കോളടിച്ച് കേന്ദ്ര സര്‍ക്കാര്‍, 63,000 കോടി രൂപ ലാഭവിഹിതം

കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിന് ലഭിക്കുന്ന ലാഭവിഹിതത്തില്‍ റെക്കോഡ്. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ അന്തിമ ഡിവിഡന്റ് നിര്‍ദേശ പ്രകാരം കഴിഞ്ഞ സാമ്പത്തിക വര്‍ഷ(2022-23)ത്തില്‍ 67 കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നായി 63,056 കോടി രൂപ സര്‍ക്കാരിന് ഡിവിഡന്‍ഡായി ലഭിക്കും. ഇതുവരെ ലഭിച്ചിട്ടുള്ളതില്‍ ഏറ്റവും ഉയര്‍ന്ന ലാഭവിഹിതമാണിതെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 50,583 കോടി രൂപയായിരുന്നു ലാഭവിഹിതം. 25 ശതമാനത്തിനടുത്ത് വര്‍ധനയുണ്ട്.

ഗെയ്ല്‍, ഹിന്ദുസ്ഥാന്‍ കോപ്പര്‍, ബാമര്‍ ലാറി തുടങ്ങിയ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭവിഹിതം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അതുകൂടി ചേര്‍ക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാരിന് ലഭിക്കുന്ന ലാഭവിഹിതതുക ഇനിയും ഉയരും. കോവിഡിനു തൊട്ടു മുന്‍പുള്ള സാമ്പത്തിക വര്‍ഷത്തില്‍(2018-19) 29,049 കോടി രൂപയായിരുന്നു ലാഭവിഹിതം. ഇരട്ടിയോളം വര്‍ധനയാണ് നിലവിലുണ്ടായിരിക്കുന്നത്. 2014 ല്‍ ലഭിച്ച 42,150 കോടി രൂപയാണ് ഇതിനു മുന്‍പുള്ള ഏറ്റവും ഉയര്‍ന്ന ലാഭവിഹിതം.

ബാങ്കുകളുടെ ലാഭവിഹിതം 18,000 കോടി

2022-23 സാമ്പത്തിക വര്‍ഷത്തിലെ പൊതുമേഖലാ ബാങ്കുകളുടേയും ധനകാര്യ സ്ഥാപനങ്ങളുടേയും മാത്രം ലാഭവിഹിതം 18,000 കോടി രൂപ വരും. 2021-22 സാമ്പത്തിക വര്‍ഷത്തിലെ 11,525 കോടി രൂപയില്‍ നിന്ന് 56 ശതമാനമാണ് വര്‍ധന.

ധനകാര്യ-ഇതര പൊതുമേഖലാ സ്ഥാപനങ്ങളായ ഒ.എന്‍.ജി.സി, കോള്‍ ഇന്ത്യ, എന്‍.റ്റി.പി.സി, പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ എന്നിവയില്‍ നിന്ന് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ലഭിക്കുക 45,000 കോടി രൂപയുടെ ലാഭവിഹിതമാണ്. 2021-22 സാമ്പത്തിക വര്‍ഷത്തിലെ 39,059 കോടി രൂപയില്‍ നിന്ന് 15.4 ശതമാനം വര്‍ധിച്ചു. കേന്ദ്രത്തിന് പൊതുമേഖലാ ബാങ്കുകളിലുള്ള ഓഹരി വിഹിതത്തിന്റെ അടിസ്ഥാനത്തിലാണ് ഡിവിഡന്‍ഡ് നല്‍കുന്നത്.
ഒരു ലക്ഷം കോടി കടന്ന് ലാഭവിഹിതം
പൊതുമേഖലയിലെ 67 ലിസ്റ്റഡ് സ്ഥാപനങ്ങളും കൂടി 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഓഹരിയുടമകള്‍ക്ക് മൊത്തം നല്‍കുന്നത് 1.02 ലക്ഷം കോടി രൂപയുടെ ഡിവിഡന്‍ഡാണിത്. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 84,665 കോടി രൂപയായിരുന്നു.
പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നുള്ള ലാഭവിഹിതം 2024 സാമ്പത്തിക വര്‍ഷത്തിലെ കേന്ദ്ര സര്‍ക്കാരിന്റെ നികുതി-ഇതര വരുമാനത്തില്‍ പ്രതിഫലിക്കും. കഴിഞ്ഞ കേന്ദ്ര ബജറ്റ് അനുസരിച്ച് 2024 സാമ്പത്തിക വര്‍ഷത്തില്‍ ധനകാര്യ- ഇതര പൊതുമേഖലാ കമ്പനികളില്‍ നിന്ന് ഡിവിഡന്‍ഡ്, ലാഭ ഇനത്തില്‍ 43,000 കോടി രൂപയാണ് സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നത്.
Related Articles
Next Story
Videos
Share it