വരുന്നു, വിപുലമായ സാമ്പത്തിക പുനരുജ്ജീവന വായ്പാ പദ്ധതി

സംസ്ഥാനത്ത് വിപുലമായ സാമ്പത്തിക പുനരുജ്ജീവന വായ്പാ പദ്ധതി അവതരിപ്പിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പ്രാഥമിക സഹകരണ സംഘങ്ങളെയും വാണിജ്യ ബാങ്കുകളെയും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ളതാകും ഇതെന്ന് ബജറ്റ് പ്രസംഗത്തില്‍ അദ്ദേഹം വ്യക്തമാക്കി. നബാര്‍ഡിന്റെ പുനര്‍വായ്പാ സ്‌കീമിന്റെ സാധ്യത പൂര്‍ണമായും ഉപയോഗപ്പെടുത്തും. കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും പ്രഖ്യാപിച്ചിട്ടുള്ള വായ്പാ പാക്കേജുകളുടെ സാധ്യതയും പരമാവധി ഉപയോഗപ്പെടുത്തും.

ഇതിന് മൂന്ന് ഘടകങ്ങളാണുള്ളത്.

1. കോ ഓപ്പറേറ്റീവ് ഇനീഷ്യേറ്റീവ്‌സ് ഫോര്‍ അഗ്രിക്കള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍ കേരള (CAIK):
കാര്‍ഷിക മേഖലയിലെ വികസനത്തിനുള്ള മൂലധനം കൂട്ടുന്നതിനുള്ളതാണിത്. പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് നാല് ശതമാനം പലിശ നിരക്കില്‍ നബാര്‍ഡില്‍ നിന്നുള്ള പശ്ചാത്തല സൗകര്യ പുനര്‍വായ്പ കേരള ബാങ്ക് വഴി ലഭ്യമാക്കും. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 2000 കോടി രൂപ വായ്പ ലഭ്യമാക്കാന്‍ ലക്ഷ്യമിടുന്നു.

2. തൊഴില്‍ സംരംഭങ്ങള്‍ക്കുള്ള വായ്പാ പദ്ധതി: കാര്‍ഷിക, വ്യാവസായിക, സേവന മേഖലകളില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും നിലവില്‍ പ്രവര്‍ത്തനക്ഷമമല്ലാത്ത സംരംഭങ്ങള്‍ പുനരുജ്ജീവിപ്പിക്കുന്നതിനും വാണിജ്യ ആവശ്യങ്ങള്‍ക്കും കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭ്യമാക്കും. 2021-22ല്‍ 1600 കോടി രൂപയുടെ വായ്പ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.

3. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് വായ്പ: 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ചുരുങ്ങിയത് 1000 കോടി രൂപയുടെ ബാങ്ക് വായ്പ കുടുംബശ്രീ വഴി അയല്‍ക്കൂട്ടങ്ങള്‍ക്ക് ലഭ്യമാക്കാന്‍ ഉദ്ദേശിക്കുന്നത്. അഞ്ചു ലക്ഷം രൂപവരെയുള്ള വായ്പകളെല്ലാം നാല് ശതമാനം പലിശ നിരക്കിലാകും.

ഈ മൂന്ന് തരത്തിലെ വായ്പ പദ്ധതികളുടെ പലിശ ഇളവ് വഹിക്കുന്നതിനായി 100 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it