'സമ്പദ് വ്യവസ്ഥ നന്നാകും, പച്ചപ്പ് കണ്ടുതുടങ്ങി ' -കേന്ദ്ര ധനമന്ത്രി

സമ്പദ് വ്യവസ്ഥ പ്രതിസന്ധിയിലല്ലെന്നും പച്ചപ്പിന്റെ മുളപൊട്ടലുകള്‍ ദൃശ്യമാണെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. 5 ട്രില്യണ്‍ യുഎസ് ഡോളര്‍ സമ്പദ് വ്യവസ്ഥയിലേക്ക് രാജ്യം നീങ്ങുമെന്ന കാര്യത്തില്‍ അവര്‍ ശുഭാപ്തി വിശ്വാസവും പ്രകടമാക്കി.

സര്‍ക്കാരില്‍ നിന്നുണ്ടായ ക്രിയാത്മക നടപടികളുടെ ഫലമായി നേരിട്ടുള്ള വിദേശ നിക്ഷേപം, വ്യവസായ ഉല്‍പാദന വര്‍ധന, ഒരു ലക്ഷം കോടി രൂപയുടെ ജിഎസ്ടി പിരിവ് എന്നിവ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ സമ്പദ് വ്യവസ്ഥയിലെ നല്ല സൂചനകളാണെന്ന് ലോക്സഭയില്‍ കേന്ദ്ര ബജറ്റ് ചര്‍ച്ചയ്ക്ക് മറുപടി നല്‍കവേ ധനമന്ത്രി പറഞ്ഞു. വിദേശ നാണ്യ ശേഖരം എക്കാലത്തെയും ഉയര്‍ന്ന തലത്തിലാണെന്നും ഓഹരി വിപണി മികച്ചതാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

സ്വകാര്യ നിക്ഷേപം, കയറ്റുമതി, സ്വകാര്യവും പൊതുവുമായ ഉപഭോഗം എന്നിവ ഉള്‍പ്പെടുന്ന വളര്‍ച്ചയുടെ നാല് എഞ്ചിനുകളിലാണ് സര്‍ക്കാര്‍ അതീവ ശ്രദ്ധ ചെലുത്തിവരുന്നത്. പൊതുനിക്ഷേപവുമായി ബന്ധപ്പെട്ട്, ഡിസംബറില്‍ സര്‍ക്കാര്‍ ദേശീയ ഇന്‍ഫ്രാസ്ട്രക്ചര്‍ പൈപ്പ്‌ലൈന്‍ പ്രഖ്യാപിച്ചു. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ (2024-25 വരെ) രാജ്യത്തൊട്ടാകെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് 1.03 ലക്ഷം കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്നു.

കഴിവില്ലാത്ത ഡോക്ടര്‍മാരുടെ ചികില്‍സയാല്‍ സമ്പദ് വ്യവസ്ഥ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുന്നുവെന്ന മുന്‍ ധനമന്ത്രി പി ചിദംബരത്തിന്റെ പരാമര്‍ശത്തിനു മറുപടിയായി 'അതിവിദഗ്ധ ടോക്ടര്‍മാരുടെ കീഴിലായിരുന്ന യുപിഎ ഭരണകാലത്ത് ധനക്കമ്മി കൂടുതലായിരുന്നു' വെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it