കേന്ദ്ര ബജറ്റ്; അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍, അറിയേണ്ട കാര്യങ്ങള്‍
അടിസ്ഥാന സൗകര്യ വികസനത്തിനും സമ്പദ് വ്യവസ്ഥയുടെ സുസ്ഥിരതയ്ക്കും ഊന്നല്‍ നല്‍കിയാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇത്തവണത്തെ ബജറ്റ് അവതരിപ്പിച്ചത്. സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയുള്ള സമ്പദ് വ്യവസ്ഥയാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. വികസനം മുന്നില്‍ കണ്ട് മൂലധന നിക്ഷേപം 10 ലക്ഷം കോടിയായി ഉയര്‍ത്തും. 33 ശതമാനം വര്‍ധനവാണ് മൂലധന നിക്ഷേപത്തില്‍ വരുന്നത്.
റെയില്‍വേയ്ക്കായി 2.40 ലക്ഷം കോടി
റെയില്‍വേയ്ക്കായി ബജറ്റിലെ നീക്കിയിരിപ്പ് 2.40 ലക്ഷം കോടി രൂപയാണ്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയാണ് ഇത്തവണ റെയില്‍വേയ്ക്ക് നല്‍കിയിരിക്കുന്നത്. റോഡ് ട്രാന്‍സ്പോര്‍ട്ട്, ഹൈവേ എന്നിവ നിര്‍മിക്കുന്നതിനായി മാറ്റിവെക്കുന്നത് 2.70 ലക്ഷം കോടി രൂപയാണ്. ഗ്രാമീണ വികസനത്തിന് 1.60 ലക്ഷം കോടി രൂപയും കമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിന് 1.23 ലക്ഷം കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
രാജ്യത്ത് പുതുതായി 50 വിമാനത്താവളങ്ങളും ഹെലിപോര്‍ട്ടുകളും നിര്‍മിക്കും. പോര്‍ട്ടുകള്‍, കല്‍ക്കരി, സ്റ്റീല്‍, വളം മേഖലകളെ ബന്ധിപ്പിച്ചുകൊണ്ട് 100 ട്രാന്‍സ്പോര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്റ്റുകള്‍ ബജറ്റ് അവതരിപ്പിക്കുന്നു. അര്‍ബന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് ഫണ്ട് രൂപീകരിച്ച് ടയര്‍ 2, ടയര്‍ 3 നഗരങ്ങളിലെ അടിസ്ഥാന സൗകര്യ വികസനം സാധ്യമാക്കുമെന്നും ബജറ്റില്‍ പറയുന്നു.
2023-24ല്‍ കേന്ദ്രം 27.2 ലക്ഷം കോടിയുടെ വരുമാനം പ്രതീക്ഷിക്കുന്നതായി ധനമന്ത്രി അറിയിച്ചു. വരുന്ന സമ്പത്തിക വര്‍ഷം ആകെ ചെലവ് 45 ലക്ഷം കോടി രൂപ ആയിരിക്കുമെന്നാണ് വിലയിരുത്തല്‍. 23.3 ലക്ഷം കോടിയുടെ അറ്റ നികുതി വരുമാനം ആണ് പ്രതീക്ഷിക്കുന്നത്. ഇക്കാലയളവില്‍ 15.43 ലക്ഷം കോടി രൂപ കേന്ദ്രം വിപണിയില്‍ നിന്ന് കടമെടുക്കും. ജിഡിപിയുടെ 5.9 ശതമാനം ആയിരിക്കും ധനക്കമ്മി. 2025-26 ഓടെ ധനക്കമ്മി 4.5 ശതമാനത്തില്‍ താഴെയാക്കുകയാണ് ലക്ഷ്യം.
ആദായ നികുതിയിലെ മാറ്റങ്ങള്‍
ആദായ നികുതിയില്‍ നിര്‍ണായക മാറ്റങ്ങളും ധനമന്ത്രി പ്രഖ്യാപിച്ചു. പുതിയ നികുതി രീതിയില്‍ ഇനി മുതല്‍ ഏഴുലക്ഷം രൂപവരെയുള്ള വരുമാനക്കാര്‍ക്ക് നികുതി ഉണ്ടാകില്ല. അതേ സമയം പഴയ നികുതി രീതി തുടരും. നികുതി സ്ലാബുകള്‍ അഞ്ചാക്കി കുറച്ചിട്ടുണ്ട്. വരുമാനം 3-6 ലക്ഷം വരെയുള്ളവര്‍ 5 ശതമാനം ആണ് നികുതി നല്‍കേണ്ടത്. 6-9 ലക്ഷം വരെയുള്ളവയ്ക്ക് 10 ശതമാനവും 9-12 ലക്ഷം വരെയുള്ളവയ്ക്ക് 15 ശതമാനവും ആണ് നികുതി. 12-15 ലക്ഷം വരെയുള്ളവയ്ക്ക് 20 ശതമാനം നികുതി നല്‍കണം.15 ലക്ഷത്തിന് മുകളില്‍ വരുമാനത്തിന് 30 ശതമാനം ആണ് നികുതി.
മറ്റ് പ്രഖ്യാപനങ്ങള്‍
2022-23 വര്‍ഷത്തെ ആകെ ചെലവ് പുതുക്കി. 41.9 ലക്ഷം കോടി രൂപയാവും ഇക്കാലയളവില്‍ ചെലവാക്കുക. നടപ്പ് സാമ്പത്തിക വര്‍ഷം ധനക്കമ്മി ജിഡിപിയുടെ 6.4 ശതമാനമായിരിക്കും. സംസ്ഥാനങ്ങള്‍ക്ക് 50 വര്‍ഷക്കാലയളവില്‍ നല്‍കുന്ന പലിശ രഹിത വായ്പ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടും. മഹിള സമ്മാന്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റിലൂടെ വനിതകള്‍ക്ക് 2 ലക്ഷം രൂപവരെ ഒറ്റത്തവണയായി നിക്ഷേപിക്കാം. രണ്ട് വര്‍ഷം കാലവധിയുള്ള ഈ നിക്ഷേപങ്ങള്‍ക്ക് 7.5% പലിശ ലഭിക്കും.
സർക്കാർ ഏജൻസികള്‍ പാൻ കാർഡ് തിരിച്ചറിയൽ രേഖയായി സ്വീകരിക്കും. എംഎസ്എംമികള്‍ക്ക് ഈടില്ലാതെ നല്‍കുന്ന വായ്പകയ്ക്കായി 9000 കോടി കൂടി അനുവദിക്കും. ഇതോടെ മേഖലയിലെ വായ്പ ശേഷി 2 ലക്ഷം കോടിയായി ഉയരും. അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ വികസിപ്പിക്കും. യാത്രാ സൗകര്യം, ഇന്റര്‍നെറ്റ്, ഉന്നത നിലവാരമുള്ള ഫൂഡ് സ്ട്രീറ്റുകള്‍, ടൂറിസ്റ്റ് ഗൈഡുമാരുടെ സേവനം, സുരക്ഷാ തുടങ്ങിയവ ഒരുക്കും. സേവനങ്ങളെല്ലാം സഞ്ചാരികള്‍ക്ക് മൊബൈല്‍ ആപ്ലിക്കേഷനിലൂടെ നല്‍കും.
പ്രധാന്‍മന്ത്രി കൗശല്‍ വികാസ് യോജനയിലൂടെ മൂന്ന് വര്‍ഷം കൊണ്ട് യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം. അന്താരാഷ്ട്ര തലത്തില്‍ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ 30 സ്‌കില്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ സെന്ററുകള്‍ തുടങ്ങും. സ്വര്‍ണം, വെള്ളി, വസ്ത്രം, സിഗരറ്റ് തുടങ്ങിയവയ്ക്ക് വില ഉയരും. ലിഥിയം അയണ്‍ ബാറ്ററി, മൊബൈല്‍ ഫോണ്‍ ഘടകങ്ങള്‍, ടിവി പാനലുകള്‍, ക്യാമറ ലെന്‍സ്, ഇലക്ട്രിക് ചിമ്മിനി, ഹീറ്റ് കോയില്‍, മെഥനോള്‍, അസറ്റിക് ആസിഡ് മുതലായവയുടെ വില കുറയും.
കേരളത്തിന് നിരാശ
കേരള ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ഉന്നയിച്ച ആവശ്യങ്ങളൊന്നും ഇന്ന് അവതരിപ്പിച്ച ബജറ്റില്‍ പരിഗണിച്ചില്ല. എയിംസിനായുള്ള സംസ്ഥാനത്തിന്റെ കാത്തിരിപ്പ് ഇനിയും നീളും. സില്‍വര്‍ലൈനെ സംബന്ധിച്ചും പരമാര്‍ശമില്ല. അതേ സമയം റെയില്‍വെയ്ക്ക് അനുവദിച്ച തുകയിലൂടെ ഏതൊക്കെ പദ്ധതികള്‍ കേരളത്തിലേക്ക് എത്തും എന്ന് വ്യക്തമല്ല.
തൊഴിലുറപ്പ് പദ്ധതിയില്‍ കേരളത്തിലെ തൊഴില്‍ ദിനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുക, ക്ഷേമ പെന്‍ഷനില്‍ കേന്ദ്രത്തിന്റെ വിഹിതം ഉയര്‍ത്തുക, കൊച്ചി മെട്രോയ്ക്ക് തുക അനുവദിക്കുക തുടങ്ങിയവ ആവശ്യങ്ങളൊന്നും പരിഗണിക്കപ്പെട്ടില്ല. അതേ സമയം 157 പുതിയ നഴ്‌സിംഗ് കോളജുകള്‍ തുടങ്ങുമെന്ന പ്രഖ്യാപം കേരളത്തിന് ഗുണം ചെയ്യും.