Begin typing your search above and press return to search.
വീണ്ടും കടമെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍; കേന്ദ്രം കനിയുമെന്ന് പ്രതീക്ഷ
ദൈനംദിന ചെലവുകള്‍ക്ക് തുക കണ്ടെത്താനായി സംസ്ഥാന സര്‍ക്കാര്‍ വീണ്ടും കടമെടുക്കുന്നു. ഇക്കുറി ആയിരം കോടി രൂപ കടമെടുക്കാനാണ് നീക്കം. ഇതിനായുള്ള സര്‍ക്കാര്‍ കടപ്പത്രങ്ങളുടെ ലേലം റിസര്‍വ് ബാങ്കിന്റെ ഇ-കുബേര്‍ സംവിധാനം വഴി ഈമാസം 26ന് നടന്നേക്കും.
നടപ്പുവര്‍ഷം (2023-24) 22,000 കോടി രൂപ കടമെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കേരള സര്‍ക്കാരിന് അനുമതി നല്‍കിയിരുന്നു. ഇനി നടക്കുന്ന ലേലം കൂടി കഴിയുന്നതോടെ, ഈ കടമെടുപ്പ് പരിധി കഴിയും. ഫലത്തില്‍, ശേഷിക്കുന്ന മാസങ്ങളില്‍ ദൈനംദിന ചെലവിനുള്ള പണം കണ്ടെത്തുക സംസ്ഥാന സര്‍ക്കാരിന് പ്രയാസമായിരിക്കും.
എന്നാല്‍, നിലവിലെ സാമ്പത്തിക പ്രതിസന്ധികള്‍ പരിഗണിച്ച് അധിക കടമെടുപ്പിന് അനുവദിക്കണമെന്ന് സംസ്ഥാനം കേന്ദ്ര ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച കേന്ദ്ര തീരുമാനം ഡിസംബറോടെയോ ശേഷമോ ഉണ്ടാകും. സംസ്ഥാന ജി.ഡി.പിയുടെ മൂന്ന് ശതമാനം വരെ കടമെടുക്കാനായിരുന്നു കേന്ദ്രം നേരത്തേ അനുവദിച്ചിരുന്നത്. ഡിസംബറിന് ശേഷം ഇതില്‍ നേരിയ വര്‍ദ്ധന കൂടി കേരളത്തിന് കേന്ദ്രം അനുവദിച്ചേക്കുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രതീക്ഷ.
ക്ഷേമനിധി ബോര്‍ഡുകളിലെ പണം
കേന്ദ്രം അനുവദിച്ച കടമെടുപ്പ് പരിധി ഏതാണ്ട് കഴിഞ്ഞതിനാലും അധിക വായ്പയ്ക്കുള്ള ആവശ്യം കേന്ദ്രം ഗൗനിക്കാത്തതിനാലും ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്ന് പണം സ്വരൂപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചേക്കുമെന്ന് ഈ മാസാദ്യം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
സാമ്പത്തിക ഞെരുക്കത്തിന്റെ പശ്ചാത്തലത്തില്‍ ട്രഷറിയിലെ ബില്ലുകള്‍ മാറുന്നതിനും ധനവകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഓണച്ചെലവുകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ 6,300 കോടി രൂപ കടമെടുത്തിരുന്നു. ഇതിന് പുറമേയാണ് ഇപ്പോള്‍ ആയിരം കോടി രൂപ കൂടി വായ്പ എടുക്കാനുള്ള നീക്കം.
Next Story
Videos