Begin typing your search above and press return to search.
ഇടക്കാല ബജറ്റും ജനകീയമാക്കാന്‍ നിര്‍മ്മല; കര്‍ഷകര്‍ക്കും സ്ത്രീകള്‍ക്കും കൂടുതല്‍ പരിഗണന നല്‍കിയേക്കും
തുടര്‍ച്ചയായ ആറാം ബജറ്റ് അവതരണത്തിന് ഒരുങ്ങുകയാണ് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ഫെബ്രുവരി ഒന്നിനാണ് രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ്.
തുടര്‍ച്ചയായി ഏറ്റവുമധികം ബജറ്റുകള്‍ അവതരിപ്പിച്ച ധനമന്ത്രിയെന്ന റെക്കോഡ് നിലവില്‍ മൊറാര്‍ജി ദേശായിയുടെ പേരിലാണ് (6 എണ്ണം). ഇതിനൊപ്പമാണ് ഫെബ്രുവരി ഒന്നിന് നിര്‍മ്മലയുമെത്തുക. മുന്‍ ധനമന്ത്രിമാരായ ഡോ. മന്‍മോഹന്‍ സിംഗ്, അരുണ്‍ ജയ്റ്റ്‌ലി, പി. ചിദംബരം, യശ്വന്ത് സിന്‍ഹ എന്നിവരെ പിന്നിലാക്കിയാണ് നിര്‍മ്മല സീതാരാമന്‍ മൊറാര്‍ജി ദേശായിയുടെ റെക്കോഡിനൊപ്പമെത്തുന്നത്.
ഇത് ഇടക്കാല ബജറ്റ്
ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ പ്രതീക്ഷിക്കാം. മാര്‍ച്ച്-ഏപ്രിലില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കും. മേയില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലേറാനാണ് സാധ്യത. അധികാരത്തിലേറുന്ന പുതിയ സര്‍ക്കാര്‍ 2024-25 വര്‍ഷത്തേക്കുള്ള സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കുകയും ചെയ്യും.
അധികാരം ഒഴിയാനിരിക്കുന്ന രണ്ടാം നരേന്ദ്ര മോദി സര്‍ക്കാര്‍ അതിനാല്‍ ഇപ്പോഴൊരു സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കുന്നതിന് അതുകൊണ്ട് തന്നെ ഒട്ടും പ്രസക്തിയുമില്ല.
അതുകൊണ്ടാണ് ഇടക്കാല ബജറ്റ് (Interim-Budget) അവതരിപ്പിക്കുന്നത്. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുംവരെയുള്ള സര്‍ക്കാരിന്റെ ചെലവുകള്‍ക്കായി പാര്‍ലമെന്റിന്റെ അനുമതി തേടുന്ന നടപടിക്രമമാണ് വോട്ട് ഓണ്‍ അക്കൗണ്ട്. ഇടക്കാല ബജറ്റ് അവതരിപ്പിച്ച് ഇതിനുള്ള അനുമതി തേടുകയാണ് ധനമന്ത്രി ചെയ്യുക.
ഇടക്കാല ബജറ്റെങ്കിലും പ്രതീക്ഷിക്കാം ജനപ്രിയ പ്രഖ്യാപനങ്ങള്‍
പൊതുവേ ഇടക്കാല ബജറ്റില്‍ വോട്ട് ഓണ്‍ അക്കൗണ്ടാണ് ഉണ്ടാവുക. എങ്കിലും, വോട്ട് ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ ധനമന്ത്രിമാര്‍ ശ്രമിക്കാറുണ്ട്. നിര്‍മ്മല സീതാരാമനും ഇതേപാത പിന്തുടരാനാണ് സാധ്യതയേറെ.
നരേന്ദ്ര മോദി നയിക്കുന്ന എന്‍.ഡി.എ മുന്നണിതന്നെ വീണ്ടും അധികാരത്തിലെത്തുമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. എന്നാല്‍ കര്‍ഷകര്‍, വിലക്കയറ്റത്താല്‍ ഞെരുക്കത്തിലായ സാധാരണക്കാര്‍, തൊഴിലന്വേഷകരായ യുവാക്കള്‍, നിക്ഷേപകര്‍ തുടങ്ങി നിരവധിപേരെ തൃപ്തിപ്പെടുത്തേണ്ടതുണ്ടെന്ന വെല്ലുവിളി നിര്‍മ്മലയ്ക്ക് മുന്നിലുണ്ട്. അതുകൊണ്ട്, ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഇടക്കാല ബജറ്റിലും നിറയ്ക്കാന്‍ നിര്‍മ്മല ശ്രമിച്ചേക്കും.
