കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കേരളത്തിന്റെ ജിഎസ്ടി വരുമാനം 31 ശതമാനം ഉയര്‍ന്നു

ഓഗസ്റ്റ് മാസത്തില്‍ നേടിയത് 1,612 കോടി രൂപ.

കേരളത്തിന്റെ ആകെ ജിഎസ്ടി (ചരക്ക് സേവന നികുതി) വരുമാനം ഓഗസ്റ്റ് മാസത്തില്‍ 1,612 കോടി രൂപ രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷത്തെ സമാന മാസത്തെക്കാള്‍ 31 ശതമാനമാണ് വര്‍ധന എങ്കിലും കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് നേരിയ കുറവ് രേഖപ്പെടുത്തി. 2021 ജൂലൈയില്‍ ജിഎസ്ടി ഇനത്തില്‍ 1,675 കോടി രൂപയാണ് സര്‍ക്കാരിലേക്ക് എത്തിയത്.

ഈ വര്‍ഷത്തെ ഏറ്റവും മികച്ച വരുമാനം ലഭിച്ചത് ഏപ്രില്‍ മാസത്തിലായിരുന്നു . 2,285.84 കോടി രൂപയാണ് ഏപ്രില്‍ മാസത്തില്‍ രേഖപ്പെടുത്തിയത്. കോവിഡ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകളുണ്ടായതാണ് ജിഎസ്ടി വരുമാനം ഉയരാന്‍ ഇടയാക്കിയതെന്നാണ് കരുതുന്നത്.
രാജ്യത്തെ ആകെ നികുതി വരവിലെ വര്‍ധന 30 ശതമാനമാണ് രേഖപ്പെടുത്തിയത്. ഇതോടെ തുടര്‍ച്ചയായി ഓഗസ്റ്റിലും ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടിക്കു മുകളില്‍ തുടർന്നു. 112020 കോടി രൂപയാണ് ഇക്കഴിഞ്ഞ മാസം ജിഎസ്ടി വിഭാഗത്തില്‍ സര്‍ക്കാരിന് ലഭിച്ചത്.
കേന്ദ്ര ജിഎസ്ടിയിനത്തില്‍ 20,522 കോടിയും സ്റ്റേറ്റ് ജിഎസ്ടിയിനത്തില്‍ 26,605 കോടിയും സംയോജിത ജിഎസ്ടിയിനത്തില്‍ 56,247 കോടിയുമാണ് സമാഹരിച്ചത്. സെസ്സായി 8,646 കോടിയും ലഭിച്ചു. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ ലഭിച്ചതിന്റെ 30 ശതമാനം അധികമാണ് ഈ തുക. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഓഗസ്റ്റില്‍ 98,202 കോടിയായിരുന്നു ലഭിച്ചത്.


Related Articles
Next Story
Videos
Share it