രാജ്യത്ത് ഹൈഡ്രജന്‍ ട്രെയിനുകള്‍ അടുത്തവര്‍ഷം

രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ 2024 ല്‍ ഓടിത്തുടങ്ങും. ഇന്ത്യന്‍ റയില്‍വേ നിര്‍മിക്കുന്ന ട്രെയിന്‍ ഹരിയാണയിലെ ജിന്‍ഡ്- സോനിപത് റൂട്ടിലാണ് ആദ്യം സര്‍വീസ് നടത്തുക. കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്‌ ഹൈഡ്രജന്‍ ട്രെയിനുകളുടെ അവതരണം.

ഹൈഡ്രജന്‍ ഇന്ധന സെല്ലുകള്‍ ഉപയോഗിച്ചാണ് ട്രെയിന്‍ പ്രവര്‍ത്തിക്കുക. ഹൈഡ്രജനും ഓക്‌സിജനും സംയോജിപ്പിച്ചാണ് ഈ സെല്ലുകള്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ഡീസല്‍ ട്രെയിനുകളെ അപേക്ഷിച്ച് പരിസ്ഥിതി പ്രശ്‌നങ്ങള്‍ കുറയ്ക്കും. ഒറ്റ ടാങ്ക് ഹൈഡ്രജന്‍ ഉപയോഗിച്ച് 250 കിലോമീറ്റര്‍ ഓടാനാകും. ആദ്യം പുറത്തിറക്കുന്ന ട്രെയിനുകളില്‍ എട്ട് ബോഗികളാണ് ഉണ്ടാകുക.

35 ഹൈഡ്രജന്‍ ട്രെയിനുകള്‍

ഹൈഡ്രജന്‍ ഫോര്‍ ഹെറിറ്റേജ്(Hydrogen for Heritage) പദ്ധതിക്കു കീഴില്‍ 35 ഹൈഡ്രജന്‍ ട്രെയിനുകള്‍ ഓടിക്കാനാണ് ഇന്ത്യന്‍ റെയില്‍വേയുടെ പദ്ധതി. ഒരു ട്രെയിനിന് 80 കോടിരൂപയും അടിസ്ഥാന സൗകര്യ വികസനത്തിനായി ഒരു റൂട്ടിന് 70 കോടി രൂപയുമാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

നിലവിലുള്ള ഡീസല്‍ ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റ്(ഡി.ഇ.എം.യു) മാറ്റി ഹൈഡ്രജന്‍ ഇന്ധന സെല്‍ സ്ഥാപിക്കുന്നതിന് 111.83 കോടി രൂപയുടെ പൈലറ്റ് പ്രോജക്ടിന് ഇന്ത്യന്‍ റെയില്‍വേ അംഗീകാരം നല്‍കിയിട്ടുണ്ട്. ജിന്‍ഡ്-സോനിപത് കേന്ദ്രമാക്കിയാണ് പൈലറ്റ് പ്രോജക്ട് പ്രവര്‍ത്തിക്കുന്നത്.

Related Articles
Next Story
Videos
Share it