സ്റ്റേഷനുകളില്‍ ₹41,000 കോടിയുടെ വികസനത്തിന് തുടക്കമിട്ട് റെയില്‍വേ; കേരളത്തില്‍ 51 പദ്ധതികള്‍

രാജ്യത്തെ വിവിധ റെയില്‍വേ സ്റ്റേഷനുകളിലായി 41,000 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു. റെയില്‍വേയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള രണ്ടായിരം പദ്ധതികളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ഉച്ചയ്ക്ക് 12.30ന് വീഡിയോ കോണ്‍ഫറന്‍സ് മുഖേനയാണ് നരേന്ദ്രമോദി ഉദ്ഘാടനം നിര്‍വഹിച്ചത്.

ഇന്ത്യ ഇപ്പോള്‍ വലിയ സ്വപ്‌നങ്ങള്‍ കാണുകയാണെന്നും അത് സാക്ഷാത്കരിക്കാനായി രാപ്പകലില്ലാതെ അധ്വാനിക്കുകയാണെന്നും നരേന്ദ്ര മോദി പറഞ്ഞു.

ജൂണില്‍ സര്‍ക്കാരിന്റെ മൂന്നാം ടേം ആരംഭിക്കും, കഴിഞ്ഞ 10 വര്‍ഷമായി പുതിയ ഇന്ത്യയുടെ നിര്‍മാണം ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. നിങ്ങളുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കണമെന്നത് എന്റെ നിശ്ചയദാര്‍ഢ്യമാണ്. നിങ്ങളുടെ സ്വപ്‌നവും കഠിനാധ്വാനവും എന്റെ നിശ്ചയദാര്‍ഢ്യവുമാണ് 'വികസിത് ഭാരതി'ന്റെ ഗ്യാരന്റിയെന്നും മോദി പറഞ്ഞു.

553 റെയില്‍വേ സ്റ്റേഷനുകള്‍

അമൃത് ഭാരത് പദ്ധതി പ്രകാരം 19,000 കോടി രൂപ മതല്‍മുടക്കില്‍ 553 റെയില്‍വേ സ്റ്റേഷനുകള്‍ നവീകരിക്കുന്നതിനും പ്രധാനമന്ത്രി തുടക്കം കുറിച്ചു. നഗരത്തിന്റെ ഇരുവശങ്ങളിലായി പ്രവര്‍ത്തിക്കുന്ന സിറ്റി സെന്ററുകളായി ഈ സ്റ്റേഷനുകളെ മാറ്റും.

റൂഫ് പ്ലാസ, ഷോപ്പിംഗ് സോണ്‍, ഫുഡ് കോര്‍ട്ട്, കിഡ്‌സ് പ്ലേ ഏരിയ എന്നീ സൗകര്യങ്ങളുമുണ്ടാകും. പ്രത്യക എന്‍ട്രി, എക്‌സിറ്റ് ഗേറ്റുകള്‍, മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ്, ലിഫ്റ്റ്, എസ്‌കലേറ്റര്‍, എക്‌സിക്യൂട്ടീവ് ലോഞ്ച്, വെയിറ്റിംഗ് ഏരിയ എന്നിവയും സജീകരിക്കും. ഭിന്നശേഷി സൗഹൃദമാക്കുകയും ചെയ്യും.

കേരളത്തില്‍ 51 പദ്ധതികള്‍

കേരളത്തില്‍ റെയില്‍വേ മേല്‍പ്പാലങ്ങളും അണ്ടര്‍പാസുകളുമടക്കം 51 പദ്ധതികള്‍ക്കാണ് നരേന്ദ്രമോദി പച്ചക്കൊടി വീശിയത്. കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനാണ് മേല്‍പ്പാലങ്ങളുടെ നിര്‍മാണ ചുമതല. നിര്‍മാണ ചെലവ് റെയില്‍വേയും സംസ്ഥാന സര്‍ക്കാരും തുല്യമായി വഹിക്കും.

പാലക്കാട് റെയില്‍വേ ഡിവിഷന് കീഴില്‍ 19 മേല്‍പ്പാലങ്ങളുടെ നിര്‍മാണവും ഒന്‍പത് സ്റ്റേഷനുകളുടെ നവീകരണ പ്രവൃത്തിയും ഉദ്ഘാടനം ചെയ്യും.

എറണാകുളം ജില്ലയില്‍ നിന്ന് മൂന്ന് പദ്ധതികളാണുള്ളത്. വടുതല റെയില്‍വേ മേല്‍പാലം നിര്‍മാണം, അങ്കമാലി അങ്ങാടിക്കടവ് റെയില്‍വേ അടിപ്പാത, കുരീക്കാട് റെയില്‍വേ മേല്‍പ്പാല നിര്‍മാണം എന്നിവയാണ് നരേന്ദ്ര മോദി ഉദ്ഘാടനം നിര്‍വഹിച്ചത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it