ഇന്ത്യയില്‍ നിന്ന് അര്‍മീനിയ 40 മില്യണ്‍ ഡോളറിന്റെ ' സ്വാതി ' റഡാര്‍ വാങ്ങും

​ആയുധ കച്ചവട രംഗത്ത് പോളണ്ടില്‍ നിന്നും റഷ്യയില്‍ നിന്നുമുള്ള മല്‍സരത്തില്‍ വിജയിച്ച് ഇന്ത്യ 40 മില്യന്‍ ഡോളറിന്റെ റഡാര്‍ കരാറില്‍ അര്‍മീനിയയുമായി ഒപ്പുവച്ചു. തദ്ദേശീയമായി നിര്‍മ്മിച്ച ' സ്വാതി ' റഡാര്‍ ആണ് ആയുധ വിപണന രംഗത്ത് 'മേക്ക് ഇന്‍ ഇന്ത്യ'ക്കു മേല്‍ക്കൈ നല്‍കിയത്.

അന്‍പത് കിലോമീറ്ററിനുള്ളിലുള്ള റോക്കറ്റ്, ഷെല്‍ ലോഞ്ചറുകളെ കൃത്യമായി കണ്ടെത്തുന്ന നാല് സ്വാതി റഡാറുകള്‍ക്കാണ് അര്‍മീനിയ കരാര്‍ നല്‍കിയിരിക്കുന്നത്. ആക്രമണങ്ങളുടെ ഉറവിടം കണ്ടെത്താന്‍ സഹായിക്കുന്ന റഡാര്‍ ആണ് സ്വാതി. ഡി.ആര്‍.ഡി.ഒ തദ്ദേശീയമായി രൂപകല്‍പ്പന ചെയ്ത റഡാര്‍ വ്യാവസായികമായി നിര്‍മ്മിക്കുന്നത് ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് ആണ്.

അര്‍മീനിയയുടെ കരാര്‍ നേടിയെടുക്കാന്‍ കഴിഞ്ഞതിലൂടെ വലിയ ആയുധക്കയറ്റുമതിക്കാണ് ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത്. പ്രധാനമന്ത്രി പ്രഖ്യാപിച്ച 35,000 കോടിയുടെ ആയുധക്കരാര്‍ ലക്ഷ്യമാക്കി തെക്ക് കിഴക്കന്‍ , ലാറ്റിന്‍ അമേരിക്കന്‍ , അറബ് രാജ്യങ്ങള്‍ക്ക് ആയുധങ്ങള്‍ വില്‍ക്കാനാണ് ഇന്ത്യ ഉദ്ദേശിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പ്രാരംഭ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. സ്വാതി കരാര്‍ ഈ ചര്‍ച്ചകള്‍ക്ക് വലിയ മുന്നേറ്റം നല്‍കുമെന്ന് പ്രതിരോധ വൃത്തങ്ങള്‍ പറയുന്നു.

പോളണ്ടിലേയും റഷ്യയിലേയും ആയുധക്കമ്പനികളായിരുന്നു ഇന്ത്യക്കൊപ്പം കച്ചവടത്തില്‍ മത്സരിക്കാനെത്തിയത്. അര്‍മീനിയന്‍ സൈന്യം നടത്തിയ സമഗ്രമായ പരീക്ഷണത്തില്‍ ഇന്ത്യയുടെ സ്വാതി വിജയം നേടുകയായിരുന്നു. 50 കിലോമീറ്റര്‍ പരിധിയില്‍ മോര്‍ട്ടാര്‍, ഷെല്ലുകള്‍, റോക്കറ്റുകള്‍ തുടങ്ങിയ ശത്രു ആയുധങ്ങളുടെ വേഗത, കൃത്യ സ്ഥാനം എന്നിവ കണ്ടെത്താന്‍ സ്വാതി സഹായിക്കും.

വിവിധ സ്ഥലങ്ങളില്‍ നിന്ന് വിക്ഷേപണം നടത്തുന്ന വ്യത്യസ്ത ആയുധ ലോഞ്ചറുകളെ ഒരേ സമയം കണ്ടെത്തും സ്വാതി. ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ സൈന്യം ഈ റഡാറുകള്‍ ഉപയോഗിക്കുന്നുണ്ട്. അവിടെ പാകിസ്ഥാനില്‍നിന്നുള്ള ആക്രമണത്തിന്റെ ഉറവിടം കണ്ടെത്തുന്നു ഇതിലൂടെ.കഴിഞ്ഞ വര്‍ഷമാണ് ഈ സംവിധാനം ട്രയല്‍ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ സൈന്യത്തിന് കൈമാറിയത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it