കേന്ദ്രത്തിന്റെ നോട്ടം വീണ്ടും റിസര്‍വ് ബാങ്കിന്റെ പണപ്പെട്ടിയില്‍

കേന്ദ്ര സര്‍ക്കാര്‍ നടപ്പ് സാമ്പത്തിക വര്‍ഷം (2023-24) റിസര്‍വ് ബാങ്കില്‍ നിന്ന് ലാഭവിഹിതമായി പ്രതീക്ഷിക്കുന്നത് മുന്‍വര്‍ഷത്തേക്കാള്‍ ഇരട്ടിയിലേറെ തുക. ഏറ്റവും പുതിയ കണക്കുപ്രകാരം 2021-22ല്‍ സര്‍ക്കാരിന് റിസര്‍വ് ബാങ്ക് 30,307 കോടി ലാഭവിഹിതമായി നല്‍കിയിരുന്നു.

2023-24ല്‍ റിസര്‍വ് ബാങ്കില്‍ നിന്നും പൊതുമേഖലാ ബാങ്കുകളില്‍ നിന്നുമായി സര്‍ക്കാര്‍ ബജറ്റില്‍ ഉന്നമിട്ടിട്ടുള്ള (ബജറ്റ് എസ്റ്റിമേറ്റ്) മൊത്തം ലാഭവിഹിതം 48,000 കോടി രൂപയാണ്. 2022-23ല്‍ ബജറ്റ് എസ്റ്റിമേറ്റ് 40,953 കോടി രൂപയായിരുന്നു. നടപ്പുവര്‍ഷം റിസര്‍വ് ബാങ്കില്‍ നിന്നുള്ള ലാഭവിഹിതം മാത്രം 70,000 കോടി മുതല്‍ 80,000 കോടി രൂപവരെയായി ഉയര്‍ന്നേക്കാമെന്നാണ് സാമ്പത്തിക നിരീക്ഷകര്‍ പ്രതീക്ഷിക്കുന്നത്.
എന്തുകൊണ്ട് റിസര്‍വ് ബാങ്കിന്റെ പണം?
നടപ്പുവര്‍ഷം (2023-24) മൊത്ത ആഭ്യന്തര ഉത്പാദന (ജി.ഡി.പി) വളര്‍ച്ച ആറ് ശതമാനത്തിനടുത്തായി കുറയുമെന്നാണ് പൊതു വിലയിരുത്തല്‍. രാജ്യത്ത് സമ്പദ്പ്രവര്‍ത്തനങ്ങള്‍ താരതമ്യേന കുറയുന്നതായിരിക്കും കാരണം. ഇത് സര്‍ക്കാരിന്റെ നികുതി വരുമാനത്തെയും തുടര്‍ന്ന് ചെലവുകളെയും ബാധിക്കും. ധനക്കമ്മി കൂടാനും ഇതിടയാക്കും. ഇതിന് പരിഹാരമെന്നോണമാണ് സര്‍ക്കാര്‍ റിസര്‍വ് ബാങ്കിന്റെ പണത്തില്‍ ഉറ്റുനോക്കുന്നത്.
കൊവിഡിന് ശേഷം സാമ്പത്തികരംഗം മെച്ചപ്പെടുകയും വായ്പകള്‍ക്ക് ഡിമാന്‍ഡ് കൂടുകയും ചെയ്തിരുന്നു. വാണിജ്യ ബാങ്കുകള്‍ക്ക് കഴിഞ്ഞ സാമ്പത്തികവര്‍ഷം (2022-23) 1.65 ലക്ഷം കോടി രൂപയുടെ വായ്പയാണ് റിസര്‍വ് ബാങ്ക് നല്‍കിയത്. 2021-22നേക്കാള്‍ 70,000 കോടി രൂപ അധികമാണ് ഇത്. മറ്റ് സ്ഥാപനങ്ങള്‍ക്ക് 1.11 ലക്ഷം കോടി രൂപയും വായ്പ നല്‍കി; 2021-22നേക്കാള്‍ 30,000 കോടി രൂപയാണ് ഈയിനത്തിലെ വര്‍ദ്ധന.
ഇങ്ങനെ നല്‍കിയ വായ്പകളില്‍ നിന്ന് മികച്ച പലിശവരുമാനം റിസര്‍വ് ബാങ്ക് നേടിയിട്ടുണ്ട്. പുറമേ രൂപയുടെ മൂല്യത്തകര്‍ച്ചയുടെ ആക്കം കുറയ്ക്കാന്‍ വിദേശനാണ്യ ശേഖരത്തില്‍ നിന്ന് വന്‍തോതില്‍ ഡോളര്‍ വിറ്റഴിച്ചതുവഴി 68,990 കോടി രൂപയും റിസര്‍വ് ബാങ്ക് നേടി. ഇത്തരത്തില്‍, റിസര്‍വ് ബാങ്കിന് ലഭിച്ച സര്‍പ്ലസ് വരുമാനത്തില്‍ നിന്നുള്ള പങ്കാണ് കേന്ദ്രം അധിക ലാഭവിഹിതമായി ഉറ്റുനോക്കുന്നത്.
കൂടുന്ന ലാഭവിഹിതം
റിസര്‍വ് ബാങ്കിന്റെ അധിക വരുമാനത്തില്‍ നിന്ന് (സര്‍പ്ലസ്) 2017-18ല്‍ കേന്ദ്രം 50,000 കോടി രൂപ നേടിയിരുന്നു. 2018-19ല്‍ റിസര്‍വ് ബാങ്കിന്റെ കരുതല്‍ ശേഖരത്തില്‍ നിന്നുള്‍പ്പെടെയുള്ള പണം സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് തര്‍ക്കങ്ങളും വിവാദങ്ങളും ഉയര്‍ന്നിരുന്നെങ്കിലും 1.75 ലക്ഷം കോടി രൂപ സര്‍ക്കാരിന് ലഭിച്ചു. 2019-20ല്‍ 57,127 കോടി രൂപയും 2020-21ല്‍ 99,122 കോടി രൂപയും 2021-22ല്‍ 30,307 കോടി രൂപയും നേടി. 2022-23ലെ കണക്ക് പുറത്തുവന്നിട്ടില്ല. 2023-24ല്‍ പ്രതീക്ഷിക്കുന്നത് 70,000-80,000 കോടി രൂപ.
Related Articles
Next Story
Videos
Share it