കേരള ബജറ്റ്: പദ്ധതികളേറെ; പണമെവിടെ?

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ നികുതി നിര്‍ദേശങ്ങളിലൊന്നുമില്ലാതെയാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ തന്റെ കന്നി ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. ഒറ്റനോട്ടത്തില്‍ അത് നല്ല കാര്യമല്ലേയെന്ന് തോന്നാമെങ്കിലും ഏറെ മോശമായ സാമ്പത്തിക സ്ഥിതിയുള്ള കേരളത്തിന് ഇത് അത്ര നല്ലകാര്യമാണോ? ''പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാംടേമിലെ ആദ്യ ബജറ്റായിരുന്നല്ലോ? ഈ ബജറ്റില്‍ അത്ര ജനപ്രിയമല്ലാത്ത ചില കാര്യങ്ങള്‍ കൂടി പ്രഖ്യാപിച്ച് ധനസമാഹരണത്തിന് സര്‍ക്കാരിന് വഴി കണ്ടെത്താമായിരുന്നു,'' ധനകാര്യ വിദഗ്ധന്‍ ജോസ് സെബാസ്റ്റിയന്‍ പറയുന്നു.

റെവന്യു വരുമാനത്തില്‍ 33 ശതമാനത്തോളം കുറവുണ്ടാകുമെന്നാണ് സാമ്പത്തിക നിരീക്ഷകരുടെ വിലയിരുത്തല്‍. കോവിഡ് വ്യാപനം മൂലം സാമ്പത്തിക മേഖല തകര്‍ന്നടിഞ്ഞിരിക്കുകയാണ്. കേന്ദ്രത്തില്‍ നിന്നുള്ള വിഹിതവും കുറയും. വരുമാനം കുറഞ്ഞാലും ശമ്പളം, പെന്‍ഷന്‍, പലിശ ചെലവുകള്‍ കുറയുന്നില്ല. ഇതോടൊപ്പം പുതിയ പദ്ധതികള്‍ കൂടി ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അധിക ധനസമാഹരണമില്ലാതെ ഈ പദ്ധതികള്‍ എങ്ങനെ നടപ്പാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ ചോദ്യം. പദ്ധതികള്‍ കടലാസുപുലികളായാലും അത്ഭുതപ്പെടാനില്ലെന്ന് അവര്‍ പറയുന്നു.
അധിക വരുമാനത്തിന് മാര്‍ഗമുണ്ടായിരുന്നോ?
കോവിഡ് പശ്ചാത്തലത്തിലും സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ സംസ്ഥാനത്തിന് വരുമാനം കൂട്ടാന്‍ വഴികളുണ്ടായിരുന്നുവെന്ന് ജോസ് സെബാസ്റ്റിയന്‍ ചൂണ്ടിക്കാട്ടുന്നു. അദ്ദേഹം പറയുന്ന വഴികള്‍ ഇതാണ്.

A. സംസ്ഥാനത്തെ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ സബ്‌സിഡികള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് മധ്യവര്‍ഗക്കാര്‍ക്കിടയിലെ മേല്‍തട്ടുകാരാണ്. അതായത് തീരെ പാവപ്പെട്ടവരേക്കാള്‍ കൂടുതല്‍ ഇത്തരം സബ്‌സിഡികള്‍ ഉപയോഗപ്പെടുത്തുന്നവരും അവരാണ്. 1972-73 കാലത്ത് ആരോഗ്യ, വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ ചെലവിടുന്ന തുകയുടെ 5.56 ശതമാനം ഈ വിഭാഗത്തില്‍ നിന്നുള്ള ഫീസിനത്തിലും മറ്റും തിരികെ കിട്ടുമായിരുന്നു. എന്നാല്‍ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ നിന്നും ഫീസിനത്തിലും മറ്റും സര്‍ക്കാരിന് തിരികെ കിട്ടുന്നത് ആ വിഭാഗത്തിലെ മൊത്തം ചെലവിന്റെ 1.68 തമാനം മാത്രമാണ്! സംസ്ഥാന സര്‍ക്കാര്‍ ഈ രണ്ടുമേഖലയ്ക്കായി ചെലവിടാന്‍ ഇപ്പോള്‍ വിഭാവനം ചെയ്യുന്നത് 42,469.84 കോടി രൂപയാണ്. അതിന്റെ പത്തുശതമാനമെങ്കിലും ഫീസിനത്തിലും മറ്റുമായി പിരിച്ചെടുക്കണമെന്ന തീരുമാനം സര്‍ക്കാര്‍ എടുക്കണം. ഇതൊരിക്കലും പാവങ്ങളെ ബുദ്ധിമുട്ടിക്കില്ല. പണം ചെലവിടാന്‍ കഴിവുള്ളവരില്‍ നിന്നാണ് വാങ്ങുന്നത്. നിലവില്‍ 42,469 കോടി രൂപ സര്‍ക്കാര്‍ ചെലവിടുമ്പോള്‍ ആ മേഖലകളില്‍ നിന്ന് സര്‍ക്കാരിന് തിരികെ കിട്ടുന്നത് 702.01 കോടി രൂപയാണ്. ഫീസ് പത്തുശതമാനം വര്‍ധിപ്പിച്ചാല്‍ വരുമാനം 4246 കോടി രൂപയാകും.

