ജി.ഡി.പി കണക്കിന്റെ വിശ്വാസ്യത ചോദ്യം ചെയ്ത് വിദഗ്ധര്‍
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ഗതി വരച്ചുകാട്ടാന്‍ റിസര്‍വ് ബാങ്കും സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയവും പുറത്തുവിട്ട കണക്കുകള്‍ യഥാര്‍ത്ഥ ഡാറ്റയുടെ അഭാവത്തില്‍ കൃത്യതയില്ലാത്തതാകാനുള്ള സാധ്യത വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കൃത്യതയില്‍ നിന്ന് അകന്ന അമിത സംഖ്യകള്‍ ജിഡിപി എസ്റ്റിമേറ്റുകളുടെ ഭാഗമായെന്നാണ് മുന്‍ ദേശീയ ചീഫ് സ്റ്റാറ്റിസ്റ്റിഷ്യന്‍ പ്രണബ് സെന്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നത്.
രാജ്യത്തിന്റെ ദേശീയ വരുമാന കണക്കുകള്‍ സംബന്ധിച്ച വിമര്‍ശനം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി രൂക്ഷമായിവരുന്നതിനിടെയാണ് മന്ത്രാലയം പുറത്തുവിട്ട നാലാം പാദ താത്ക്കാലിക എസ്റ്റിമേറ്റ് അനുസരിച്ച് വളര്‍ച്ചാ നിരക്ക് 3.1 ശതമാനമെന്ന കണക്ക് ചോദ്യം ചെയ്യപ്പെടുന്നത്. കണക്കുകളുടെ വിശ്വാസ്യത ചൈനയുടെ വഴിക്ക് പോകുന്നുവെന്ന അഭിപ്രായം ഇതോടൊപ്പം ആവര്‍ത്തിക്കപ്പെടുന്നുമുണ്ട്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ (ജനുവരി മുതല്‍ മാര്‍ച്ച് വരെ) ജിഡിപിയില്‍ രണ്ട് ലക്ഷം കോടി രൂപയോളം കൂടുതലായി കണക്കാക്കിയിട്ടുണ്ടെന്ന വാദവും പ്രണബ് സെന്‍ ഉയര്‍ത്തുന്നു. വാര്‍ഷിക ജിഡിപിയുടെ ഒരു ശതമാനം വരും ഇത്. സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം പുറത്തുവിട്ട ഡാറ്റ മിക്ക സാമ്പത്തിക ശാസ്ത്രജ്ഞരെയും അത്ഭുതപ്പെടുത്തിയിരന്നു. പല ഏജന്‍സികളില്‍ നിന്നായി അതുവരെ വന്ന കണക്കുകളേക്കാള്‍ വളരെ കൂടുതലായിരുന്നു മന്ത്രാലയത്തിന്റേത്.ഇന്ത്യയുടെ ദേശീയ വരുമാന അക്കൗണ്ടുകള്‍ക്ക് സമീപകാലത്ത് വളരെയധികം ഏറ്റക്കുറച്ചിലുകള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും കഴിഞ്ഞ 2-3 വര്‍ഷത്തിനിടയിലാണ് ഡാറ്റ ഇത്രയധികം അസ്ഥിരമായിത്തീര്‍ന്നതെന്നും പല സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെട്ടു.
.
നാലാം പാദ ജിഡിപി മൈനസ് 1.5% ആയിരിക്കുമെന്നായിരുന്നു സ്റ്റാന്‍ചാര്‍ട്ടിലെ അനുഭൂതി സഹായ് പ്രവചിച്ചത്.അതേസമയം, നാലാം പാദത്തില്‍ 1 % മുതല്‍ 2% വരെ വളര്‍ച്ചാ നിരക്ക് ആണ് മിക്കവരും രേഖപ്പെടുത്തിയത്. എന്നാല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയമാകട്ടെ 3.1 ശതമാനമാക്കി. ഇതൊരു അമിത എസ്റ്റിമേറ്റാണെന്ന് പ്രണബ് സെന്‍ ഉടന്‍ തന്നെ പ്രതികരിച്ചിരുന്നു. വിവര ശേഖരണ പ്രശ്നങ്ങളാലുള്ള പരിമിതിയാകാം കാരണമെങ്കിലും കണക്ക് തെറ്റാണെന്ന അഭിപ്രായം ഡിബിഎസ് ബാങ്ക് ഇന്ത്യ സാമ്പത്തിക വിദഗ്ധ രാധിക റാവുവും പങ്കുവച്ചിരുന്നു. സര്‍ക്കാര്‍ ഡാറ്റ വിശ്വാസ്യത പുന:സ്ഥാപിക്കേണ്ടതുണ്ടെന്നും വളരാന്‍ ആഗ്രഹിക്കുന്ന ഒരു സമ്പദ്വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ഇത് നിര്‍ണ്ണായകമാണെന്നും നിരീക്ഷകര്‍ പറയുന്നു.
11 വര്‍ഷത്തിനിടയിലെ ഏറ്റവും മന്ദഗതിയാണെങ്കിലും 2019-20 ല്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ 4.2 ശതമാനം വളര്‍ച്ച നേടിയെന്നാണ് സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം കണ്ടെത്തിയത്. പല മേഖലകളിലെയും വരുമാനം കൃത്യമായി ലഭ്യമാകാതിരിക്കേ വളര്‍ച്ചാ നിരക്കിന്റെ താഴേക്കുള്ള പുനരവലോക വാതില്‍ ഇപ്പോഴും തുറന്നു കിടക്കുകയാണെന്നാണ് രാധിക റാവു പറഞ്ഞത്.ഏപ്രില്‍-ജൂണ്‍ പാദത്തിലെ കണക്കുകളിലൂടെയേ സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് കൂടുതല്‍ വ്യക്തമായ ചിത്രം ലഭിക്കൂ. കോവിഡ് -19 അനുബന്ധ തടസ്സങ്ങളില്‍ നിന്ന് കരകയറാനുള്ള സാധ്യതകള്‍ മൂടിക്കെട്ടിയതിനാല്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് ഈ വര്‍ഷം മുഴുവന്‍ സങ്കോച സാധ്യതയുണ്ടെന്നും രാധിക അഭിപ്രായപ്പെട്ടു. ഇത് ശരിവയ്ക്കുന്നതോടൊപ്പം, 2020-21 ല്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ കുറഞ്ഞത് 11.5 ശതമാനം ചുരുങ്ങുമെന്ന് പ്രണബ് സെന്‍ കണക്കാക്കുന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline