വിവിധ റേറ്റിംഗ്, ഗവേഷണ ഏജന്‍സികള്‍ പക്ഷേ, ഇന്ത്യക്ക് പ്രതീക്ഷിക്കുന്ന വളര്‍ച്ചാനിരക്ക് 6.3 മുതല്‍ 6.5 ശതമാനം വരെയാണ്. 2022-23ല്‍ ഇന്ത്യ 7.2 ശതമാനം വളര്‍ന്നിരുന്നു. നടപ്പുവര്‍ഷം 7.3 ശതമാനം വളര്‍ച്ചയാണ് നേരത്തേ കേന്ദ്രസര്‍ക്കാരിന് കീഴിലെ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് (NSO) പ്രവചിച്ചിരുന്നത്. ഇതാണ് ഇപ്പോള്‍ 7 ശതമാനത്തിലേക്ക് കുറച്ചതെന്നതും ശ്രദ്ധേയമാണ്.
7 ലക്ഷം കോടി സമ്പദ്‌വ്യവസ്ഥയിലേക്ക്
ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് ആഭ്യന്തര വെല്ലുവിളികളില്ലെന്നാണ് ധനമന്ത്രാലയത്തിന്റെ അഭിപ്രായം. ഭൗമരാഷ്ട്രീയ (Geopolitical) പ്രശ്‌നങ്ങളും അവ ആഗോള സമ്പദ്‌രംഗത്ത് സൃഷ്ടിക്കുന്ന ആഘാതങ്ങളുമാണ് ഇന്ത്യക്കും വെല്ലുവിളി.നിലവിലെ പണപ്പെരുപ്പം നിയന്ത്രണവിധേയമാണ്. പണപ്പെരുപ്പം ആശ്വാസതലത്തില്‍ തുടരുകയും രൂപയുടെ മൂല്യം ഭേദപ്പെട്ട നിരക്കില്‍ സ്ഥിരതപുലര്‍ത്തുകയും ചെയ്താല്‍ 2030ഓടെ ഇന്ത്യ 7 ലക്ഷം കോടി ഡോളര്‍ സമ്പദ്‌വ്യവസ്ഥയാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തി
നിലവില്‍ 3.3 ലക്ഷം കോടി ഡോളര്‍ മൂല്യവുമായി ലോകത്തെ 5-ാമത്തെ വലിയ സാമ്പത്തിക ശക്തിയാണ് ഇന്ത്യ. നടപ്പുവര്‍ഷം മാര്‍ച്ചില്‍ ഇത് 3.65 ലക്ഷം കോടി ഡോളറാകുമെന്ന് കേന്ദ്രം കരുതുന്നു. മൂന്നുവര്‍ഷത്തിനകം 5 ലക്ഷം കോടി ഡോളര്‍ സമ്പദ്‌വ്യവസ്ഥയെന്ന നേട്ടം ഇന്ത്യ സ്വന്തമാക്കുമെന്നും അതോടെ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്നും കേന്ദ്രം വിലയിരുത്തുന്നു.
ജര്‍മ്മനിയെയും ജപ്പാനെയുമാണ് ഇന്ത്യ പിന്തള്ളുക. ലോകത്തെ ആദ്യ രണ്ട് വലിയ സാമ്പത്തിക ശക്തികളായി യഥാക്രമം അമേരിക്കയും ചൈനയും തുടരും. 2030ഓടെ ഇന്ത്യ 7 ലക്ഷം കോടി ഡോളര്‍ സമ്പദ്ശക്തിയാകുമെന്നും കേന്ദ്രം പ്രതീക്ഷിക്കുന്നു.
ഉറ്റുനോട്ടം കേന്ദ്ര ബജറ്റില്‍
2047ഓടെ ഇന്ത്യയെ വികസിതരാജ്യമാക്കുകയെന്ന ലക്ഷ്യത്തിലൂന്നിയുള്ള പദ്ധതികളാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നത്. ഇതിലേക്കുള്ള ചുവടുവയ്പ്പായിരുന്നു കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഏഴ് വികസനത്തൂണുകളിലൂന്നി മുന്നോട്ടുവച്ചത്.
രാജ്യത്ത് നിക്ഷേപങ്ങള്‍ ഉണര്‍വിന്റെ പാതയിലാണെന്നും സാമ്പത്തിക അടിത്തറ ശക്തമാണെന്നും കേന്ദ്രം വാദിക്കുന്നു. 2020-21ല്‍ നിക്ഷേപാനുപാതം ജി.ഡി.പിയുടെ 27.3 ശതമാനമായിരുന്നത് 2022-23ല്‍ 29.2 ശതമാനമായും 2023-24ല്‍ ഇതിനകം 29.8 ശതമാനമായും വളര്‍ന്നു.
ഭവന പദ്ധതികളുടെ വിലനിലവാരം 2021-22ല്‍ 2.3 ശതമാനമായിരുന്നത് നടപ്പുവര്‍ഷം ആദ്യപകുതിയില്‍ 4.3 ശതമാനത്തിലേക്ക് ഉയര്‍ന്നത് മെച്ചപ്പെട്ട ജീവിത നിലവാരത്തിന് തെളിവാണെന്നും ധനമന്ത്രാലയം പറയുന്നു. രാജ്യത്ത് സ്ത്രീ തൊഴിലാളികളുടെ പങ്കാളിത്തം 2017-18ല്‍ 23.3 ശതമാനമായിരുന്നത് 2022-23ല്‍ ഉയര്‍ന്നത് 37 ശതമാനത്തിലേക്കാണെന്നത് ശ്രദ്ധേയമാണെന്നും കേന്ദ്രം പറയുന്നു.
144 കോടി വരുന്ന ഇന്ത്യന്‍ ജനസംഖ്യയുടെ 65 ശതമാനവും കഴിയുന്നത് ഗ്രാമീണ മേഖലകളിലാണ്. അതില്‍ തന്നെ കാര്‍ഷിക രംഗത്ത് ഉപജീവനം കഴിക്കുന്നവരാണ് ഏറെയും. അതിനാല്‍ കര്‍ഷക, വനിതാക്ഷേമം ഉറപ്പാക്കുകയാകും ഇക്കുറിയും ബജറ്റില്‍ കേന്ദ്രത്തിന്റെ മുഖ്യ ഉന്നം. തിരഞ്ഞെടുപ്പില്‍ വോട്ടുറപ്പിക്കാനും അത് കേന്ദ്രത്തിന് അനിവാര്യമാണ്.
കാര്‍ഷികോത്പന്നങ്ങളുടെ കയറ്റുമതി നിരോധനം, കാലാവസ്ഥാ വ്യതിയാനം, ഉത്പാദനക്കുറവ്, വിലയിടിവ് തുടങ്ങിയവ മൂലം പൊറുതിമുട്ടിയിരിക്കുന്ന കര്‍ഷകരെ തൃപ്തിപ്പെടുത്തുകയെന്ന വെല്ലുവിളി ധനമന്ത്രി നിര്‍മ്മല സീതാരാമന് മുന്നിലുണ്ട്.
അതുകൊണ്ട് ഭക്ഷ്യ, വളം, പാചകവാതക സബ്‌സിഡികളടക്കമുള്ള ആനുകൂല്യങ്ങള്‍ ഇക്കുറി വര്‍ധിപ്പിച്ചേക്കാം. കാര്‍ഷികം, ഗ്രാമവികസനം, അടിസ്ഥാനസൗകര്യം, യുവാക്കള്‍ക്ക് തൊഴിലവസരങ്ങളൊരുക്കല്‍, സ്ത്രീക്ഷേമം, ആരോഗ്യം, ടൂറിസം മേഖലകള്‍ക്ക് വലിയ ഊന്നല്‍ ഇടക്കാല ബജറ്റിലും പ്രതീക്ഷിക്കാം.