20 ലക്ഷം കോടി പാക്കേജില്‍ ഖജനാവില്‍ നിന്നു വിഹിതം മൂന്നര ലക്ഷം കോടിയോളം
പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ ഉത്തേജക പാക്കേജില്‍ ഖജനാവില്‍നിന്ന് വിനിയോഗിക്കേണ്ടി വരുന്ന തുക ഏകദേശം മൂന്നര ലക്ഷം കോടി രൂപയേ വരൂ എന്ന് വിദഗ്ധരുടെ അവലോകനം. ജി.ഡി.പി.യുടെ രണ്ടു ശതമാനത്തിലും താഴെയേ സര്‍ക്കാരിന് നേരിട്ടു ചെലവഴിക്കേണ്ടിവരൂ എന്നാണിതിനര്‍ത്ഥം.
ദുരന്ത സാഹചര്യം മുതലാക്കിയുള്ള അമിതമായ സ്വകാര്യവല്‍ക്കരണ നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന ആരോപണത്തിനു പുറമേയാണ് ഉത്തേജക പാക്കേജിനു പിന്നിലെ കണക്കുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതായുള്ള ആക്ഷേപമുയരുന്നത്. പദ്ധതിപ്രകാരം അവശേഷിക്കുന്ന തുക ബാങ്കുകളും നബാര്‍ഡും റിസര്‍വ് ബാങ്കും ചേര്‍ന്ന് പണലഭ്യതയ്ക്കായി സ്വീകരിക്കുന്ന നടപടികളായിരിക്കും.കൃത്യമായി ജി.ഡി.പി.യുടെ 1.6 ശതമാനം വരുന്ന 3.22 കോടി രൂപയാകും ഉത്തേജക പാക്കേജിലൂടെ സര്‍ക്കാരിനു വരുന്ന അധിക ചെലവെന്ന് കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ്മ ചൂണ്ടിക്കാട്ടുന്നു.ജി.ഡി.പിയുടെ പത്തു ശതമാനമെന്ന വ്യാഖ്യാനം തെറ്റാണെന്ന് കോണ്‍ഗ്രസ് വാദിക്കുന്നു. അതേസമയം, ഈ സാമ്പത്തികവര്‍ഷം 4.2 ലക്ഷം കോടി രൂപ അധികമായി കടമെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുമുണ്ട്.
സഹായപദ്ധതികള്‍ക്കായി അടിയന്തരമായി ചെലവഴിക്കേണ്ടി വരുന്നതാകട്ടെ ഒരു ലക്ഷം കോടിയോളമാണ്. ശേഷിക്കുന്ന തുക ദീര്ഘകാലപദ്ധതികള്ക്കായാണ് ചെലവിടേണ്ടത്. ധനമന്ത്രി നിര്‍മലാ സീതാരാമന് പ്രഖ്യാപിച്ച പദ്ധതികളുടെ ആകെ മൂല്യം 11.02 ലക്ഷം കോടി രൂപയാണ്. ഇതിനു പുറമേ രണ്ടു തവണയായി റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച 8.01 ലക്ഷം കോടി രൂപയുടെ പണലഭ്യതാ പദ്ധതികളും പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പാക്കേജിന്റെ ഭാഗമായി ചെലവഴിച്ചു കഴിഞ്ഞ 1.98 ലക്ഷം കോടി രൂപയും ചേര്‍ന്നതാണ് പ്രധാനമന്ത്രിയുടെ ഉത്തേജക പാക്കേജ്.
ആദ്യദിനത്തില്‍ സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങള്‍ക്കും (എം.എസ്.എം.ഇ.) ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കുമെല്ലാമായി ആകെ 5.94 ലക്ഷം കോടി രൂപയുടെ പദ്ധതികളാണ് ഉള്‍പ്പെട്ടത്. ഇതില്‍ എം.എസ്.എം.ഇ.കള്‍ക്കായി പ്രത്യേക ഫണ്ട് തയ്യാറാക്കുന്നതിന് 10,000 കോടി രൂപ സര്‍ക്കാര്‍ ചെലവഴിക്കുമെന്ന് വിലയിരുത്തുന്നു. 72 ലക്ഷം ജീവനക്കാരുടെ മൂന്നുമാസത്തെ ഇ.പി.എഫ്. വിഹിതം അടയ്ക്കാനായി വരുന്ന 2500 കോടി രൂപയും ഖജനാവില്‍ നിന്നാകും. ആകെ 12,500 കോടി രൂപ.
രണ്ടാം ദിവസം പ്രഖ്യാപിച്ച 3.10 ലക്ഷം കോടി രൂപയുടെ പദ്ധതി പ്രാകാരം എട്ടു കോടി വരുന്ന തൊഴിലാളികള്‍ക്ക് രണ്ടു മാസത്തെ ഭക്ഷ്യവസ്തുക്കള്‍ നല്‍കുന്നതിനായി 3500 കോടി രൂപ നീക്കിവെച്ചു. മുദ്ര-ശിശു വായ്പകള്‍ക്കുള്ള സബ്സിഡിയിനത്തില്‍ മറ്റൊരു 1500 കോടി രൂപയും. കര്‍ഷകര്‍ക്കായി പ്രഖ്യാപിച്ച 30,000 കോടി രൂപയുടെ അടിയന്തര ഫണ്ട് നബാര്‍ഡ് വഴിയാണ്. കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍വഴി പലിശയിളവുള്ള രണ്ടു ലക്ഷം കോടി രൂപയുടെ വായ്പ കര്‍ഷകര്‍ക്കു നല്‍കും. സബ്സിഡിക്കായി എത്ര തുക നീക്കിവെച്ചുവെന്നതില്‍ വ്യക്തതയില്ല. കെ.സി.സി. വായ്പകള്‍ക്കുള്ള സബ്സിഡി മാറ്റിനിര്‍ത്തിയാല്‍ 5000 കോടി രൂപയാണ് രണ്ടാം ദിനത്തെ പ്രഖ്യാപനമനുസരിച്ച് സര്‍ക്കാര്‍ നേരിട്ടു ചെലവഴിക്കുന്നത്.
മൂന്നാം ദിനം ആകെ ഒന്നര ലക്ഷം കോടി രൂപയുടെ പദ്ധതികളാണ് പ്രഖ്യാപിച്ചത്. ഇതില്‍ ചെറുകിട ഭക്ഷ്യസംസ്കരണ പദ്ധതികള്‍ക്ക് 10,000 കോടി, പ്രധാനമന്ത്രി മത്സ്യ സമ്പാദന പദ്ധതിക്കായി 20,000 കോടി, വളര്‍ത്തുമൃഗങ്ങളുടെ വാക്സിനേഷനായി 13,343 കോടി, പാല് സംസ്കരണ മേഖലയുടെ പശ്ചാത്തല സൗകര്യ വികസനത്തിനായി 15,000 കോടി, ഔഷധ സസ്യകൃഷിക്ക് 4000 കോടി, തേനീച്ചവളര്‍ത്തലിനും ഉള്ളി, തക്കാളി തുടങ്ങിയ പച്ചക്കറി വിഭവങ്ങളുടെ വിപണന സംവിധാനത്തിനും ചേര്‍ന്ന് 1000 കോടി എന്നിങ്ങനെ വകയിരുത്തി. ഇതെല്ലാം നേരിട്ട് സര്‍ക്കാര്‍ ചെലവഴിക്കുന്നതായിരിക്കും.
നാലും അഞ്ചും ദിവസങ്ങളിലായി കൂടുതലും സ്വകാര്യവത്കരണ നയങ്ങളും നിയമപരിഷ്കരണ നടപടികളുമാണ് പ്രഖ്യാപിച്ചത്. സ്വകാര്യമേഖലയിലെ ആശുപത്രി നിര്‍മാണങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായമായി 8100 കോടി രൂപ ചെലവഴിക്കും. തൊഴിലുറപ്പ് പദ്ധതിക്കായി ബജറ്റില്‍ പറഞ്ഞിരുന്ന 61,000 കോടി രൂപയ്ക്കു പുറമേ 40,000 കോടി രൂപ കൂടി മാറ്റിവെച്ചു. ബജറ്റില്‍ പറഞ്ഞിരുന്ന 61,000 കോടി രൂപയ്ക്കു പുറമേയാണിത്.
ആരോഗ്യമേഖലയ്ക്കായി അനുവദിച്ച തുകയും വിവിധ നികുതി ഇളവുകളിലൂടെ സര്‍ക്കാരിന് നഷ്ടമായ 7800 കോടി രൂപയും പാക്കേജില്‍ പെടുത്തിയിരിക്കുന്നത് ശരിയായ നടപടിയല്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ആര്‍ബിഐ സമ്പദ്വ്യവസ്ഥയിലേക്ക് എത്തിക്കുന്ന 8.01 ലക്ഷം കോടിയില്‍ ഒരു പൈസ പോലും കേന്ദ്രത്തിന് ചെലവില്ല. 1.7 ലക്ഷം കോടിയുടെ ആദ്യ പാക്കേജില്‍ ബജറ്റിന് പുറമെ നിന്ന് സര്‍ക്കാരിന് വരുന്ന അധികമായ മുതല്‍മുടക്ക് 85695 കോടി മാത്രം. തൊഴിലുറപ്പ് കൂലിവര്‍ധനവ്, സൗജന്യഭക്ഷ്യധാന്യം തുടങ്ങിയ പദ്ധതികള്ക്കാണത്. ധനമന്ത്രിയുടെ പാക്കേജ് പ്രഖ്യാപനത്തില്‍ ഖജനാവില്‍നിന്ന് ചെലവഴിക്കേണ്ടി വരുന്നത് 1.08 ലക്ഷം കോടിയും. തൊഴിലുറപ്പിനുള്ള നാല്‍പ്പതിനായിരം കോടി രൂപയാണ് സര്‍ക്കാരിന് പാക്കേജിലെ ഏറ്റവും വലിയ ബാധ്യത.20 ലക്ഷം കോടി രൂപയുടെ പാക്കേജില്‍ എട്ടു ലക്ഷം കോടിയുടെ പദ്ധതികളാണ് ഗരീബ് കല്യാണ്‍ യോജന വഴിയും റിസര്‍വ് ബാങ്ക് വഴിയും നേരത്തേ അറിയിച്ചിരുന്നത്.
സംസ്ഥാനങ്ങള്‍ക്ക് നടപ്പു സാമ്പത്തികവര്‍ഷം ജി.ഡി.പിയുടെ അഞ്ചു ശതമാനം വരെ വായ്പയെടുക്കാന്‍ അനുമതി നല്‍കിയത് താല്‍ക്കാലിക ആശ്വാസമാകുമെങ്കിലും ചരിത്രത്തില്‍ ആദ്യമായാണ് സംസ്ഥാന സര്‍ക്കാരിന്റെ കടമെടുക്കാനുള്ള ബോണ്ടുകള്‍ക്ക് നിബന്ധന വരുന്നതെന്ന് കേരള ധനമന്ത്രി ടി എം തോമസ് ഐസക് പറയുന്നു.വായ്പാ പരിധി മൂന്നു ശതമാനത്തില്‍ നിന്ന്് ഉയര്‍ത്തണമെന്നു കേരളമടക്കം ആവശ്യപ്പെട്ടിരുന്നു. നിശ്ചിത പരിഷ്കാരങ്ങള്‍ നടപ്പാക്കണമെന്ന ഉപാധിയിലാണ് രണ്ടു ശതമാനം അധിക വായ്പയ്ക്ക് അനുമതി. അര ശതമാനം സംസ്ഥാനങ്ങള്‍ക്ക് സ്വന്തം തീരുമാനപ്രകാരം ചെലവഴിക്കാം.വണ്‍ നേഷന്‍-വണ്‍ റേഷന്‍ കാര്‍ഡ് പദ്ധതി, വ്യവസായ സൗഹൃദ സാഹചര്യമൊരുക്കല്‍, കാര്യക്ഷമമായ വൈദ്യുതി വിതരണം, തദ്ദേശ സ്ഥാപനങ്ങളുടെ വരുമാന വര്‍ധന എന്നിവയ്ക്കു കാല് ശതമാനം വീതം ചെലവഴിക്കണം. ഇതില്‍ മൂന്നു മേഖലയിലെങ്കിലും ലക്ഷ്യം കൈരിച്ചാല് മാത്രമേ ശേഷിക്കുന്ന അര ശതമാനം വായ്പയെടുക്കാവൂ.
അതേസമയം, കഴിഞ്ഞ വര്‍ഷം മാത്രം നാലര ലക്ഷം കോടി രൂപ ഇന്ത്യന്‍ സമ്പദ്ഘടനയിലേക്ക് പമ്പ് ചെയ്ത പ്രവാസികളെ കേന്ദ്ര പാക്കേജില്‍ പരിഗണിക്കുകയേ ചെയ്യാതിരുന്നത് നിരാശാജനകമാണെന്ന് കേരള പ്രവാസി സംഘം അറിയിച്ചു. പ്രവാസികളില്‍ തിരിച്ചെത്തി സാമ്പത്തിക ദുര്‍ബലാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് സഹായ പദ്ധതികള്‍ പ്രതീക്ഷിച്ചിരുന്നു.അവരെ അവഗണിച്ചത് നീതി നിഷേധമാണ്.കയറ്റുമതിയേക്കാള്‍ കൂടുതല്‍ വിദേശ നാണ്യ ശേഖരം നേടിത്തരുന്നവരാണ് പ്രവാസികളെന്നതു സര്‍്ക്കാര്‍ മറന്നു.
തിരിച്ചു വരുന്നവരില്‍ നിന്ന് യാതൊരു ഇളവുമില്ലാതെ വിമാന ടിക്കറ്റ് ചാര്‍ജ്ജ് ഈടാക്കുന്നതും പുനഃപരിശോധിക്കണമെന്ന് പ്രസിഡന്റ്
പി ടി കുഞ്ഞുമുഹമ്മദ് ജനറല്‍ സെക്രട്ടറി കെ വി അബ്ദുള്‍ ഖാദര്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു.
ഡെയ്ലി ന്യൂസ് അപ്ഡേറ്റുകള്, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline