Begin typing your search above and press return to search.
ക്രൂഡോയില്‍ വില 90 ഡോളര്‍ കടന്നു; ഇന്ത്യക്കുള്ള ഡിസ്‌കൗണ്ട് ഇരട്ടിയാക്കി റഷ്യ
രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം രാജ്യാന്തര ക്രൂഡോയില്‍ വില വീണ്ടും 90 ഡോളര്‍ കടന്നു. ബ്രെന്റ് ക്രൂഡ് വില ബാരലിന് 90.92 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഡബ്ല്യു.ടി.ഐ ക്രൂഡ് വില 87.71 ഡോളറിലാണുള്ളത്.
പലസ്‌തൈന്റെ ഭാഗമായി ഗാസ മുനമ്പിലേക്ക് കരയുദ്ധം ലക്ഷ്യമിട്ട് ഇസ്രായേല്‍ പട്ടാളം പ്രവേശിച്ചുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ക്രൂഡോയില്‍ വില വീണ്ടും കുതിപ്പ് തുടങ്ങിയത്. മധ്യേഷ്യയില്‍ നിന്നുള്ള ക്രൂഡോയില്‍ വിതരണം താളംതെറ്റാന്‍ ഇസ്രായേല്‍-ഹമാസ് യുദ്ധം ഇടവരുത്തുമെന്ന സൂചനകളാണ് വിലക്കുതിപ്പ് സൃഷ്ടിക്കുന്നത്.
ആഗോള എണ്ണ ഉത്പാദനത്തിലും കയറ്റുമതിയിലും ഇസ്രായേലിനോ ഗാസയ്‌ക്കോ വലിയ പങ്കില്ല. എന്നാല്‍, ഇരുകൂട്ടരും തമ്മിലെ യുദ്ധം കനത്താല്‍ സമീപ രാജ്യങ്ങളും എണ്ണ ഉത്പാദനത്തില്‍ നിര്‍ണായക പങ്കുമുള്ള ഇറാന്‍, ഇറാക്ക്, സൗദി അറേബ്യ തുടങ്ങിയ ഇടങ്ങളില്‍ നിന്നുള്ള എണ്ണ കയറ്റുമതി തടസ്സപ്പെട്ടേക്കുമെന്നാണ് വിലയിരുത്തലുകള്‍.
ഇന്ത്യക്ക് റഷ്യയുടെ ഇരട്ടി ഡിസ്‌കൗണ്ട്
കഴിഞ്ഞ രണ്ടുമാസത്തിനിടെ ഇന്ത്യക്കുള്ള ഡിസ്‌കൗണ്ട് റഷ്യ ഇരട്ടിയോളം വര്‍ധിപ്പിച്ചു. ബാരലിന് 8-10 ഡോളര്‍ ഡിസ്‌കൗണ്ടാണ് റഷ്യ ഇപ്പോള്‍ ഇന്ത്യക്ക് നല്‍കുന്നത്.
ഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണയുടെ വിഹിതം ഇക്കാലയളവില്‍ 33 ശതമാനത്തില്‍ നിന്ന് 38 ശതമാനമായി കൂടുകയും ചെയ്തു. ഓഗസ്റ്റിലെ 30 ശതമാനത്തില്‍ നിന്നാണ് സെപ്റ്റംബറില്‍ 38 ശതമാനത്തിലേക്ക് റഷ്യ വിഹിതം ഉയര്‍ത്തിയത്.
ഡോളറും യു.എ.ഇ ദിര്‍ഹവും
അമേരിക്കന്‍ ഡോളറും യു.എ.ഇ ദിര്‍ഹവും നല്‍കിയാണ് ഇന്ത്യന്‍ എണ്ണവിതരണ കമ്പനികള്‍ ഇപ്പോള്‍ റഷ്യയില്‍ നിന്ന് ക്രൂഡോയില്‍ വാങ്ങുന്നത്. ഇടക്കാലത്ത് രൂപയിലും ഇടപാടുകള്‍ നടത്തിയെങ്കിലും റഷ്യന്‍ കമ്പനികള്‍ മടികാട്ടിയതോടെയാണ് വീണ്ടും ഡോളറിലേക്കും ദിര്‍ഹത്തിലേക്കും തിരിഞ്ഞത്.
ഭാരത് പെട്രോളിയം (ബി.പി.സി.എല്‍) ഏതാണ്ട് പാതിയോളം ക്രൂഡോയിലും വാങ്ങുന്നത് റഷ്യന്‍ കമ്പനികളില്‍ നിന്നാണ്. ഇന്ത്യന്‍ ഓയിലും (ഐ.ഒ.സി), ഹിന്ദുസ്ഥാന്‍ പെട്രോളിയവും (എച്ച്.പി.സി.എല്‍) മൂന്നിലൊന്ന് ക്രൂഡോയിലും വാങ്ങുന്നത് റഷ്യയില്‍ നിന്നാണ്.
ഇടക്കാലത്ത് ഇന്ത്യയും റഷ്യയും തമ്മിലെ ഇടപാടിന് ചൈനീസ് കറന്‍സിയായ യുവാനും ഉപയോഗിച്ചിരുന്നെങ്കിലും പിന്നീട് നിറുത്തി. കേന്ദ്രസര്‍ക്കാര്‍ അതൃപ്തി പ്രകടിപ്പിച്ച പശ്ചാത്തലത്തിലാണ് യുവാന്‍ ഒഴിവാക്കിയത്.
Next Story