മദ്യ,സിഗരറ്റ് വിപണിയിലെ അധോഗതി ദീര്‍ഘകാലം തുടരും: നീല്‍സണ്‍ സര്‍വേ
കോവിഡ് -19 മൂലം ഇന്ത്യയിലെ മദ്യ , സിഗരറ്റ് ഉപഭോഗത്തില്‍ വന്നിട്ടുള്ള ഇടിവ് തുടരുമെന്നും ഈ രംഗത്ത് ഉല്‍പ്പാദക, വിപണന മേഖലയിലെ പ്രതിസന്ധി അടുത്ത കാലത്തൊന്നും നീങ്ങില്ലെന്നും സര്‍വേ റിപ്പോര്‍ട്ട്. പബ്ബുകളിലും റെസ്റ്റോറന്റുകളിലും ബാറുകളിലും ലോക്ഡൗണിനു ശേഷവും സാമൂഹിക അകലം പാലിക്കല്‍ തുടരേണ്ടിവരുമെന്നു തീര്‍ച്ചയായതിന്റെ അങ്കലാപ്പ് പങ്കുവയ്ക്കുന്നുണ്ട് കമ്പനികള്‍. ഇന്ത്യയിലെ 42% ഉപഭോക്താക്കളും അടുത്ത മാസങ്ങളില്‍ മദ്യത്തിനും പുകയില ഉല്‍പന്നങ്ങള്‍ക്കുമായുള്ള ചെലവ് കുറയ്ക്കുമെന്ന് നീല്‍സണ്‍ സര്‍വേ കണ്ടെത്തി.
സര്‍ക്കാര്‍ വിലക്ക് മൂലം ഏപ്രിലില്‍ 'ഔദ്യോഗികമായി' മദ്യ, സിഗരറ്റ് വില്‍പ്പന രാജ്യത്ത് നടന്നിട്ടില്ല. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ മദ്യത്തിന്റെ വില്‍പ്പനാ വളര്‍ച്ച 9 ശതമാനവും സിഗരറ്റിന്റേത് 2 ശതമാനവുമായിരുന്നു. വരുമാനത്തിലെ ഇടിവു മൂലം വിവേചനാധികാരച്ചെലവിന്റെ ശൈലി സ്വീകരിക്കാന്‍ നിര്‍ബന്ധിതരായ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് മദ്യവും സിഗരറ്റും വന്‍ തോതില്‍ തുടര്‍ന്നും കൈവിടേണ്ടിവരുമെന്ന് വ്യവസായ എക്‌സിക്യൂട്ടീവുകള്‍ പറയുന്നു.
ലോക്ഡൗണ്‍ കഴിഞ്ഞാല്‍ ഉടനെ ചില ഉപഭോക്താക്കള്‍ ഈ സാധനങ്ങളും കുറച്ചധികം വാങ്ങി സ്റ്റോക്ക് ചെയ്‌തേക്കാമെന്നതിനാല്‍ പ്രാരംഭ വില്‍പ്പനയില്‍ കുതിച്ചുചാട്ടമുണ്ടാകാമെങ്കിലും നഷ്ടപ്പെട്ട വില്‍പ്പനയുമായി പൊരുത്തപ്പെടില്ല ഇത്. തുടര്‍ന്നുള്ള വില്‍പ്പന കുറവായിരിക്കുമെന്നും എക്‌സിക്യൂട്ടീവുകള്‍ കരുതുന്നു.അതേസമയം, നിലവില്‍ ലോക്ഡൗണ്‍ അവഗണിച്ചും സിഗരറ്റും മദ്യവും പരമാവധി ചില്ലറ വില്‍പ്പന വിലയേക്കാള്‍ 25-100% വരെ ഉയര്‍ത്തി കരിഞ്ചന്തക്കാര്‍ വില്‍ക്കുന്നുണ്ടെന്ന് അവര്‍ പറഞ്ഞു.
