ആർബിഐ വായ്പാനയം നിങ്ങളെയും സമ്പദ് വ്യവസ്ഥയെയും ബാധിക്കുന്നതെങ്ങനെ? 

തുടർച്ചയായി രണ്ട് തവണ പലിശ നിരക്കുയർത്തിയതിന് ശേഷം ഇത്തവണ നിരക്കുകൾ മാറ്റമില്ലാതെ നിലനിർത്താൻ ആർബിഐ തീരുമാനിച്ചു. പ്രതീക്ഷക്ക് വിരുദ്ധമായ ആർബിഐ തീരുമാനം വിപണിയെ ഉലച്ചു. എന്നാൽ ചില മേഖലകൾക്ക് അതൊരു ആശ്വാസമായി.

ബാങ്കുകളുടെ വായ്പാ നിരക്കുകൾ

റിസർവ് ബാങ്ക് പലിശ നിരക്ക് ഉയർത്തുമ്പോൾ അതിനനുസരിച്ച് ബാങ്കുകൾ തങ്ങളുടെ വായ്പാ, നിക്ഷേപ നിരക്കുകളും ഉയർത്താറുണ്ട്. ഇത്തവണ ആർബിഐ നയം പ്രഖ്യാപിക്കുന്നതിന് തൊട്ട് മുൻപേ തന്നെ ബാങ്കുകൾ വായ്പാ നിരക്കുകൾ ഉയർത്തിയിരുന്നു. കഴിഞ്ഞ രണ്ട് തവണ റിസർവ് ബാങ്ക് പലിശ ഉയർത്തിയത് കൊണ്ടാണിത്. മാത്രമല്ല, ഇനി വരും മാസങ്ങളിൽ റിസർവ് ബാങ്ക് പലിശ നിരക്ക് കൂട്ടുമെന്ന് സൂചിപ്പിച്ചിട്ടുണ്ട്. അതിന്റെയർത്ഥം ഇനിയും ബാങ്കുകളുടെ പലിശ നിരക്കുകൾ ഉയരുമെന്നാണ്. ഇത് ഭവന, വാഹന വായ്പകൾ എടുത്ത സാധാരണക്കാരുടെ ഇ.എം.ഐ വർധിപ്പിക്കും.

രൂപയുടെ മൂല്യത്തെ സ്വാധീനിക്കും

രൂപയുടെ മൂല്യം ഉയർന്നിരിക്കുന്ന സമയത്ത് റിസർവ് ബാങ്ക് പലിശ നിരക്ക് ഉയർത്തുമെന്നാണ് പലരും പ്രതീക്ഷിച്ചത്. ആർബിഐ പലിശ നിരക്ക് ഉയർത്തുമ്പോൾ വിദേശ നിക്ഷേപകർക്ക് ആഭ്യന്തര കടം കൂടുതൽ ആകർഷകമാവും. വിദേശ ഫണ്ടുകൾ പുറത്തേക്കൊഴുകുന്നതിന് തടയിടാൻ ഇത്തരത്തിൽ സാധിക്കും. എന്നാൽ പലിശ നിരക്ക് ഉയർത്താത്തതുകൊണ്ട് വിദേശ നിക്ഷേപകരെ ആകർഷിക്കാൻ പുതിയ ചില ഇളവുകൾ ഇത്തവണ ആർബിഐ പ്രഖ്യാപിച്ചിരുന്നു.

സാമ്പത്തിക വളർച്ചാ നിരക്ക്

മുൻപേ സൂചിപ്പിച്ചതുപോലെ, തുടർച്ചയായ പലിശാ നിരക്ക് വർധന മൂലം ബാങ്കുകൾ വായ്പാ നിരക്ക് ഉയർത്തും. ഇഎംഐ തുകകൾ വർധിക്കുന്നതോടെ സാധാരണക്കാരന്റെ മാസ ചെലവുകൾ കൂടും. ചെലവ് ചെയ്യാനുള്ള ജനങ്ങളുടെ കഴിവിനെ ഇത് ബാധിക്കും. ഉപഭോക്താക്കൾ ചെലവാക്കാൻ മടിക്കുമ്പോൾ ബിസിനസുകളെ ഇത് പ്രതികൂലമായി ബാധിക്കും. ഇന്ധന വില റെക്കോർഡ് ഉയർച്ചയിൽ എത്തിനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരത്തിൽ ഒരു മാന്ദ്യം സമ്പദ് വ്യവസ്ഥയിൽ ഉണ്ടാകതിരിക്കാൻ കൂടിയാകാം മൂന്നാമതൊരു നിരക്ക് വർധന തൽക്കാലം വേണ്ടെന്ന് റിസർവ് ബാങ്ക് കരുതിയത്.

നാണയപ്പെരുപ്പം

നാണയപ്പെരുപ്പം നിയന്ത്രിക്കുക എന്നതാണ് റിസർവ് ബാങ്കിന്റെ പ്രധാന കർത്തവ്യങ്ങളിൽ ഒന്ന്. റിസർവ് ബാങ്ക് പലിശ നിരക്ക് ഉയർത്തുമ്പോൾ വായ്പകൾക്ക് ചെലവേറുകയും പണം ചെലവഴിക്കൽ കുറയുകയും ചെയ്യുന്നു. നാണയപ്പെരുപ്പം ഉയരുമ്പോൾ പലിശ നിരക്ക് ഉയർത്താനാണ് റിസർവ് ബാങ്ക് ശ്രമിക്കുക. മറിച്ച് പലിശ നിരക്ക് കുറക്കുകയാണ് ചെയ്യുന്നതെങ്കിൽ പണം ചെലവിടൽ കൂടുകയും രാജ്യത്തിന്റെ സാമ്പത്തിക വളർച്ചക്ക് വേഗം കൈവരികയും ചെയ്യും. ഇത് നാണയപ്പെരുപ്പം ഉയർത്തും.

റിയൽ എസ്റ്റേറ്റ്

പലിശ നിരക്ക് മാറ്റമില്ലാതെ തുടരും എന്ന് ആർബിഐ പ്രഖ്യാപിച്ചതിലൂടെ ആശ്വാസമായത് റിയൽ എസ്റ്റേറ്റ് മേഖലക്കാണ്. വായ്പാ ചെലവ് വർധിക്കുന്നതോടെ പുതിയതായി വീടോ സ്ഥലമോ വാങ്ങാൻ ഉദ്ദേശിക്കുന്നവരെ അകറ്റി നിർത്തും. മൂന്നാമതൊരു നിരക്ക് വർധന കൂടി ഉണ്ടായിരുന്നെങ്കിൽ ഉത്സവ സീസണിൽ തീരെ ഡിമാൻഡ് ഇല്ലാതായേനെ എന്നാണ് റിയൽ എസ്റ്റേറ്റ് മേഖലയിൽ ഉള്ളവർ ചൂണ്ടിക്കാണിക്കുന്നത്.

എന്നിരുന്നാലും വരും നാളുകളിൽ നിരക്ക് വർധനക്കുള്ള സാധ്യത ഉണ്ടെന്നാണ് റിസർവ് ബാങ്ക് ഒക്ടോബർ വായ്പാ അവലോകന യോഗത്തിന് ശേഷം പറഞ്ഞിരിക്കുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it