കേരളത്തിന് പിടിവള്ളി എസ്.ഡി.എല്‍ ലേലം: കിട്ടിയത് 5930 കോടി

കോവിഡ് 19 പോരാട്ടത്തിനിടെ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിന് നേരിയ ആശ്വാസമേകി സംസ്ഥാന വികസന വായ്പാ (എസ്ഡിഎല്‍) സെക്യൂരിറ്റികളുടെ ലേലം വഴി സമാഹരിക്കാനായത് 5930 കോടി രൂപ. 6000 കോടി രൂപ സമാഹരണ ലക്ഷ്യത്തില്‍ 70 കോടി രൂപ കുറവു വന്നു.

പുതിയ സാമ്പത്തിക വര്‍ഷം ഇത്തരത്തില്‍ നടന്ന ആദ്യത്തെ ലേലം ആയിരുന്നു ഇന്നലത്തേത്.കേരളത്തില്‍ നിന്ന്് 10 വര്‍ഷം, 12 വര്‍ഷം, 15 വര്‍ഷം എന്നീ മെച്യൂരിറ്റി കാലാവധികളുള്ള മൂന്ന് തരം സെക്യൂരിറ്റികളുടെ വില്‍പ്പനയാണ് റിസര്‍വ് ബാങ്കിന്റെ മേല്‍നോട്ടത്തില്‍ നടന്ന ലേലത്തില്‍ ഉള്‍പ്പെട്ടിരുന്നതെന്ന് ഓണ്‍ലൈന്‍ സാമ്പത്തിക വാര്‍ത്താ മാധ്യമമായ 'ബിസിനസ്ബെഞ്ച്മാര്‍ക്ക് ഡോട്ട് ന്യൂസ്' പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.ഓരോ വിഭാഗത്തിലും 2000 കോടി രൂപയായിരുന്നു സമാഹരണ ലക്ഷ്യം. 15 വര്‍ഷം മെച്യൂരിറ്റി കാലാവധി വരുന്ന സെക്യൂരിറ്റിയുടെ ലേലത്തിലാണ് 70 കോടി രൂപ കുറഞ്ഞത്. മറ്റ് രണ്ടിലും ലക്ഷ്യം കൈവരിക്കാന്‍ കഴിഞ്ഞു. എസ്ഡിഎല്‍ ലേലം വഴി കേരളം സമാഹരിച്ച ഏറ്റവും വലിയ തുകയാണ് ഇപ്രാവശ്യത്തേത്.

ലേലത്തിലൂടെ 19 സംസ്ഥാനങ്ങള്‍ സമാഹരിക്കാന്‍ ഉദ്ദേശിച്ച തുക 37,500 കോടി രൂപയായി നിശ്ചയിച്ചിരുന്നുവെങ്കിലും ലഭിച്ചത് 32,500 കോടി രൂപ മാത്രം. 12 വര്‍ഷത്തെ സെക്യൂരിറ്റികള്‍ക്ക് 8.1 ശതമാനമാണ് കേരളം നല്‍കുന്ന ആദായം. 10 വര്‍ഷത്തേതിന് 7.91 ശതമാനവും. 10 വര്‍ഷത്തെ ഇന്ത്യാ ഗവണ്‍മെന്റ് ബോണ്ടുകള്‍ക്ക് (ജി-സെക്) ചൊവ്വാഴ്ചത്തെ കണക്കനുസരിച്ചുള്ള വരുമാനം 6.41 ശതമാനം ആയിരുന്നു. ആന്ധ്രാപ്രദേശിന്റെ 13 വര്‍ഷ, 14 വര്‍ഷ സെക്യൂരിറ്റികളുടെ ലേലം മതിയായ തോതിലുള്ള ഓഫറുകള്‍ കിട്ടാത്തതിനാല്‍ പൂര്‍ത്തിയായില്ല. ഹിമാചല്‍ പ്രദേശിന്റെ ലേലവും ഫലമുളവാക്കിയില്ല.പഞ്ചാബിന്റെ 10 വര്‍ഷ സെക്യൂരിറ്റി ലേലത്തിലെയും ഓഫറുകള്‍ സ്വീകാര്യമായില്ല.

റിസര്‍വ് ബാങ്ക് ആണ് വിപണിയില്‍ സംസ്ഥാന വികസന വായ്പാ സെക്യൂരിറ്റികള്‍ വിതരണം ചെയ്യാന്‍ സഹായിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നല്‍കുന്ന ബോണ്ടുകളേക്കാളും മികച്ചതായി കണക്കാക്കപ്പടുന്നു എസ്ഡിഎല്‍ സെക്യൂരിറ്റികള്‍. സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച തുകയില്‍ നിന്നും എസ്ഡിഎല്ലുകള്‍ക്ക് തിരിച്ചടവ് നടത്താനുള്ള അധികാരം ഫെസിലിറ്റേറ്റര്‍ എന്ന നിലയില്‍ ആര്‍ബിഐക്കുണ്ട്.

കോര്‍വിഡ് 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് സംസ്ഥാനങ്ങള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ജിഡിപിയുടെ 5 ശതമാനം വരെ വായ്പയെടുക്കാന്‍ സംസ്ഥാനങ്ങളെ അനുവദിക്കണമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. അടിയന്തര സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി വിപണിയില്‍ നിന്നു വായ്പയെടുക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള നീക്കത്തിലാണ് ധനമന്ത്രി ഡോ. തോമസ് ഐസക്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ കിഫ്ബി പദ്ധതികള്‍ക്കായി പ്രഖ്യാപിച്ചിരുന്ന 20,000 കോടി രൂപ കൂടി കേരളം എങ്ങനെ സമാഹരിക്കുമെന്ന ചോദ്യം നിലവില്‍ ഉത്തരം കിട്ടാതെ കിടക്കുകയാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it