ഇന്ത്യന്‍ കോവിഡ് വാക്‌സിന് ആവശ്യക്കാരേറെ; വാണിജ്യ കയറ്റുമതിക്ക് തുടക്കം

ഇന്ത്യന്‍ കോവിഡ് വാക്‌സിന്‍ ആവശ്യപ്പെട്ട് കൂടുതല്‍ രാജ്യങ്ങള്‍ രംഗത്തെത്തിയതോടെ ഇന്ത്യയില്‍നിന്നുള്ള വാണിജ്യ കയറ്റുമതിക്ക് തുടക്കമായി. നേരത്തെ മാലിദ്വീപ്, ഭൂട്ടാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് ഇന്ത്യ സൗജന്യമായി കോവിഡ് വാക്‌സിനുകള്‍ ലഭ്യമാക്കിയിരുന്നു. വാണിജ്യ അടിസ്ഥാനത്തിലുള്ള കോവിഡ് വാക്‌സിനുകള്‍ ബ്രസീല്‍, മൊറോക്കോ എന്നിവിടങ്ങളിലേക്കാണ് ആദ്യഘട്ടത്തില്‍ കയറ്റുമതി ചെയ്യുന്നത്. ഇവിടങ്ങളിലേക്കുള്ള വാക്‌സിനുകള്‍ ഇന്ന് കയറ്റുമതി ചെയ്യും.

'അന്താരാഷ്ട്രതലത്തില്‍ നമ്മുടെ വാക്‌സിന് വലിയ ഡിമാന്റുണ്ട്' വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് ഷ്രിംഗ്ല പറഞ്ഞു. ഫാര്‍മ, ഹെല്‍ത്ത് കെയര്‍ മേഖലകളിലെ ആഗോള വമ്പന്മാര്‍ അവരുടെ ഇന്ത്യന്‍ എതിരാളികളുമായി സഹകരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. ഇത് കോവിഡ് വാക്‌സിന് വിതരണ ശൃംഖലയുടെ ഭാഗങ്ങള്‍ ഇന്ത്യയില്‍നിന്ന് പോകാന്‍ സാധ്യതയുണ്ട്. ഈ രംഗത്ത് സഹകരണം, ഉല്‍പ്പാദനം, ഗവേഷണ-വികസന കൂട്ടുകെട്ടുകള്‍ കാണുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു' സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യു കെ ആസ്ഥാനമായുള്ള മരുന്ന് നിര്‍മ്മാതാക്കളായ ആസ്ട്രാസെനെക്കയും ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയും വികസിപ്പിച്ചെടുത്ത വാക്‌സിനാണ് ലോകത്തെ ഏറ്റവും വലിയ വാക്‌സിനുകള്‍ ഉല്‍പാദിപ്പിക്കുന്ന സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഉല്‍പ്പാദിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ നിന്ന് ഈ വാക്‌സിനായി ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച ഇന്ത്യയില്‍ കുത്തിവയ്പ്പ് ആരംഭിക്കുന്നത് വരെ കോവിഡ് വാക്‌സിന്റെ കയറ്റുമതി സര്‍ക്കാര്‍ നിര്‍ത്തിവച്ചിരുന്നു. ബ്രസീലിലേക്കും മൊറോക്കോയ്ക്കും പിന്നാലെ സൗത്ത് ആഫ്രിക്ക, സഊദി അറേബ്യ എന്നിവിടങ്ങളിലേക്കും വാക്‌സിന്‍ കയറ്റി അയക്കും.
അമേരിക്കയ്ക്ക് ശേഷം ലോകത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ കോവിഡ് മരണസംഖ്യയുള്ള ബ്രസീല്‍, വാക്‌സിന്‍ അയയ്ക്കാന്‍ ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചിരുന്നു. സെറമില്‍ നിന്ന് 20 ലക്ഷം ഡോസുകളാണ് ബ്രസിലേക്ക് അയക്കുന്നത്.


Related Articles
Next Story
Videos
Share it