ഉത്പാദനം കുറച്ച് റഷ്യയും സൗദിയും; ഇന്ത്യയുടെ ക്രൂഡോയില്‍ ഇറക്കുമതി ഇടിഞ്ഞു

ഇന്ത്യയുടെ ക്രൂഡോയില്‍ ഇറക്കുമതി സെപ്റ്റംബറില്‍ ഒരുവര്‍ഷത്തെ താഴ്ചയിലേക്ക് ഇടിഞ്ഞു. 1.78 കോടി ടണ്‍ ക്രൂഡോയിലാണ് കഴിഞ്ഞമാസം ഇന്ത്യ വാങ്ങിയത്. 2022 സെപ്റ്റംബറിലെ 1.67 കോടി ടണ്ണിന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും താഴ്ന്ന ഇറക്കുമതിയാണിത്.

ഉത്പാദനം വെട്ടിക്കുറച്ച റഷ്യയുടെയും സൗദി അറേബ്യയുടെയും നടപടിയെ തുടര്‍ന്ന് ആഗോള വിപണിയിലേക്കുള്ള ക്രൂഡോയില്‍ വിതരണം കുറഞ്ഞതാണ് ഇന്ത്യയിലേക്കുള്ള ഇറക്കുമതിയെയും ബാധിച്ചത്. റഷ്യയില്‍ നിന്നുള്ള ലഭ്യത കുറഞ്ഞ പശ്ചാത്തലത്തില്‍ ഇന്ത്യ കഴിഞ്ഞമാസം ഇറാക്കില്‍ നിന്ന് കൂടുതല്‍ എണ്ണ വാങ്ങുകയും ചെയ്തിരുന്നു.
ഓഗസ്റ്റിലേതിനേക്കാള്‍ 5 ശതമാനം ഇടിവാണ് സെപ്റ്റംബറില്‍ ക്രൂഡോയില്‍ ഇറക്കുമതിയിലുണ്ടായതെന്ന് പെട്രോളിയം മന്ത്രാലയത്തിന് കീഴിലെ പെട്രോളിയം പ്ലാനിംഗ് ആന്‍ഡ് അനാലിസിസ് സെല്ലിന്റെ (PPAC) കണക്കുകള്‍ വ്യക്തമാക്കി. ഉത്സവകാലമായതിനാല്‍ ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ ഇന്ധന ഡിമാന്‍ഡ് കൂടുമെന്നും ഇത് ഇറക്കുമതി വര്‍ധിക്കാനിടയാക്കുമെന്നുമാണ് വിലയിരുത്തലുകള്‍.
റഷ്യയുടെ യൂറാല്‍സും ഇറാക്കിന്റെ ബാസ്രായും
ഓഗസ്റ്റില്‍ ഇന്ത്യയിലേക്കുള്ള മൊത്തം ക്രൂഡോയില്‍ ഇറക്കുമതിയുടെ 40 ശതമാനവും റഷ്യയില്‍ നിന്നായിരുന്നു. സെപ്റ്റംബറില്‍ ഇത് 38 ശതമാനമായി താഴ്ന്നു.
റഷ്യയുടെ യൂറാല്‍സ് (Urals) ഇനം ക്രൂഡോയിലാണ് ഇന്ത്യ വാങ്ങുന്നത്. കഴിഞ്ഞമാസം യൂറാല്‍സിന്റെ ലഭ്യത കുറഞ്ഞതിനാല്‍ പകരം ഇതേ ഇനത്തിന് സമാനമായ ഇറാക്കിന്റെ ബാസ്രാ (Basrah) ക്രൂഡോയില്‍ ഇന്ത്യ വാങ്ങിയിരുന്നു. യൂറാല്‍സിനൊപ്പം ഇന്ത്യന്‍ എണ്ണവിതരണക്കമ്പനികള്‍ക്ക് താത്പര്യമുള്ള മറ്റൊരു ഇനമാണ് ബാസ്രാ.
വിലക്കയറ്റവും മണ്‍സൂണും
കഴിഞ്ഞമാസം പൊതുവേ ക്രൂഡോയില്‍ വില വര്‍ധിച്ചതും മണ്‍സൂണിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ആഭ്യന്തര ഇന്ധന ഡിമാന്‍ഡ് താഴ്ന്നതും ക്രൂഡോയില്‍ ഇറക്കുമതിയെ ബാധിച്ച കാരണങ്ങളാണ്.
റഷ്യയുടെ യൂറല്‍സ്, സൗദി അറേബ്യയുടെ അറബ് ലൈറ്റ് (Arab Light) ഇനങ്ങള്‍ക്ക് കഴിഞ്ഞമാസം വില കൂടിയിരുന്നു. നിലവില്‍ ഡിസ്‌കൗണ്ട് നിരക്കിലാണ് ഇന്ത്യക്ക് റഷ്യ ക്രൂഡോയില്‍ നല്‍കുന്നത്. ബാരലിന് 6-10 ഡോളര്‍ ഡിസ്‌കൗണ്ട് നല്‍കിയിരുന്നത് റഷ്യ മേയ്-ഓഗസ്റ്റ് കാലയളവില്‍ 4-5 ഡോളറായി ചുരുക്കിയിരുന്നു.
പിന്നീട് ക്രൂഡോയില്‍ വില കൂടിയതിനാല്‍ ഇന്ത്യക്കുള്ള ഡിസ്‌കൗണ്ട് 8-10 ഡോളറായി റഷ്യ കൂട്ടിയിട്ടുണ്ട്.

Related Articles

Next Story

Videos

Share it