സംസ്ഥാന തലസ്ഥാനങ്ങളും വലിയ പട്ടണങ്ങളും ഉള്‍ക്കൊള്ളുന്ന ഹോട്ട്‌സ്‌പോട്ടുകളില്‍ മെയ് മൂന്നിന് അപ്പുറവും ലോക്ഡൗണ്‍ തുടരുമെന്ന് നിരവധി സംസ്ഥാനങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്. അത്തരം പ്രദേശങ്ങളില്‍ മദ്യവും സിഗരറ്റും വില്‍ക്കുന്നതിനുള്ള വിലക്ക് നിലനില്‍ക്കുമെന്നത് ഈ ബിസിനസ് മേഖലയെ വിഷമിപ്പിക്കുന്നു. കോവിഡ് -19 മൂലം 2020 ല്‍ സിഗരറ്റ് വില്‍പ്പനയില്‍ 10% കുറവുണ്ടാകുമെന്ന് യൂറോമോണിറ്റര്‍ ഇന്റര്‍നാഷണല്‍ പ്രവചിക്കുന്നു. കോവിഡ് -19 ന് മുമ്പ് തന്നെ ഇക്കഴിഞ്ഞ ബജറ്റിലെ നികുതി വര്‍ദ്ധനവ് കാരണം സിഗരറ്റ് വില്‍പ്പനയില്‍ 3.2 ശതമാനം ഇടിവുണ്ടായിരുന്നു. മൊത്തത്തിലുള്ള 'ഹാര്‍ഡ് സ്പിരിറ്റ് 'വില്‍പ്പനയില്‍ 12-15 ശതമാനം ഇടിവുണ്ടാകുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ആല്‍ക്കഹോള്‍ ബിവറേജ് കമ്പനീസ് അറിയിച്ചു.
എന്‍ട്രി ലെവല്‍ റെഗുലര്‍ ബ്രാന്‍ഡുകള്‍ ഉപയോഗിക്കുന്ന പ്രതിദിന വേതനക്കാരും ഡീലക്‌സ് ബ്രാന്‍ഡുകള്‍ വാങ്ങുന്നവരും പിശുക്കല്‍ പ്രവണതയിലേക്കു വരാനാണു സാധ്യതയെന്ന് ഓഫീസേഴ്സ് ചോയ്സ് വിസ്‌കിയുടെ നിര്‍മാതാക്കളായ അലൈഡ് ബ്ലെന്‍ഡേഴ്സ് ആന്‍ഡ് ഡിസ്റ്റിലേഴ്സിന്റെ എക്സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ ദീപക് റോയ് പറഞ്ഞു. സാമൂഹിക അകലം പാലിക്കല്‍ കാരണം ഉപഭോഗം ഇടിയും. മെയ് മൂന്നിന് ശേഷം മദ്യ ചില്ലറ വില്‍പ്പന ആരംഭിച്ചാലും, ഗതാഗതം നിയന്ത്രിച്ചിരിക്കുന്നതിനാല്‍ വിതരണം മുടങ്ങും.
ബെവ്‌കോയിലൂടെയും ഓണ്‍ലൈന്‍ ആയും മദ്യവല്‍പ്പന നടത്താനുള്ള കേരള സര്‍ക്കാരിന്റെ നീക്കം സഫലമായില്ല.കോവിഡ് 19 വ്യാപനമില്ലാത്ത സ്ഥലങ്ങളില്‍ മദ്യ വില്‍പ്പന പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് സിഐഎബിസി രംഗത്തെത്തിയിരുന്നു. അനുമതി കിട്ടാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നാണ് സിഐഎബിസി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടത്.അടച്ചിടലിനെ തുടര്‍ന്ന് കമ്പനികള്‍ വലിയ സാമ്പത്തിക നഷ്ടവും തൊഴില്‍ നഷ്ടവും നേരിടുന്ന സാഹചര്യത്തിലാണ് സംഘടന സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കത്തെഴുതിയത്. 20,000 കോടിയുടെ വരുമാന നഷ്ടമാണ് ഇക്കാലയളവില്‍ ഉണ്ടായതെന്ന് സിഐഎബിസി ചൂണ്ടിക്കാട്ടുന്നു. മാര്‍ച്ച് അവസാനം ലോക്ഡൗണ്‍ വന്നതോടെ ഐടിസിയും ഗോഡ്‌ഫ്രെ ഫിലിപ്‌സ് ഇന്ത്യയും സിഗരറ്റ് ഉല്‍പാദനവും വിതരണവും നിര്‍ത്തിവച്ചിരിക്കുകയാണ്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline