ഐപിഎല്‍ : സമ്മാന തുക പകുതിയാക്കി

ഇക്കുറി ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഒരുങ്ങുന്നത് സമ്മാനത്തുക പകുതിയാക്കുന്നതുള്‍പ്പെടെ ചെലവ് ചുരുക്കല്‍ സഹിതമുള്ള മാറ്റങ്ങളോടെ. ഒപ്പം ഓട്ടോ നോ ബോള്‍ നിയമവും താര വായ്പാ പരിഷ്‌കാരവുമൊക്കെ നടപ്പിലാക്കും. മാര്‍ച്ച് 29നാണ് ഐപിഎല്‍ ആരംഭിക്കുക.

സീസണിലെ ജേതാവിന് പത്തു കോടി രൂപയാണ് സമ്മാനത്തുക. റണ്ണര്‍ അപ്പിന് 6.25 കോടി രൂപ ലഭിക്കും. മൂന്നും നാലും സ്ഥാനത്ത് സീസണ്‍ പൂര്‍ത്തിയാക്കുന്ന ടീമുകള്‍ക്ക് 4.375 കോടി രൂപ വീതം. കഴിഞ്ഞ സീസണില്‍ ഇത് യഥാക്രമം 20 കോടി, 12.5 കോടി, 8.75 കോടി എന്നിങ്ങനെയായിരുന്നു. ഏതാണ്ട് 50 ശതമാനത്തോളം കുറവാണ് സമ്മാനത്തുകയില്‍ ഉണ്ടായിരിക്കുന്നത്.

സാമ്പത്തിക ഞെരുക്കം മൂലമാണ് നടപടിയെന്ന് ബിസിസിഐ വിശദീകരിച്ചെങ്കിലും തങ്ങളോട് ആലോചിക്കാതെ എടുത്ത തീരുമാനത്തില്‍ ടീമുകള്‍ അസ്വസ്ഥമാണ്. ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിക്കു പരാതി നല്‍കുമെന്ന് ഫ്രാഞ്ചൈസികള്‍ സൂചിപ്പിച്ചു.

സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ നല്‍കേണ്ട തുക വര്‍ധിപ്പിച്ചതും ടീമുകള്‍ക്ക് തിരിച്ചടിയാണ്. ഓരോ മത്സരത്തിനും 30 ലക്ഷം രൂപയാണ് കഴിഞ്ഞ സീസണ്‍ വരെ ഫ്രാഞ്ചസികള്‍ നല്‍കേണ്ടിയിരുന്നത്. എന്നാല്‍, ഈ സീസണ്‍ മുതല്‍ 50 ലക്ഷം രൂപ വീതം നല്‍കണം. ബിസിസിഐയും 50 ലക്ഷം രൂപ വീതം ഓരോ മത്സരത്തിനും നല്‍കും.

താര വായ്പയുടെ കാര്യത്തിലും ഇത്തവണ മാറ്റങ്ങളുണ്ട്. കഴിഞ്ഞ സീസണില്‍ ഇന്ത്യന്‍ താരങ്ങളെ മാത്രം വായ്പ നല്‍കാനാണ് അനുമതി ഉണ്ടായിരുന്നത്. എന്നാല്‍ ഈ കൊല്ലം വിദേശ താരങ്ങളെയും വായ്പ നല്‍കാം. ഫ്രണ്ട് ഫുട്ട് നോ ബോള്‍ വിളിക്കാനുള്ള ചുമതല തേര്‍ഡ് അമ്പയറിനു നല്‍കിയതാണ് മറ്റൊരു മാറ്റം.

ഇതോടൊപ്പം യാത്രാ നയത്തിലും ബിസിസിഐ മാറ്റങ്ങള്‍ വരുത്തി. മൂന്നു മണിക്കൂറില്‍ കൂടുതലുള്ള യാത്രകള്‍ക്ക് ബിസിനസ് ക്ലാസ് ടിക്കറ്റാണ് ജീവനക്കാര്‍ക്കായി ബിസിസിഐ എടുത്തു കൊടുത്തിരുന്നത്. എന്നാല്‍ ഈ വര്‍ഷം മുതല്‍ എട്ടു മണിക്കൂറില്‍ താഴെയുള്ള യാത്രകള്‍ക്കെല്ലാം ഇക്കോണമി ക്ലാസ് ബുക്ക് ചെയ്യാനാണ് ബിസിസിഐയുടെ തീരുമാനം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it