എംഎസ്എംഇ മേഖല പ്രതീക്ഷയില്‍; പി.എഫ് വിഹിതം അടയ്ക്കാനുള്ള പദ്ധതി കേന്ദ്രം വിപുലമാക്കും
ചെറു സംരംഭങ്ങളിലെ ജീവനക്കാരും തൊഴിലുടമകളും അടയ്ക്കേണ്ട പ്രതിമാസ പി.എഫ് വിഹിതം മൂന്നു മാസം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതി വിപുലമാക്കുമെന്നു സൂചന. കൂടുതല്‍ എംഎസ്എംഇ ഉടമകള്‍ക്കും തൊഴിലാളികള്‍ക്കും ഇതിന്റെ പ്രയോജനം ലഭ്യമാക്കാനുതകുന്ന വിപുലീകരണത്തിനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നതെന്നും ഇത് സംബന്ധിച്ച പ്രഖ്യാപനം അടുത്ത സാമ്പത്തിക പാക്കേജിന്റെ ഭാഗമായേക്കുമെന്നും ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നൂറില്‍ താഴെ ജീവനക്കാരുള്ളതും അതില്‍ 90 ശതമാനം പേര്‍ക്കും 15,000 രൂപയോ അതില്‍ താഴെയോ ശമ്പളമുള്ളതുമായ സ്ഥാപനങ്ങള്‍ക്കാണ് ഈ ആനുകൂല്യം പ്രഖ്യാപിച്ചിരുന്നത്. 12 ശതമാനം വീതമാണ് ജീവനക്കാരുടെയും തൊഴിലുടമയുടെയും പി.എഫ്. വിഹിതം. അതായത്, 15,000 രൂപ ശമ്പളമുള്ള ജീവനക്കാരന് പ്രതിമാസം 1800 രൂപവീതം കൂടുതല്‍ ലഭിക്കും. മൂന്നു മാസംകൊണ്ട് 5400 രൂപയാണ് അവരുടെ കൈകളിലേക്ക് എത്തുന്നത്. തൊഴിലുടമയ്ക്കും ഏതാണ്ട് ഇത്ര തന്നെ നേട്ടം ലഭിക്കും.
ലോക്ക്ഡൗണ്‍ ഏറ്റവും രൂക്ഷമായി ബാധിച്ച എംഎസ്എംഇകള്‍ക്ക് ആശ്വാസം നല്‍കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു സര്‍ക്കാര്‍ ഈ പദ്ധതി ആവിഷ്‌കരിച്ചത്.പദ്ധതിയുടെ വിപുലീകരണത്തിനായി അടിസ്ഥാനതല വിലയിരുത്തല്‍ നടത്താനും ഉന്നത നയരൂപീകരണ വിദഗ്ധരുടെ മുമ്പാകെ സമര്‍പ്പിക്കാന്‍ കഴിയുന്ന ഒരു റിപ്പോര്‍ട്ട് തയ്യാറാക്കാനും തൊഴില്‍ മന്ത്രാലയം ഇപിഎഫ്ഒയോട് പിന്നീട് ആവശ്യപ്പെട്ടിരുന്നു.
പി.എഫ്. വിഹിതം മൂന്നു മാസം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതി തൊഴില്‍ വെട്ടിക്കുറവ് തടയാനും വിപണിയിലെ പണലഭ്യത ഉയരാനും സഹായിക്കുമെന്ന് 1.7 ലക്ഷം കോടി പാക്കേജിന്റെ ഭാഗമായി ഇക്കാര്യം പ്രഖ്യാപിക്കവേ മാര്‍ച്ച് 26 ന് ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ ചൂണ്ടിക്കാട്ടിയിരുന്നു.ആകെ 4,800 കോടി രൂപ ഇതിനായി കണക്കാക്കിയിരുന്നു.എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന് ആറ് കോടി വരിക്കാരാണുള്ളത്. 15,000 രൂപയ്ക്കു മേല്‍ ശമ്പളം വാങ്ങുന്നവരാണെന്നതിനാല്‍ ഭൂരിഭാഗം പേരും ഇതിന്റെ ഗുണഭോക്താക്കളാകില്ല.
നിലവിലെ നിര്‍ദ്ദേശത്തിലെ 100 തൊഴിലാളികളെന്ന പരിധിയില്‍ ഇളവ് വരുത്താനും 90% തൊഴിലാളികള്‍ പ്രതിമാസം 15,000 രൂപയില്‍ താഴെ ശമ്പളം ലഭിക്കുന്നവരായിരിക്കണമെന്ന വ്യവസ്ഥ എടുത്തുകളയാനുമാണ് ആലോചന.എംഎസ്എംഇ മേഖലയ്ക്കായിരിക്കും പ്രധാനമായും ഇതിന്റെ ഗുണം ലഭിക്കുക. പിഎഫ് സംഭാവന തൊഴിലാളിയുടെ അടിസ്ഥാന ശമ്പളത്തിന്റെ 24% ആണ്. അതില്‍ 12% ജീവനക്കാരനില്‍ നിന്നും ബാക്കി തൊഴിലുടമയില്‍ നിന്നും ഈടാക്കുന്നു.
കൊറോണക്കാലത്ത് അടിയന്തരസാഹചര്യം നേരിടാന്‍ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് നിക്ഷേപം പിന്‍വലിക്കാന്‍ അവസരം നല്‍കിയത് ലക്ഷക്കണക്കിന് ജീവനക്കാര്‍ക്ക് ആശ്വാസമായിരുന്നു. മൂന്നു മാസത്തെ ശമ്പളത്തിന് തുല്യമായ തുകയോ പി.എഫിലുള്ള തുകയുടെ 75 ശതമാനമോ, ഏതാണ് കുറവ് അതാണ് പിന്‍വലിക്കാനാകുക.ഇതനുസരിച്ച് മാസം 25,000 രൂപ ശമ്പളമുള്ളയാളിന് 75,000 രൂപ വരെ പിന്‍വലിക്കാം. നിലവില്‍ ഭവന നിര്‍മാണം, വിവാഹം തുടങ്ങിയ അടിന്തര ആവശ്യങ്ങള്‍ക്കേ പി.എഫ്് തുക പിന്‍വലിക്കാന്‍ അനുവദിച്ചിരുന്നുള്ളൂ.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline