കടക്കെണിക്കിടയിലും വളര്‍ന്ന് കേരളം; സാമ്പത്തിക വളര്‍ച്ച 6.6%, പൊതുകടം കുറഞ്ഞു

കടക്കെണിയില്‍പ്പെട്ട് പതറുകയാണെങ്കിലും കേരളത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദന വളര്‍ച്ച (GSDP) 2022-23ല്‍ (കഴിഞ്ഞ സാമ്പത്തിക വര്‍ഷം) 6.6 ശതമാനം വളര്‍ന്നുവെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ ഇന്ന് സമര്‍പ്പിച്ച സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കി.

2021-22ലെ 5.78 ലക്ഷം കോടി രൂപയില്‍ നിന്ന് സ്ഥിരവിലയില്‍ 6.16 ലക്ഷം കോടി രൂപയായാണ് കേരളത്തിന്റെ ജി.എസ്.ഡി.പി വളര്‍ന്നത്. 2021-22ല്‍ കേരളം 12.97 ശതമാനം വളര്‍ന്നിരുന്നു. കൊവിഡ് പ്രതിസന്ധി ആഞ്ഞടിച്ച 2020-21ല്‍ വളര്‍ച്ചാനിരക്ക് -8.49 ശതമാനത്തിലേക്ക് കൂപ്പുകുത്തിയിരുന്നു. ഇതുമായി താരതമ്യം ചെയ്യുന്നതിന് കൊണ്ടാണ് 2021-22ൽ വളർച്ചാനിരക്ക് 12 ശതമാനമായി വർധിച്ചത്.
ആളോഹരി ജി.എസ്.ഡി.പിയിലും വളര്‍ച്ച
സംസ്ഥാനത്തിന്റെ പ്രതിശീര്‍ഷ ജി.എസ്.ഡി.പി (Per Capita GSDP) 2021-22ലെ 1.64 ലക്ഷം രൂപയില്‍ നിന്ന് 2022-23ല്‍ 1.74 ലക്ഷം രൂപയായി മെച്ചപ്പെട്ടു. 6.06 ശതമാനമാണ് വളര്‍ച്ച. ഇത് ദേശീയ ശരാശരിയായ 5.9 ശതമാനത്തേക്കാള്‍ കൂടുതലാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ദേശീയ ശരാശരി 1.15 ലക്ഷം രൂപ മാത്രമാണെന്ന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് പറയുന്നു. 2020-21ല്‍ കേരളത്തില്‍ ഇത് 1.46 ലക്ഷം രൂപയായിരുന്നു.
പൊതുകടം താഴേക്ക്
കേരളത്തിന്റെ പൊതുകടം (public debt) 2022-23ല്‍ 2.38 ലക്ഷം കോടി രൂപയാണ്. പൊതുകടത്തിന്റെ വാര്‍ഷിക വളര്‍ച്ചാനിരക്ക് 10.16 ശതമാനത്തില്‍ നിന്ന് 8.19 ശതമാനത്തിലേക്ക് താഴ്ന്നു. ഏതാനും വര്‍ഷം മുമ്പുവരെ ശരാശരി 14.36 ശതമാനം വളര്‍ന്നിരുന്ന കടബാധ്യതയാണ് 8.19 ശതമാനത്തിലേക്ക് താഴ്ന്നത്. 2021-22ല്‍ പൊതുകടം 2.19 ലക്ഷം കോടി രൂപയായിരുന്നു.
സംസ്ഥാന ജി.എസ്.ഡി.പിയില്‍ പൊതുകടത്തിന്റെ അനുപാതം 2021-22ലെ 23.54 ശതമാനത്തില്‍ നിന്ന് 2022-23ല്‍ 22.75 ശതമാനത്തിലേക്ക് താഴ്ന്നു. മൊത്തം കടബാധ്യതയുടെ അനുപാതം 35.92 ശതമാനത്തില്‍ നിന്ന് 34.62 ശതമാനത്തിലേക്കും കുറഞ്ഞത് നേട്ടമാണ്. അതേസമയം, നടപ്പുവര്‍ഷത്തേക്കുള്ള (2023-24) ബജറ്റില്‍ സംസ്ഥാന സര്‍ക്കാര്‍ വിലയിരുത്തുന്ന പൊതുകടം 2.74 ലക്ഷം കോടി രൂപയാണ്.
കേരളത്തിന്റെ പൊതുകടത്തില്‍ 95.44 ശതമാനവും ആഭ്യന്തര കടമാണ്. ഇതുപക്ഷേ, 2021-22ലെ 2.10 ലക്ഷം കോടി രൂപയില്‍ നിന്ന് 2022-23ല്‍ 10.78 ശതമാനം വര്‍ധിച്ച് 2.27 ലക്ഷം കോടി രൂപയായി. 4.56 ശതമാനം മാത്രമാണ് കേന്ദ്ര സര്‍ക്കാരിന്റെ വായ്പകളുടെ വിഹിതം. ഇത് 9,182.96 കോടി രൂപയില്‍ നിന്ന് 10,863.90 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്.
