ലൈസന്‍സും ആര്‍സിയും ഡിജിറ്റലായി സൂക്ഷിക്കാം, മധുരത്തിന് കാലാവധി; അറിയാം ഇന്നുമുതലുള്ള പത്ത് മാറ്റങ്ങള്‍
ഇന്നുമുതല്‍ വിവിധ കാര്യങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ ഇതൊക്കെയാണ്.
1. വാഹനരേഖകള്‍ ഓണ്‍ലൈനില്‍: രാജ്യമെങ്ങും ഒരേ തരം വാഹന രജിസ്‌ട്രേഷന്‍ കാര്‍ഡുകളും ഡ്രൈവിംഗ് ലൈസന്‍സും. എല്ലാ വാഹന രേഖകളും ഡ്രൈവിംഗ് ലൈസന്‍സും സര്‍ക്കാരിന്റെ ഡിജിലോക്കറിലോ എം - പരിവാഹന്‍ പോര്‍ട്ടലിലോ ഡിജിറ്റലായി സൂക്ഷിക്കാം. പരിശോധന സമയത്ത് ഇവ കാണിച്ചാല്‍ മതി. പിഴ ഓണ്‍ലൈനായി അടയ്ക്കണം. ഇതിന്റെ രേഖകള്‍ കേന്ദ്രീകൃത ഓണ്‍ലൈന്‍ ഡാറ്റ ബേസില്‍ 10 വര്‍ഷം സൂക്ഷിക്കും. വാഹന നമ്പറുമായി ലിങ്ക് ചെയ്ത ഫോണ്‍ നമ്പറിലേക്ക് വിവരങ്ങള്‍ എത്തും.
2. ഡ്രൈവിംഗിനിടെ ഫോണ്‍ വിളി വേണ്ട, നാവിഗേഷന്‍ മാത്രം: ഡ്രൈവിംഗിനിടെ വഴി അറിയാനുള്ള 'നാവിഗേഷനു' മാത്രമേ ഇനി മൊബീല്‍ ഫോണ്‍ ഉപയോഗിക്കാവു.
3. കാര്‍ഡുകള്‍ക്ക് കൂടുതല്‍ കരുതല്‍: ക്രെഡിറ്റ് - ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ സുരക്ഷിതമാക്കാന്‍ റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച മാറ്റങ്ങള്‍ ഇന്നുമുതല്‍ നിലവില്‍ വരും. നിലവില്‍ ഒരു ഓണ്‍ലൈന്‍ ഇടപാടും നടത്താത്ത കാര്‍ഡ് ഉപയോഗിച്ച് ഇനി ഓണ്‍ലൈന്‍ ഇടപാട് സാധിക്കില്ല. കാര്‍ഡ് ഉടമയ്ക്ക് ആവശ്യമുള്ള സേവനങ്ങള്‍ തെരഞ്ഞെടുക്കാം.
4. മുന്‍വര്‍ഷ ആദായനികുതി റിട്ടേണ്‍ നവംബര്‍ 30 വരെ: 2018-19 വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ വൈകി സമര്‍പ്പിക്കാനും തിരുത്തി സമര്‍പ്പിക്കാനുമുള്ള സമയം നവംബര്‍ 30 വരെ നീട്ടി. 2019-20 ലെ റിട്ടേണ്‍ നല്‍കാനുള്ള അവസാന തീയ്യതിയും നവംബര്‍ 30 ആണ്.
5. 10 കോടിയിലേറെ വരുമാനമെങ്കില്‍ ടിഡിഎസ്: കഴിഞ്ഞ സാമ്പത്തിക വര്‍ഷം വാര്‍ഷിക വരുമാനം 10 കോടി രൂപയില്‍ കൂടുതലുള്ള വ്യാപാരികള്‍ക്കു മാത്രമാകും ഇന്നുമുതല്‍ സ്രോതസ്സില്‍ ആദായ നികുതി (ടി ഡി എസ്) പിരിക്കാനുള്ള ചട്ടം ബാധകമാകുക. 50 ലക്ഷം രൂപയ്ക്ക് മുകളില്‍ സാധനങ്ങള്‍ വാങ്ങുന്നവരില്‍ നിന്നു 0.10% ടിഡിഎസ് ഈടാക്കാനാണ് നിര്‍ദേശം.
6. വിദേശത്തേക്കുള്ള പണത്തിന് നികുതി: ഏഴ് ലക്ഷത്തിന് മുകളിലുള്ള ഇടപാടുകള്‍ക്ക് അഞ്ചു ശതമാനം നികുതി ബാങ്കുകള്‍ക്കും മറ്റും ഈടാക്കാം. മക്കളുടെ വിദേശ പഠനത്തിനും വിദേശത്ത് ബന്ധുക്കളുടെ ചികിത്സയ്ക്കും പണം അയക്കുമ്പോഴും ചെലവേറും. വിദേശ ടൂര്‍ പാക്കേജ് നല്‍കുന്നവര്‍, ആ തുകയുടെ അഞ്ച് ശതമാനം ആദായനികുതി ഈടാക്കണം.
7. ആരോഗ്യ ഇന്‍ഷുറന്‍സ് ചെലവേറും: 17 രോഗങ്ങള്‍ക്കു കൂടി ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയതോടെ ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കൂടും. കോവിഡും ഇന്‍ഷുറന്‍സ് പരിധിയില്‍
8. ടെലിവിഷന് വിലകൂടും: ടി വി ഓപ്പണ്‍ സെല്‍ പാനലിനുള്ള അഞ്ച് ശതമാനം ഇറക്കുമതി തീരുവ ഇളവ് അവസാനിച്ചതോടെ ടെലിവിഷന്‍ വില കൂടും. 32 ഇഞ്ച് ടിവിയ്ക്ക് 600 രൂപ വരെയും 43 ഇഞ്ചിന് 1200-1500 രൂപ വരെയും വില ഉയര്‍ന്നേക്കും.
9. മധുരപലഹാരത്തിന് കാലാവധി: മധുരപലഹാരങ്ങളുടെ ഉപയോഗ കാലാവധി വ്യക്തമാക്കണമെന്ന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിര്‍ദേശം ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. പായ്ക്കറ്റിലാക്കാതെ വില്‍ക്കുന്ന ലഡു, ജിലേബി എന്നിവയ്ക്ക് ബെസ്റ്റ് ബിഫോര്‍ തിയതി ഇന്നുമുതല്‍ നിര്‍ബന്ധം.
10. സൗജന്യ എല്‍ പി ജി അവസാനിച്ചു: പ്രധാനമന്ത്രി ഉജ്വല യോജന പദ്ധതി വഴി സൗജന്യ ഗ്യാസ് കണക്ഷന് അപേക്ഷിക്കാനുള്ള സമയം അവസാനിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പദ്ധതിക്ക് അപേക്ഷിക്കാനുള്ള തിയതി സെപ്തംബര്‍ വരെ നീട്ടിയത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine