ജപ്പാനും ജര്‍മ്മനിയും പിന്നോട്ട്; മൂന്നാമത്തെ വലിയ സമ്പദ്ശക്തിയാകാന്‍ ഇന്ത്യ

സുസ്ഥിര സാമ്പത്തിക വളര്‍ച്ച ഈ ദശാബ്ദത്തിലും തുടരാന്‍ ഇന്ത്യക്ക് കഴിയുമെന്നും 2030ഓടെ ജപ്പാനെയും ജര്‍മ്മനിയെയും പിന്തള്ളി ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്നും പ്രമുഖ സ്റ്റോക്ക് മാര്‍ക്കറ്റ് സേവനദാതാക്കളായ എസ് ആന്‍ഡ് പിയുടെ ഗവേഷണ വിഭാഗമായ എസ് ആന്‍ഡ് പി ഗ്ലോബല്‍ മാര്‍ക്കറ്റ് ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട്.

നിലവില്‍ 3.7 ലക്ഷം കോടി ഡോളര്‍ മൂല്യവുമായി അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയാണ് ഇന്ത്യ. 2030ഓടെ മൂല്യം ഇരട്ടിയോളം വളര്‍ന്ന് 7.3 ലക്ഷം കോടി ഡോളറാകുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ജപ്പാനെ പിന്തള്ളി 2030ഓടെ ഏഷ്യ-പസഫിക്കിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയെന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കും. ഏറ്റവും വലിയ ഏഷ്യന്‍ സമ്പദ്‌വ്യവസ്ഥയായി ചൈന തുടരും. അമേരിക്ക, ചൈന എന്നിവ യഥാക്രമം ലോകത്തെ ഏറ്റവും വലിയ ഒന്നും രണ്ടും സാമ്പത്തികശക്തികളെന്ന സ്ഥാനങ്ങളും നിലനിറുത്തും.
ഇന്ത്യയുടെ കരുത്ത്
വ്യാവസായിക, ഡിജിറ്റല്‍ രംഗങ്ങളിലെ കുതിപ്പാണ് ഇന്ത്യയുടെ വളര്‍ച്ചയുടെ നെടുംതൂണുകളാവുകയെന്ന് എസ് ആന്‍ഡ് പി ഗ്ലോബല്‍ മാര്‍ക്കറ്റ് ഇന്റലിജന്‍സ് വ്യക്തമാക്കി. വാഹനം, ഇലക്ട്രോണിക്‌സ്, കെമിക്കല്‍ തുടങ്ങിയ മാനുഫാക്ചറിംഗ് മേഖലകളിലും അടിസ്ഥാനസൗകര്യ രംഗത്തും സമീപകാലത്ത് കാഴ്ചവച്ച കുതിപ്പും സേവന മേഖലകളായ ബാങ്കിംഗ്, ഇന്‍ഷ്വറന്‍സ്, അസറ്റ് മാനേജ്‌മെന്റ്, ഹെല്‍ത്ത്‌കെയര്‍, ഐ.ടി, ലോജിസ്റ്റിക്‌സ് മേഖലകളിലെ വളര്‍ച്ചയും ഇന്ത്യക്ക് കരുത്താണ്.
ഇന്റര്‍നെറ്റിന്റെയും 5ജി നെറ്റ്‌വര്‍ക്ക്, 5ജി സ്മാര്‍ട്ട്‌ഫോണുകള്‍ എന്നിവയുടെയും ഡിജിറ്റല്‍ ഇടപാടുകളുടെയും വ്യാപനവും ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് മികച്ച പിന്തുണയാണ് നല്‍കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2020ല്‍ 50 കോടിയായിരുന്നു ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍. 2030ല്‍ ഇത് 110 കോടിയാകുമെന്നാണ് വിലയിരുത്തല്‍.
ഉപഭോക്തൃ വിപണിയുടെ കരകയറ്റം, നേരിട്ടുള്ള വിദേശ നിക്ഷേപത്തിലെ (FDI) വര്‍ധന എന്നിവയും നേട്ടമാണ്. 2022-23ല്‍ 7,100 കോടി ഡോളറിന്റെ വിദേശനിക്ഷേപമാണ് നേരിട്ട് ഇന്ത്യയിലേക്ക് ഒഴുകിയത്. 2003-04 വര്‍ഷത്തെ 400 കോടി ഡോളറിനേക്കാള്‍ 18 മടങ്ങ് അധികം.
ഇനി കുതിപ്പിന്റെ കാലം
ഇന്ത്യ 2026ല്‍ തന്നെ ജര്‍മ്മനിയെ പിന്നിലാക്കി നാലാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് നേരത്തേ അന്താരാഷ്ട്ര നാണ്യനിധി (IMF) അഭിപ്രായപ്പെട്ടിരുന്നു. 2027ല്‍ ജപ്പാനെയും പിന്തള്ളി ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്ശക്തിയുമാകും. 6 ലക്ഷം കോടി ഡോളര്‍ ജി.ഡി.പി മൂല്യമെന്ന നേട്ടം 2028ല്‍ ഇന്ത്യ സ്വന്തമാക്കുമെന്നും ഐ.എം.എഫ് പറയുന്നു.
Related Articles
Next Story
Videos
Share it