Begin typing your search above and press return to search.
ജിഎസ്ടി വരുമാനം 92,849 കോടി രൂപയായി; 2020 ഓഗസ്റ്റിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവ്
രാജ്യത്ത് കഴിഞ്ഞ ഒമ്പതുമാസത്തെ ഏറ്റവും വലിയ ഇടിവില്‍ ജിഎസ്ടി വരുമാനം. 92,849 കോടി രൂപയാണ് ജിഎസ്ടി ഇനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജൂണില്‍ സമാഹരിച്ചത്. 2020 സെപ്റ്റംബറിന് ശേഷം ഇപ്പോഴാണ് ജിഎസ്ടി വരുമാനത്തിലെ ഇത്രയും വലിയൊരു ഇടിവുണ്ടാകുന്നത്. 2020 സെപ്റ്റംബറില്‍ ജിഎസ്ടി കളക്ഷന്‍ 95,480 കോടി രൂപയായിരുന്നു. 2020 ഓഗസ്റ്റ് മുതല്‍ പത്ത് മാസത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണ് 2021 ജൂണ്‍ ശേഖരം.
ആകെ ജിഎസ്ടി വരുമാനത്തിന്റെ 16,424 കോടി രൂപ കേന്ദ്ര ജിഎസ്ടി ഇനത്തിലും 20,397 കോടി രൂപ സംസ്ഥാന ജിഎസ്ടി ഇനത്തിലുമുള്ളതാണ്. ഐജിഎസ്ടി 49,079 കോടിയാണ്. ജൂണില്‍ സമാഹരിച്ച സെസ് 6,949 കോടിരൂപയാണ്. മെയ് മാസത്തിലെ വ്യാപാര ഇടപാടുകളില്‍ വീഴ്ച വന്നത് ജൂണിലെ ജിഎസ്ടി ഇടിവില്‍ പ്രതിഫലിച്ചിട്ടുണ്ട്.
എന്നാല്‍ കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് ഇത്തവണ ജിഎസ്ടിയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയെങ്കിലും കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലേത് പരിശോധിച്ചാല്‍ രണ്ട് ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
മെയ് മാസത്തില്‍ നേടിയ 1.02 ലക്ഷം കോടി രൂപയുടെ ജിഎസ്ടി കളക്ഷനുമായി താരതമ്യം ചെയ്യുമ്പോള്‍ ഏപ്രിലില്‍ ജിഎസ്ടി കളക്ഷന്‍ 1.41 ലക്ഷം കോടി രൂപയായിരുന്നു, ഇത് രാജ്യവ്യാപകമായി നികുതി ഏര്‍പ്പെടുത്തിയതിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ്. എന്നാല്‍ കോവിഡ് തരംഗം വീണ്ടും രൂക്ഷമായതോടെ ഈ വരുമാനവും താരതമ്യേന കുറഞ്ഞു വന്നു.
മെയില്‍ വിവിധ ഇടങ്ങളില്‍ ഉണ്ടായ ലോക്ഡൗണ്‍ വരുമാനത്തെ സാരമായി ബാധിച്ചതായും കണക്കാക്കാം. കാരണം 2021 മെയ് മാസത്തെ ഇ-വേ ബില്‍ ഡാറ്റ കാണിക്കുന്നത്, ഈ മാസത്തില്‍ 3.99 കോടി ഇ-വേ ബില്ലുകള്‍ മാത്രമാണ് രാജ്യത്ത് സൃഷ്ടിക്കപ്പെട്ടതെന്നാണ്. 2021 ഏപ്രില്‍ മാസത്തില്‍ ഇത് 5.88 കോടിയായിരുന്നു. 30 ശതമാനത്തിലധികമാണ് കുറവുണ്ടായത്. എന്നാല്‍ വരും മാസങ്ങളില്‍ നില മെച്ചപ്പെട്ടേക്കാമെന്നാണ് സാമ്പത്തിക വിദ്ഗധരുടെ അഭിപ്രായം.
Next Story