കമ്മിഭാരം മേലോട്ട്
കേരളത്തില്‍ റെവന്യൂ കമ്മി (Revenue Deficit - റെവന്യൂ വരുമാനവും റെവന്യൂ ചെലവും തമ്മിലെ അന്തരം) 2021-22ലെ 2.23 ശതമാനത്തില്‍ നിന്ന് 2022-23ല്‍ 0.88 ശതമാനത്തിലേക്ക് താഴ്ന്നത് സംസ്ഥാന സര്‍ക്കാരിന് വലിയ നേട്ടമാണ്. ധനക്കമ്മി (Fiscal Deficit - സർക്കാരിന്റെ മൊത്തം വരുമാനവും ചെലവും തമ്മിലെ അന്തരം) ഇക്കാലയളവില്‍ ജി.എസ്.ഡി.പിയുടെ 3.99 ശതമാനത്തില്‍ നിന്ന് 2.44 ശതമാനത്തിലേക്കും താഴ്ന്നു. പക്ഷേ, ഈ വര്‍ഷം (2023-24) ഇത് വീണ്ടും 3.50 ശതമാനത്തിലേക്ക് ഉയരുമെന്ന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്തിന്റെ കടപരിധി വെട്ടിക്കുറച്ചതും നികുതിവിഹിതത്തിലും ഗ്രാന്റിലും മറ്റും വരുത്തിയ വെട്ടിക്കുറയ്ക്കലും ഇക്കാര്യത്തില്‍ കേരളത്തിന് തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍.
നികുതിയേതര വരുമാനത്തില്‍ 'ലോട്ടറി'
കേരത്തിന്റെ റെവന്യൂ വരുമാന വളർച്ച ജി.എസ്.ഡി.പിയുടെ 12.48 ശതമാനത്തില്‍ നിന്ന് 2022-23ല്‍ 12.69 ശതമാനമായി മെച്ചപ്പെട്ടിട്ടുണ്ട്. തനത് നികുതി വരുമാന വളർച്ച 22.36 ശതമാനത്തില്‍ നിന്ന് 22.41 ശതമാനമായി കൂടി. 44.5 ശതമാനമാണ് നികുതി ഇതര വരുമാന വളർച്ച. 13.79 ശതമാനമാണ് മൊത്ത വരുമാനത്തിലെ വർധന. നികുതി ഇതര വരുമാനത്തില്‍ മുഖ്യപങ്ക് വഹിക്കുന്ന ലോട്ടറിയാണ്. 2021-22ലെ 7,134.93 കോടി രൂപയില്‍ നിന്ന് ലോട്ടറി വരുമാനം 11,892.88 കോടി രൂപയിലേക്കാണ് 2022-23ല്‍ കുതിച്ചത്. വളര്‍ച്ച 66.69 ശതമാനം.
1.32 ലക്ഷം കോടി രൂപയാണ് കഴിഞ്ഞവര്‍ഷത്തെ റെവന്യൂ വരുമാനം. 2021-22ല്‍ ഇത് 1.16 ലക്ഷം കോടി രൂപയായിരുന്നു. 2023-24ല്‍ ഇത് 1.35 ലക്ഷം കോടി രൂപയാകുമെന്ന് പ്രതീക്ഷിക്കുന്നു. കടം ഒഴികെയുള്ള ഒരു സംസ്ഥാനത്തിന്റെ വരുമാനമാണ് റെവന്യൂ വരുമാനം (Revenue Receipts). നികുതി, നികുതിയേതര വരുമാനങ്ങള്‍ ഇതിലുള്‍പ്പെടുന്നു.
തൊഴിലും ദാരിദ്ര്യവും
ദേശീയതലത്തില്‍ തൊഴിലില്ലായ്മ നിരക്ക് 3.2 ശതമാനമാണെങ്കില്‍ കേരളത്തില്‍ 7 ശതമാനമാണ്. സംസ്ഥാനത്തെ കാര്‍ഷിക മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്ന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് പറയുന്നു. ഇവരുടെ വരുമാനവും മെച്ചപ്പെട്ടു.
2021-22ല്‍ ഈ രംഗത്തെ വനിതാ തൊഴിലാളികളുടെ വേതനം 577.73 രൂപയായിരുന്നത് 2022-23ല്‍ 612.58 രൂപയായി. പുരുഷ തൊഴിലാളികളുടെ വേതനം 781.75 രൂപയില്‍ നിന്ന് 792.20 രൂപയുമായി. ആശാരിമാര്‍, കല്‍പ്പണിക്കാര്‍ തുടങ്ങിയവരുടെ വേതനവും ഉയര്‍ന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു.
സംസ്ഥാനത്ത് അതിദാരിദ്ര്യം അനുഭവിക്കുന്നത് 64,006 കുടുംബങ്ങളാണ്. ഇതില്‍ 75% ജനറല്‍ വിഭാഗത്തിലും 20 ശതമാനം എസ്.സി വിഭാഗത്തിലും 5 ശതമാനം എസ്.ടി വിഭാഗത്തിലുമാണ്.
ഇവരില്‍ 8,553 കുടുംബങ്ങളും മലപ്പുറം ജില്ലയിലാണുള്ളത്. അതിദാരിദ്ര്യ കുടുംബങ്ങള്‍ ഏറ്റവും കുറവ് കോട്ടയത്താണ് - 1,071 കുടുംബങ്ങള്‍.
Related Articles
Next Story
Videos
Share it