B. കേരളത്തില്‍ പ്രോപ്പര്‍ട്ടി നികുതി പിരിക്കുന്നത് പഞ്ചായത്തുകളാണ്. ഭരണഘടന അനുസരിച്ച് പ്രോപ്പര്‍ട്ടി നികുതി സംസ്ഥാനങ്ങള്‍ക്കും പിരിക്കാം. വികസിത രാജ്യങ്ങളില്‍ ജിഡിപിയുടെ മൂന്നുശതമാനത്തോളം പ്രോപ്പര്‍ട്ടി നികുതിയുടെ വിഹിതമാണെങ്കില്‍ കേരളത്തിന്റെ കാര്യത്തില്‍ ഇത് 0.04 ശതമാനമാണ്. ഇവയുടെ നികുതി ഗണ്യമായ തോതില്‍ ഉയര്‍ത്തണം. തീരെ പാവപ്പെട്ടവര്‍ക്ക് ഭാരം വരാത്ത വിധം ചതുരശ്രയടിയില്‍ നിബന്ധനകള്‍ വെച്ചുവേണം ഇത്. 1994 ലെ പഞ്ചായത്തി രാജ് മുന്‍സിപ്പാലിറ്റി നിയമം പ്രകാരം ഓരോ അഞ്ചുവര്‍ഷം കൂടുമ്പോഴും പ്രോപ്പര്‍ട്ടി നികുതി പരിഷ്‌കരിക്കണമെന്നാണ് വ്യവസ്ഥയെങ്കിലും 20 വര്‍ഷത്തിന് ശേഷം 2013ലാണ് ഇത് പുതുക്കിയത്. അതായത് അത്രമാത്രം കാര്യക്ഷമതയില്ലാതെയാണ് ഈ വിഭാഗത്തിലെ നികുതി സമാഹരണം. കേരളത്തില്‍ പഞ്ചായത്തുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമാണ് പ്രോപ്പര്‍ട്ടി നികുതി പിരിക്കുന്നത്. ഇവ ഇപ്പോള്‍ പിരിക്കുന്ന നികുതിയേക്കാള്‍ നിശ്ചിത ശതമാനം അധികം ഉറപ്പുനല്‍കി ആ അവകാശം സംസ്ഥാന സര്‍ക്കാര്‍ എടുക്കണം. എന്നിട്ട്, നികുതി വന്‍തോതില്‍ ഉയര്‍ത്തണം. എന്റെ കണക്കില്‍ ഈയിനത്തില്‍ നിന്ന് 15,000 കോടി പിരിക്കാനുള്ള സാധ്യത കേരളത്തിലുണ്ട്.

C. സംസ്ഥാനങ്ങള്‍ക്ക് ഇലക്ട്രിസിറ്റി ഡ്യൂട്ടി ചുമത്താനുള്ള അധികാരമുണ്ട്. സാധാരണക്കാരെ ഒഴിവാക്കി വന്‍തോതില്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് ഇലക്ട്രിസിറ്റി ഡ്യൂട്ടി ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ ഏര്‍പ്പെടുത്താം. ഈയിനത്തിലൂടെ ഏറ്റവും കുറഞ്ഞത് 2000 കോടി രൂപയെങ്കിലും സമാഹരിക്കാനാവുമെന്നാണ് നിഗമനം.

D. സംസ്ഥാന സര്‍ക്കാര്‍ പാട്ടത്തിന് കൊടുത്തിരിക്കുന്ന ഭൂമിയുടെ പാട്ടത്തുക വര്‍ധിപ്പിക്കുക. പാറമടകളുടെയും മറ്റ് ഖനന പ്രവര്‍ത്തനങ്ങളുടെയും റോയല്‍റ്റി കൂട്ടുക.

എന്നാല്‍ ഇത്തരത്തിലുള്ള, അധിക സമാഹരണത്തിനുള്ള വഴികളൊന്നും ബജറ്റില്‍ ഇല്ലെന്ന് അദ്ദേഹം പറയുന്നു. ''ബജറ്റിനെ ദിശാബോധമില്ലാത്തത് എന്നേ വിശേഷിപ്പിക്കാന്‍ സാധിക്കൂ,'' ജോസ് സെബാസ്റ്റിയന്‍ അഭിപ്രായപ്പെടുന്നു.
കുറഞ്ഞ പലിശ നിരക്കിലെ വായ്പകള്‍ കൊണ്ട് ബിസിനസ് മെച്ചപ്പെടുമോ?
പലിശ സബ്‌സിഡികളും കുറഞ്ഞ പലിശ നിരക്കിലെ വായ്പകളും ബജറ്റിലുണ്ടെങ്കിലും അവ കൊണ്ട് മാത്രം സംസ്ഥാനത്തെ ബിസിനസ് കോണ്‍ഫിഡന്‍സ് കൂടില്ലെന്ന് ബിസിനസ് രംഗത്തുള്ളവര്‍ പറയുന്നു. ഡിമാന്റ് വര്‍ധനയ്ക്ക് കൂടി വഴികള്‍ ബജറ്റില്‍ വ്യക്തമായി പ്രഖ്യാപിക്കണമായിരുന്നുവെന്ന് ഇവര്‍ പറയുന്നു. 8300 കോടി രൂപ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കുമെന്ന് പറയുന്നുണ്ടെങ്കിലും അത് എങ്ങനെയാണെന്ന് വ്യക്തമല്ല. ധനമന്ത്രി ഗൃഹപാഠം ചെയ്തിരിക്കേണ്ട സമയമല്ലെന്നും വ്യക്തവും കൃത്യവുമായ നടപടികളാണ് ഇപ്പോള്‍ വേണ്ടിയിരുന്നതെന്നും ഒരു വിഭാഗം അഭിപ്രായപ്പെടുന്നുണ്ട്.


Related Articles

Next Story

Videos

Share it