നോട്ട് നിരോധനം: കള്ളപ്പണം 'മുക്കി'യവരെ പൊക്കാൻ ബിഗ് ഡേറ്റയുടെ സഹായം തേടി കേന്ദ്രം
നോട്ട് നിരോധനത്തിന് ശേഷം നടന്ന സംശയകരമായ ഇടപാടുകൾ പരിശോധിക്കാൻ സർക്കാർ 'ബിഗ് ഡേറ്റ അനാലിസിസി'ന്റെ സഹായം തേടുന്നു. 2016 നവംബർ എട്ടിന് ശേഷം ബാങ്കുകളിൽ നിക്ഷേപിച്ച നിരോധിച്ച നോട്ടുകളുടെയും അത്തരത്തിലുള്ള എക്കൗണ്ടുകളുടെയും കണക്കെടുക്കാനാണ് ഈ പുതു സാങ്കേതിക മേഖലയിലേക്ക് സർക്കാർ തിരിയുന്നത്.
ഇതിനകം കേന്ദ്ര റവന്യൂ വകുപ്പ് 10,000 പേർക്ക് നോട്ടീസ് നൽകിക്കഴിഞ്ഞു എന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ബിനാമി നിയമപ്രകാരം വരുമാനത്തിന്റെ ഉറവിടം കാണിക്കാനാവശ്യപ്പെട്ടുകൊണ്ടാണ് നോട്ടീസ്.
എക്കൗണ്ട് ഉടമയും പണം നിക്ഷേപിച്ച വ്യക്തിയും അന്വേഷണ പരിധിയിൽ വരും. ഫോൺ കോൾ രേഖകൾ, ക്രെഡിറ്റ് കാർഡ്, പാൻ വിവരങ്ങൾ, നികുതി റിട്ടേൺ ഡേറ്റ, സോഷ്യൽ മീഡിയകളിൽ നിന്ന് ലഭ്യമായ വിവരങ്ങൾ എന്നിവ ശേഖരിച്ച് അതിന്റെ അടിസ്ഥാനത്തിൽ തട്ടിപ്പുകാരെ കണ്ടെത്താനാണ് ബിഗ് ഡേറ്റ അനാലിസിസ് ഉപയോഗിക്കുന്നത്.