'കുബേരനെ' തേടി വീണ്ടും കേരളം; സംസ്ഥാന സര്‍ക്കാര്‍ 800 കോടി രൂപ കൂടി കടമെടുക്കുന്നു

സാമ്പത്തികച്ചെലവുകള്‍ക്ക് പണം ഉറപ്പാക്കാനായി സംസ്ഥാന സര്‍ക്കാര്‍ വീണ്ടും കടമെടുക്കുന്നു. ഇക്കുറി 800 കോടി രൂപയാണ് കടമെടുക്കുന്നത്. ഇതിനായുള്ള ലേലം ജനുവരി 9ന് റിസര്‍വ് ബാങ്കിന്റെ കോര്‍ ബാങ്കിംഗ് സൊല്യൂഷന്‍ സംവിധാനമായ ഇ-കുബേറില്‍ (E-Kuber) നടക്കും.

ഇക്കഴിഞ്ഞ ഡിസംബര്‍ 19ന് 2,000 കോടി രൂപയും 26ന് 1,100 കോടി രൂപയും സംസ്ഥാന സര്‍ക്കാര്‍ കടമെടുത്തിരുന്നു. ക്രിസ്മസ്-പുതുവത്സരകാല ചെലവുകള്‍, ക്ഷേമ പെന്‍ഷന്‍ വിതരണം, വികസന പദ്ധതികള്‍ക്ക് പണം ഉറപ്പാക്കല്‍ തുടങ്ങിയ ലക്ഷ്യങ്ങളോടെയായിരുന്നു ഈ കടമെടുക്കലുകള്‍.
കടുംവെട്ടുമായി കേന്ദ്രം; കേരളം സാമ്പത്തിക ഞെരുക്കത്തിലേക്ക്
കിഫ്ബിയും പെന്‍ഷന്‍ ഫണ്ടും എടുത്ത കടങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ കടമായി പരിഗണിക്കുന്നത് താത്കാലികമായി ഒരുവര്‍ഷത്തേക്ക് നീട്ടുകയാണെന്ന് കേന്ദ്രം കഴിഞ്ഞമാസം അറിയിച്ചിരുന്നു. ഇതുവഴി 3,140.7 കോടി രൂപ അധികമായി കടമെടുക്കാനുള്ള അവസരമാണ് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചത്.
സാമ്പത്തിക വര്‍ഷം (2023-24) അവസാനിക്കാന്‍ മൂന്നുമാസം (ജനുവരി-മാര്‍ച്ച്) കൂടി ശേഷിക്കേ, അധികമായി ആകെ 7,000 കോടിയോളം രൂപ കടമെടുക്കാനുള്ള അവസരമാണ് ഇതുവഴി സംസ്ഥാന സര്‍ക്കാരിന് തുറന്നുകിട്ടിയത്.
എന്നാല്‍, ജനുവരി-മാര്‍ച്ചില്‍ കേരളത്തിന് കടമെടുക്കാനാവുക പരമാവധി 3,838 കോടി രൂപയായിരിക്കുമെന്നാണ് കഴിഞ്ഞദിവസം കേന്ദ്രം വ്യക്തമാക്കിയത്. ഇതില്‍ 2,000 കോടി രൂപ മുന്‍കൂറായി തന്നെ കേരളം കടമെടുത്തിരുന്നതിനാല്‍ ഇനി ശേഷിക്കുന്നത് 1,838 കോടി രൂപ മാത്രം.
വരുന്നത് കടുത്ത പ്രതിസന്ധി
ജനുവരി-മാര്‍ച്ചിലെ ചെലവുകള്‍ക്കായി മൊത്തം 30,000 കോടി രൂപയെങ്കിലും വേണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തല്‍.
പ്രതിമാസം ശരാശരി 15,000 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാരിന്റെ ചെലവ്. വരുമാനമാകട്ടെ 12,000 കോടി രൂപയേയുള്ളൂ. ബാക്കിച്ചെലവിനായി കടമെടുക്കുകയാണ് പതിവ്.
കേരളത്തിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് കൂടുതല്‍ കടമെടുക്കാന്‍ അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിരന്തരം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കേരളത്തിന് മാത്രമായി പ്രത്യേക പരിഗണന നല്‍കാനാവില്ലെന്ന് കാട്ടി ഈ ആവശ്യം കേന്ദ്രം തള്ളി. ഇതിനിടെയാണ് ഇപ്പോള്‍, ജനുവരി-മാര്‍ച്ച് പാദത്തിലേക്കുള്ള കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതും. ഫലത്തില്‍, സാമ്പത്തികാവശ്യങ്ങള്‍ നിറവേറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രയാസപ്പെടുമെന്നാണ് സ്ഥിതി വ്യക്തമാക്കുന്നത്. ശമ്പളം, പെന്‍ഷന്‍, ക്ഷേമപെന്‍ഷന്‍ എന്നിവയുടെ വിതരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ വലിയ പ്രതിസന്ധി നേരിട്ടേക്കും.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it