മൺസൂൺ വൈകിയാൽ സമ്പദ് വ്യവസ്ഥ തളരുമോ? 

മൺസൂൺ വൈകുന്നതും മഴ കുറയുന്നതും കർഷകർക്കും സർക്കാരിനും കോർപറേറ്റുകൾക്കും ഒരുപോലെ തലവേദനയുണ്ടാക്കുന്ന കാര്യമാണ്. എന്തുകൊണ്ടാണ് മൺസൂൺ ഇന്ത്യയിൽ ഇത്രമാത്രം ചർച്ച ചെയ്യപ്പെടുന്നത്?

ഐറ്റിയും വ്യവസായങ്ങളും എത്രകണ്ട് വളർന്നാലും ഇപ്പോഴും കൃഷിയെ ആശ്രയിച്ച് മുന്നോട്ടുപോകുന്ന ഒരു സമ്പദ് വ്യവസ്ഥയാണ് ഇന്ത്യ. ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ കാർഷിക രംഗത്തിന്റെ സംഭാവന വെറും 6.4 ശതമാനമാണ്. എന്നാലിത് ആഗോള ശരാശരിയേക്കാളും കൂടുതലാണ്.

രാജ്യത്തെ മൊത്തം മഴലഭ്യതയുടെ 70 ശതമാനവും മൺസൂണിൽ നിന്നാണ് കിട്ടുന്നത്. ഖാരിഫ് വിളകളായ അരി, ഗോതമ്പ്, കരിമ്പ്, എണ്ണ വിളകൾ എന്നിവയുടെ വിളവ് നിശ്ചയിക്കുന്നത് ഇക്കാലയളവിൽ ലഭിക്കുന്ന മഴയാണ്.

ഇന്ത്യയുടെ 2.5 ട്രില്യൺ വരുന്ന സമ്പദ് വ്യവസ്ഥയിൽ വെറും 15 ശതമാനം ജിഡിപി വിഹിതം മാത്രമാണ് കാർഷിക രംഗത്തിനുള്ളത്. എന്നിരുന്നാലും രാജ്യത്തെ 1.3 ബില്യൺ ജനങ്ങളിൽ പകുതിയിലധികം പേരും ഈ രംഗത്ത് തൊഴിൽ ചെയ്യുന്നവരാണ്. ഈയൊരു കാരണം കൊണ്ടുതന്നെയാണ് കാർഷിക രംഗത്തെ ഇന്ത്യയ്ക്ക് അവഗണിക്കാനാവാത്തതും.

ജിഡിപിയിൽ കാർഷിക മേഖലയ്ക്കുള്ള മേൽക്കോയ്മ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. എന്നാൽ കൃഷി പ്രധാന വരുമാനമാർഗമായ ഗ്രാമീണ ജനത മുൻപത്തേക്കാളേറെ രാജ്യത്തെ സ്വകാര്യ ഉപഭോഗത്തെ സ്വാധീനിക്കുന്നുണ്ട്.

ആവശ്യത്തിന് മൺസൂൺ മഴ ലഭിച്ചാൽ മികച്ച കാർഷിക ഉല്പാദനമുണ്ടാകും. കൃഷിക്കാരായ ഗ്രാമീണ ജനതയുടെ വരുമാനം കൂടും. ഇത് മൊത്തത്തിലുള്ള സ്വകാര്യ ഉപഭോഗം (private consumption) ഉയർത്തും. കൺസ്യൂമർ ഉല്പന്നങ്ങളുടെ വില്പന ഉയർന്നാൽ കമ്പനികൾക്ക് അതു ഗുണം ചെയ്യും. ഇതിന്റെ മെച്ചം സ്റ്റോക്ക്‌ മാർക്കറ്റിലും പ്രതിഫലിക്കും.

അരി, ഗോതമ്പ് എന്നിവയുടെ കാര്യത്തിൽ ഇന്ത്യ സ്വയം പര്യാപ്തമാണ്. എന്നാൽ വരൾച്ച ഇറക്കുമതി ഉയരാൻ കാരണമാകും.

മൺസൂൺ മഴ രാജ്യത്തെ റിസർവോയറുകൾ നിറക്കുമെന്ന് പറയാതെതന്നെ നമുക്കറിയാം. ഭൂഗർഭ ജലനിരപ്പും മെച്ചപ്പെടും. ഇത് ജലസേചനം സുഗമമാക്കുകയും ഭക്ഷ്യ വസ്തുക്കളുടെ വില നിയന്ത്രിച്ചു നിർത്തുകയും ചെയ്യും. കാർഷികോല്പാദനം മെച്ചപ്പെട്ടാൽ ഇറക്കുമതി കുറക്കാം.

കിണറുകളിൽ നിന്ന് കൃഷിസ്ഥലത്തേക്ക് ജലം എത്തിക്കാനുപയോഗിക്കുന്ന മോട്ടറുകളിൽ ഡീസൽ ആണ് ഉപയോഗിക്കുന്നത്. നല്ല മഴ ലഭിച്ചാൽ ഈ ഇന്ധനച്ചെലവ് കുറക്കുകയുമാകാം. നിറഞ്ഞ റിസർവോയറുകൾ വൈദ്യുതി കൂടുതൽ ഉൽപാദിപ്പിക്കാൻ സഹായിക്കുകയും വൈദ്യുതി ചെലവ് കുറക്കുകയും ചെയ്യും.

മൺസൂൺ ഇത്തവണ

നോർമൽ അല്ലെങ്കിൽ സാധാരണ മഴ ലഭ്യത എന്നാൽ 50 വർഷത്തെ ശരാശരിയായ 89 സെന്റിമീറ്റർ മഴയുടെ 96 മുതൽ 104 ശതമാനം വരെയാണ് . ജൂൺ-സെപ്റ്റംബർ കാലയളവിലാണ് ഇത്രയും മഴ ലഭിക്കേണ്ടത്. മഴ 90 ശതമാനത്തിൽ താഴെയുള്ളപ്പോൾ മഴക്ഷാമം ഉള്ളതായി കണക്കാക്കും. ഈ സാഹചര്യത്തിലാണ് വരൾച്ച ഉണ്ടാവുക. 110 ശതമാനത്തിന് മുകളിലാണെങ്കിൽ അത് ആവശ്യത്തിലധികം മഴയാണ്.

സാധാരണഗതിയിൽ കേരള തീരത്ത് ജൂൺ ഒന്നോടെ എത്തുന്ന മൺസൂൺ, ജൂലൈ മധ്യത്തോടെ ഇന്ത്യ മുഴുവൻ വ്യാപിക്കും. എന്നാൽ ഇത്തവണ മൺസൂൺ എത്തിയത് ജൂൺ 8 നാണ്. സൈക്ലോൺ വായു ഇത്തവണ മൺസൂണിന്റെ മുന്നേറ്റം ദുർബലപ്പെടുത്തി. കഴിഞ്ഞ 12 വർഷത്തിലെ ഏറ്റവും ദുർബലമായ മൺസൂൺ മുന്നേറ്റമാണ് ഇതവണത്തേതെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ജൂൺ മധ്യത്തോടെ ഇന്ത്യയുടെ പകുതിയെങ്കിലും വ്യാപിക്കാറുള്ള മൺസൂൺ മഴ ഇത്തവണ കാൽ ഭാഗത്തുപോലും എത്തിയിട്ടില്ല.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it