വ്യവസായ സൗഹൃദ സംസ്ഥാനം: ആദ്യ പത്തിൽ പോലുമില്ലാതെ കേരളം
രാജ്യത്തെ ഏറ്റവും മികച്ച ബിസിനസ് സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ ആന്ധ്ര പ്രദേശ് വീണ്ടും ഒന്നാം സ്ഥാനത്ത്. 21-ാം റാങ്കാണു കേരളത്തിനു ലഭിച്ചത്. കഴിഞ്ഞ വർഷവും കേരളത്തിന് ഇതേ റാങ്ക് ആയിരുന്നു. നിലവിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും പിന്നിലാണ് സംസ്ഥാനം.
സംസ്ഥാനത്തെ കൂടുതൽ വ്യവസായ സൗഹൃദമാക്കാൻ ലക്ഷ്യം വെച്ച് സർക്കാർ നടപ്പാക്കിയ പരിഷ്കാരങ്ങൾ ഫലം കാണുന്നതോടെ കേരളത്തിന്റെ റാങ്കിങ് മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യ പത്തിൽ എത്തിച്ചേരുകയാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്.
നൂറില്‍ 44.79 പോയിന്റ് മാത്രം കരസ്‌ഥമാക്കിയ കേരളം ഏറ്റവും താഴെയുള്ള "ആസ്പയറേഴ്സ്" വിഭാഗത്തിലാണ്. ആന്ധ്രയ്‌ക്ക് 98.42 പോയിന്റാണ്. രണ്ടാംസ്‌ഥാനത്തുള്ള തെലങ്കാന 98.33 പോയിന്റും മൂന്നാംസ്‌ഥാനക്കാരായ ഹരിയാന 98.07 പോയിന്റും സ്വന്തമാക്കി.
ബിസിനസ് സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ച നിർദേശങ്ങളിൽ (EODB reforms) മിക്കതും കേരളം ഈയിടെ നടപ്പാക്കുകയുണ്ടായി. പല സംസ്ഥാനങ്ങളിലും പ്രഖ്യാപിത വ്യവസായ മേഖലകളിൽ മാത്രമാണ് ഇവ പൂർണമായും നടപ്പാക്കിയിരിക്കുന്നതെന്നും ഇഒഡിബി നയങ്ങൾ കേരളത്തിൽ മൊത്തമായിട്ടാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെന്നും കെഎസ്ഐഡിസി മാനേജിങ് ഡയറക്ടർ എം ബീന അഭിപ്രായപ്പെട്ടു.
സംരഭം തുടങ്ങുന്നതിനുള്ള അനുമതി ലഭിക്കുന്നതിനെടുക്കുന്ന സമയം, തൊഴില്‍ നിയമങ്ങള്‍, രജിസ്‌ട്രേഷന്‍ നടപടികള്‍, സ്‌ഥലം ഏറ്റെടുക്കാനുള്ള എളുപ്പം, ഏകജാലക സംവിധാനം തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്‌ഥാനത്തിലാണ് സംസ്‌ഥാങ്ങളെ വിലയിരുത്തുന്നത്.
36–ാം സ്ഥാനത്തുള്ള മേഘാലയയാണ് ഏറ്റവും പിന്നിൽ. രാജ്യതലസ്ഥാനമായ ഡല്‍ഹി കേരളത്തിനും പിന്നിലായി 23-ാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. തമിഴ്നാട് 15–ാം സ്ഥാനത്താണ്.
നൂറില്‍ 95 പോയിന്റിനു മുകളിലെത്തുന്ന സംസ്‌ഥാനങ്ങളാണ് ടോപ് അച്ചീവേഴ്‌സ്‌പട്ടികയില്‍ വരിക. 90- 95ന് ഇടയില്‍ വരുന്നവര്‍ അച്ചീവേഴ്‌സ് വിഭാഗത്തിലും 80- 90 വരെയുള്ളവര്‍ ഫാസ്‌റ്റ് മൂവേഴ്‌സ് വിഭാഗത്തിലും ഉള്‍പ്പെടും. 80നു താഴെയുള്ളവരാണ് ആസ്പയറേഴ്സ് വിഭാഗത്തില്‍ വരുന്നത്. ഡൽഹി കേരളത്തിനും പിന്നിലാണ്.
ഇതാദ്യമായാണ് ഇന്‍ഡസ്‌ട്രിയല്‍ പോളിസി ആന്‍ഡ് പ്രമോഷന്‍ വകുപ്പ് റാങ്ക് നിശ്ചയിക്കുന്നതിന് ഫീഡ്ബാക്ക് ക്ഷണിച്ചത്. അതിനാൽ തന്നെ സംസ്ഥാനങ്ങൾ സമർപ്പിച്ച റിപ്പോർട്ടുകൾക്ക് പുറമെ ബിസിനസ് മേഖലകളിൽ നിന്നുള്ളവരുടെ അഭിപ്രായവും റാങ്കിങ് നിശ്ചയിക്കുന്നതിൽ നിർണ്ണായകമായിട്ടുണ്ട്.
ബിസിനസ് സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി കഴിഞ്ഞ തവണ 372 നിർദേശങ്ങൾ കേന്ദ്രം സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കൈമാറിയിരുന്നു. ഇത്തവണയും പുതിയ നിർദേശങ്ങൾ നൽകിയിട്ടുണ്ട്.
ആന്ധ്ര പ്രദേശ്, തെലങ്കാന, ഹരിയാന, ജാര്‍ഖണ്ഡ്, ഗുജറാത്ത്, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, കര്‍ണാടക, രാജസ്ഥാന്‍, ബംഗാൾ എന്നിവയാണ് ആദ്യ പത്തിൽ.
വരുമാനം കുറവുള്ള സംസ്ഥാനങ്ങളിൽ കൂടുതൽ വ്യവസായ സൗഹൃദമായവ ഇവയാണ്:
ജാര്‍ഖണ്ഡ് (റാങ്ക്: 4), ഛത്തീസ്‌ഗഢ് (റാങ്ക്: 6); മധ്യപ്രദേശ് (റാങ്ക്: 7), രാജസ്ഥാൻ (റാങ്ക്: 10), ഉത്തർ പ്രദേശ് (റാങ്ക്: 12), ഒഡിഷ (റാങ്ക്:14), ബീഹാർ (റാങ്ക്:18).