ആപ്പിള്‍ ഇറക്കുമതിക്ക് വിലക്കേര്‍പ്പെടുത്തി ഇന്ത്യ

കിലോയ്ക്ക് 50 രൂപയോ അതില്‍ താഴെയോ വിലയുള്ള ആപ്പിളുകളുടെ ഇറക്കുമതിക്ക് വിലക്കേര്‍പ്പെടുത്തി ഇന്ത്യ. അടിസ്ഥാനവില, ഇന്‍ഷ്വറന്‍സ്, ചരക്കുകൂലി (Cost, Insurance, Freight/CIF) എന്നിവ ചേർത്തുള്ള ഇറക്കുമതി വില 50 രൂപയ്ക്കും അതിനും താഴെയുള്ള ആപ്പിളുകള്‍ക്കാണ് വിലക്ക്. അയല്‍ രാജ്യമായ ഭൂട്ടാനില്‍ നിന്നുള്ള ഇറക്കുമതിക്ക് വിലക്ക് ബാധകമല്ലെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (ഡി.ജി.എഫ്.ടി) വ്യക്തമാക്കി.

കാശ്മീരിന്റെ ആവശ്യം
ഇറാനില്‍ നിന്നും മറ്റും വിലകുറഞ്ഞ ആപ്പിള്‍ വന്‍തോതില്‍ ഇറക്കുമതി ചെയ്യപ്പെടുന്നത് ആഭ്യന്തര ആപ്പിളിന്റെ വിലകുറയാൻ ഇടയാക്കുന്നെന്നും ഇറക്കുമതിക്ക് നിയന്ത്രണം വേണമെന്നും കാശ്മീരിലെ ആപ്പിള്‍ കര്‍ഷകര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി. നേരത്തേയും ആപ്പിള്‍ ഇറക്കുമതിക്ക് കേന്ദ്രം നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും 2018ല്‍ ഭാഗികമായി നീക്കി. കൊച്ചി, കൊല്‍ക്കത്ത, മുംബൈ, ചെന്നൈ എന്നീ തുറമുഖങ്ങള്‍ വഴിയും ന്യൂഡല്‍ഹി വിമാനത്താവളം വഴിയും കരമാർഗവും ഇറക്കുമതി ചെയ്യാനാണ് അനുവദിച്ചത്.
ഇറക്കുമതി ആപ്പിള്‍
2021-22ല്‍ 38.51 കോടി ഡോളറിന്റെ (3,158 കോടി രൂപ) ആപ്പിള്‍ ഇന്ത്യ ഇറക്കുമതി ചെയ്തിരുന്നു. 2022-23ല്‍ ഏപ്രില്‍-ഫെബ്രുവരി വരെയുള്ള കണക്കുപ്രകാരം ഇറക്കുമതി 26.03 കോടി ഡോളറിന്റേതാണ് (2,134 കോടി രൂപ). ഇറാന്‍, ചിലി, ടര്‍ക്കി, ഇറ്റലി, അമേരിക്ക, ബ്രസീല്‍, യു.എ.ഇ അഫ്ഗാനിസ്ഥാന്‍, ഫ്രാന്‍സ്, ബെല്‍ജിയം, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, പോളണ്ട് എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതലും ഇറക്കുമതി.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it