2019ലെ പൊതുതിരഞ്ഞെടുപ്പിന് മുമ്പ് ഇടക്കാല ബജറ്റ് അവതരിപ്പിച്ചത് ധനമന്ത്രിയുടെ അധികച്ചുമതല വഹിച്ച പീയുഷ് ഗോയലാണ്. ആദായ നികുതിദായകര്‍ക്ക് 5 ലക്ഷം രൂപവരെയുള്ള വാര്‍ഷിക വരുമാനത്തിനുള്ള നികുതി റിബേറ്റിലൂടെ ഒഴിവാക്കിയത് ഇടക്കാല ബജറ്റിലൂടെ പീയുഷ് ഗോയലാണ്. മാത്രമല്ല, ശമ്പളാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്കുള്ള സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 40,000 രൂപയില്‍ നിന്ന് 50,000 രൂപയായി ഉയര്‍ത്തിയതും അതേ ബജറ്റില്‍ ഗോയലാണ്.
നികുതി മാറ്റങ്ങളും എന്‍.പി.എസും
ആദായ നികുതിദായകര്‍ക്കായി പഴയതും പുതിയതുമായ രണ്ട് സ്‌കീമുകളാണ് നിലവിലുള്ളത്. പുതിയ സ്‌കീമിനെ ആകര്‍ഷകമാക്കാനുള്ള നടപടി ധനമന്ത്രി സ്വീകരിച്ചേക്കും.
സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷനില്‍ കൂടുതല്‍ ഇളവ് പ്രതീക്ഷിക്കാം. പഴയ സ്‌കീമില്‍ സെക്ഷന്‍ 80 സി പ്രകാരമുള്ള ഇളവ് വര്‍ഷങ്ങളായി 1.50 ലക്ഷം രൂപയില്‍ തുടരുകയാണ്. ഇതില്‍ മാറ്റം വരുത്തുമോയെന്ന് കണ്ടറിയണം.
നാഷണല്‍ പെന്‍ഷന്‍ സ്‌കീമിനെ നികുതി ഇളവുകളിലൂടെ കൂടുതല്‍ ജനകീയമാക്കാനുള്ള നടപടി ഏവരും പ്രതീക്ഷിക്കുന്നുണ്ട്. നിലവില്‍ തൊഴിലാളിയുടെ ശമ്പളത്തിന്റെ 10 ശതമാനം വരെ തൊഴിലുടമ എന്‍.പി.എസ് വിഹിതമായി അടയ്ക്കുമ്പോള്‍ നികുതിയില്ല. അതേസമയം, ഇ.പി.എഫില്‍ ആനുകൂല്യം 12 ശതമാനം വരെ തുകയ്ക്ക് കിട്ടും. എന്‍.പി.എസിലെ ആനുകൂല്യവും 12 ശതമാനം വരെ തുകയ്ക്കാക്കിയേക്കും.
മാത്രമല്ല, 75 വയസിനുമേലുള്ളവര്‍ക്ക് ലഭിക്കുന്ന പെന്‍ഷന്‍ തുകയുടെ നികുതി ഒഴിവാക്കണമെന്ന ആവശ്യവും പരിഗണിക്കപ്പെടാം. അതുവഴി അവര്‍ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതും ഒഴിവാക്കാനാകും.
ലക്ഷ്യം വോട്ട്, ഉന്നം കര്‍ഷകരും സ്ത്രീകളും
യുവാക്കള്‍, കര്‍ഷകര്‍, സ്ത്രീകള്‍, ആദായ നികുതിദായകര്‍ എന്നിവരുടെ ക്ഷേമവും ആരോഗ്യം, വിദ്യാഭ്യാസം, ടൂറിസം, ഹരിതോര്‍ജം, മാനുഫാക്ചറിംഗ് തുടങ്ങിയ മേഖലകളുടെ ഉണര്‍വും ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങള്‍ ഇക്കുറി ബജറ്റില്‍ പ്രതീക്ഷിക്കാം.
ഇന്ത്യയെ മാനുഫാക്ചറിംഗ് ഹബ്ബാക്കി വളര്‍ത്തുക ലക്ഷ്യമിട്ടുള്ള പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (ജഘക) സ്‌കീമില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കിയേക്കും.
പി.എം കിസാന്‍ യോജനയില്‍ കര്‍ഷകര്‍ക്ക് നിലവില്‍ പ്രതിവര്‍ഷം 6,000 രൂപയാണ് നല്‍കുന്നത്. ഇത് 8,000-9,000 രൂപയാക്കിയേക്കും. സ്വന്തമായി കൃഷിഭൂമിയുള്ള വനിതാ കര്‍ഷകര്‍ക്കുള്ള ആനുകൂല്യം 12,000 രൂപയായി വര്‍ധിപ്പിക്കാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തലുകള്‍.
കാര്‍ഷിക മേഖലയ്ക്ക് കഴിഞ്ഞ ബജറ്റില്‍ ആകെ വകയിരുത്തിയത് 1.25 ലക്ഷം കോടി രൂപയാണ്. ഇത് കൂട്ടിയേക്കും. വളം സബ്‌സിഡി കൂട്ടാനുള്ള സാധ്യതയുമേറെയാണ്.
രാജ്യത്ത് വനിതാ തൊഴിലാളികളുടെ എണ്ണം 2017-18ലെ 23.3 ശതമാനത്തില്‍ നിന്ന് 2022-23ല്‍ 37 ശതമാനമായി വര്‍ധിച്ചുവെന്ന് കഴിഞ്ഞദിവസം ധനമന്ത്രാലയം പുറത്തിറക്കിയ അവലോകന റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. വനിതാ തൊഴിലാളികള്‍ക്കുള്ള പദ്ധതികള്‍ ബജറ്റിലുണ്ടായേക്കും.
7 തൂണുകളും അമൃതകാലവും
2047ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കാനുള്ള 'അമൃത്കാല' കാമ്പയിനിലൂന്നിയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ഇപ്പോള്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ അവതരിപ്പിച്ച നടപ്പുവര്‍ഷത്തേക്കുള്ള (2023-24) ബജറ്റില്‍ 7 മേഖലകള്‍ക്കായിരുന്നു നിര്‍മ്മല ഊന്നല്‍ നല്‍കിയത്.
സമഗ്ര വികസനം, താഴെത്തട്ടിലുള്ളവരുടെ ക്ഷേമം, അടിസ്ഥാനസൗകര്യ വികസനം, വൈദഗ്ദ്ധ്യ വിനിയോഗം, ഹരിത വികസനം, യുവശക്തി, സാമ്പത്തിക മേഖല എന്നിവയായിരുന്നു 7 മേഖലകള്‍. കാര്‍ഷിക മേഖലയ്ക്കുള്ള വായ്പാ പരിധി 18 ലക്ഷം കോടി രൂപയില്‍ നിന്ന് 20 ലക്ഷം കോടി രൂപയായി ഉയര്‍ത്തിയതും ചെറുധാന്യങ്ങളുടെ (Millets) പ്രോത്സാഹനത്തിനായി 'ശ്രീ അന്ന' പദ്ധതി പ്രഖ്യാപിച്ചതും ഉള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ കഴിഞ്ഞ ബജറ്റിലുണ്ടായിരുന്നു.
ആദിവാസികള്‍, പാവപ്പെട്ടവര്‍ എന്നിവരുടെ ക്ഷേമനടപടികളാണ് രണ്ടാംതൂണായ താഴെത്തട്ടിലുള്ളവരുടെ ക്ഷേമത്തില്‍ ഉള്‍പ്പെടുത്തിയത്. അടിസ്ഥാനസൗകര്യ വികസനത്തിനായി മൂലധനച്ചെലവ് 33 ശതമാനം വര്‍ധിപ്പിച്ച് 10 ലക്ഷം കോടി രൂപയാക്കി നിര്‍മ്മല കഴിഞ്ഞ ബജറ്റില്‍ കൈയടിയും നേടിയിരുന്നു. ഇക്കുറി വ്യവസായലോകം ആവശ്യപ്പെടുന്നത് ഇത് 12 ലക്ഷം കോടി രൂപയെങ്കിലും ആക്കണമെന്നാണ്.
സിവില്‍ സര്‍വീസുകാരുടെ കര്‍മ്മശേഷി പ്രയോജനപ്പെടുത്തല്‍, സ്റ്റാര്‍ട്ടപ്പുകള്‍ക്കും ചെറു സംരംഭങ്ങള്‍ക്കും സഹായം തുടങ്ങിവയാണ് വൈദഗ്ദ്ധ്യ വിനിയോഗ തൂണിലുള്‍പ്പെടുത്തിയത്. പഴയ വാഹനങ്ങളുടെ പൊളിക്കല്‍, വൈദ്യുത വാഹനോപയോഗം പ്രോത്സാഹിപ്പിക്കല്‍, പുനരുപയോഗ ഊര്‍ജോത്പാദനം, ബയോഗ്യാസ് പ്ലാന്റുകളുടെ സ്ഥാപനം തുടങ്ങിയവയാണ് ഹരിത വികസനത്തില്‍ ഉള്‍ക്കൊള്ളിച്ചത്.
യുവാക്കളെ പുത്തന്‍ സാങ്കേതികവിദ്യകളായ കോഡിംഗ്, എ.ഐ എന്നിവയില്‍ കൂടുതല്‍ വൈദഗ്ദ്ധ്യമുള്ളവരാക്കുക, ടൂറിസം മേഖലകളുടെ ഉന്നമനം, സംസ്ഥാനങ്ങളുടെ തനത് ഉത്പന്നങ്ങളുടെ പ്രോത്സാഹനം ലക്ഷ്യമിട്ടുള്ള യൂണിറ്റി മാള്‍ തുടങ്ങിയവയാണ് യുവശക്തി തൂണിലുള്ളത്. എം.എസ്.എം.ഇകള്‍ക്ക് സഹായം, സെബിയുടെയും റിസര്‍വ് ബാങ്കിന്റെയും മറ്റും അനുമതി നേടാനുള്ള ഏകജാലക സംവിധാനം, ഡിജിറ്റല്‍ പേയ്‌മെന്റുകളുടെ വ്യാപനം എന്നിവയാണ് 7-ാം തൂണായ സാമ്പത്തിക മേഖലയിലും നിര്‍മ്മല ഉള്‍ക്കൊള്ളിച്ചത്.
Next Story
Videos