാല്‍ മൂന്നാം പാദം മുതല്‍ ഇന്ത്യ കൊറോണ സൃഷ്ടിച്ച പ്രശ്നങ്ങളില്‍ നിന്ന് കര കയറുമെന്ന നിരീക്ഷണവും റിപ്പോര്‍ട്ടിലുണ്ട്.

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക്  ശക്തിയേകുന്ന പ്രവര്‍ത്തനങ്ങള്‍ മിക്കതും തന്നെ നിലച്ചിരിക്കുകയാണ്. ഇതാണ് ബേസിക്  പോയിന്റില്‍ 220 പോയിന്റ് കുറയാന്‍ കാരണമായത്.മാര്‍ച്ച് 25 മുതല്‍ രാജ്യവ്യാപകമായുള്ള ലോക്ഡൗണ്‍, സാമൂഹിക അകലം പാലിക്കല്‍ നടപടികള്‍, ഉപഭോക്താക്കളുടെയും ബിസിനസ്സുകളുടെയും ഭയം എന്നിവയെല്ലാം ഇതിനു വഴി തെളിച്ചു.രാജ്യാന്തര വളര്‍ച്ചയില്‍ ഇടിവ് ഉണ്ടായത് മൂലം 150 പോയിന്റ്  കുറവും ഇന്ത്യയുടെ വളര്‍ച്ചാ നിരക്കില്‍ ഗോള്‍ഡ്മാന്‍ സാക്‌സ് കണക്കാക്കുന്നു.മറ്റൊരു 50 ബേസിക് പോയിന്റ് കുറവിനു കാരണം ആര്‍ബിഐ പലിശ നിരക്കില്‍ ഉണ്ടായ താഴ്ചയാണ്.

1970 കളിലും 1980 കളിലും 2009 ലും ഇന്ത്യ അനുഭവിച്ച വ്യാപകമായ സാമ്പത്തിക മാന്ദ്യവുമായി താരതമ്യപ്പെടുത്തുമ്പോഴും 1.6 ശതമാനം വളര്‍ച്ചാ നിരക്ക് ആശങ്കാജനകമാണ്. 2009 ലെ മാന്ദ്യം നേരിടാന്‍ കാര്യക്ഷമമായ ഉത്തേജന പാക്കേജ് ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.ഏതാനും അനുകൂല അനുമാനങ്ങളെ അടിസ്ഥാനമാക്കി സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതി മുതല്‍  തുടര്‍ച്ചയായ വീണ്ടെടുക്കല്‍ പ്രതീക്ഷിക്കാമെന്ന് ഗോള്‍ഡ്മാന്‍ സാക്‌സ് ചൂണ്ടിക്കാട്ടുന്നു.

മൂന്നാഴ്ചത്തെ ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതോടെ സ്തംഭനാവസ്ഥ നീങ്ങും. ഒപ്പം സാമൂഹിക അകലം പാലിക്കല്‍ നടപടികള്‍ മൂലം അടുത്ത 4-6 ആഴ്ചകളില്‍ പുതിയ അണുബാധകള്‍ കുറയും. കേന്ദ്രവും സംസ്ഥാനങ്ങളും കൂടുതല്‍ ധനപരമായ ഉത്തേജനം നല്‍കിയേക്കും. പണ ലഭ്യത കൂട്ടുന്ന നടപടികള്‍ റിസര്‍വ് ബാങ്ക് നടപ്പാക്കുമെന്നും പ്രതീക്ഷിക്കുന്നു. അതേസമയം, അടുത്ത കുറച്ച് മാസങ്ങളില്‍ ആഗോളതലത്തിലും ആഭ്യന്തരമായും മഹാമാരി നിയന്ത്രണത്തിലായില്ലെങ്കില്‍ വീണ്ടെടുക്കല്‍ അനിശ്ചിതമകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here