രാജ്യത്തെ ഏറ്റവും വലിയ ഐ.പി.ഒ നടത്താനുള്ള നീക്കത്തില്‍ എല്‍.ഐ.സി
രാജ്യത്തെ ഏറ്റവും വലിയ ഐ.പി.ഒ യിലൂടെ പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ ഓഹരികള്‍ വിപണിയിലെത്തിക്കാനുള്ള പ്രാഥമിക നീക്കമാരംഭിച്ചു. കേന്ദ്ര നിക്ഷേപ പൊതു ആസ്തി കൈകാര്യ വകുപ്പ് (ദീപം) ഇതിനായി രണ്ട് ഉപദേശക കമ്പനികളെ തേടി വിജ്ഞാപനമിറക്കി.
നിലവില്‍ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ ഓഹരികള്‍ നൂറു ശതമാനവും കേന്ദ്ര സര്‍ക്കാരിന്റേതാണ്. 6-7 ശതമാനം ഓഹരി വിപണിയിലിറക്കിയാല്‍ 90000 കോടി രൂപ സമാഹരിക്കാന്‍ സര്‍ക്കാരിനു കഴിയുമെന്ന് ഓഹരി വിപണിയിലെ വിശകലന വിദഗ്ധര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.ഐ.പി.ഒ. നടത്തുന്നതിന് അനുയോജ്യമായ സമയം നിര്‍ണയിക്കുന്നതുള്‍പ്പെടെ സര്‍ക്കാരിന് വേണ്ട നിര്‍ദേശങ്ങളും സഹായങ്ങളും നല്‍കുന്നതിന് കണ്‍സള്‍ട്ടിങ് സ്ഥാപനങ്ങള്‍, നിക്ഷേപക ബാങ്കുകള്‍, മര്‍ച്ചന്റ്് ബാങ്കുകള്‍, സാമ്പത്തിക സ്ഥാപനങ്ങള്‍ എന്നിവയില്‍നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ജൂലായ് 13-നകം അപേക്ഷ നല്‍കാനാണ് നിര്‍ദേശം.
എയര്‍ ഇന്ത്യ, ബി പി സി എല്‍ ഉള്‍പ്പെടെയുള്ളവയുടെ ഓഹരി വില്‍പ്പനയ്ക്കു നടത്തിയ നീക്കം അനിശ്ചിതത്വത്തിലായതിനു പിന്നാലെയാണ് എല്‍ ഐ സി യുടെ ഐ.പി.ഒ നടത്താനുള്ള നടപടിക്കു തുടക്കമിട്ടിരിക്കുന്നത്. ഈ വര്‍ഷം 2.10 ലക്ഷം കോടി രൂപയാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പനയിലൂടെ സമാഹരിക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ളതെങ്കിലും ഇതു സംബന്ധിച്ച നീക്കങ്ങള്‍ക്കെല്ലാം കോവിഡ് ഉള്‍പ്പെടെ പല പ്രതിബന്ധങ്ങളുമുണ്ടായി.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline