Begin typing your search above and press return to search.
'100 രൂപയുള്ള മദ്യം വിപണിയിലെത്തിക്കൂ, കേരളത്തിന്റെ വ്യവസായ, വാണിജ്യ മേഖല വളരും'
പിടിച്ചുനില്‍ക്കാന്‍ കഷ്ടപ്പെടുന്ന വ്യവസായ- വാണിജ്യ മേഖലയ്ക്ക് ആശ്വാസമേകാന്‍ കുറഞ്ഞ വിലയിലെ മദ്യം വിപണിയിലെത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്ന് അഭ്യര്‍ത്ഥന.
കേരളത്തിലെ വ്യവസായ സമൂഹമാണ് ഇപ്പോള്‍ വിചിത്രമെന്ന് ഒറ്റനോട്ടത്തില്‍ തോന്നുന്ന ഈ നിര്‍ദേശം മുന്നോട്ട് വെയ്ക്കുന്നത്. കേരളത്തിലെ മദ്യവിലയും ദിവസക്കൂലിയും തമ്മില്‍ വലിയ ബന്ധമുണ്ടെന്ന് കേരള സ്‌മോള്‍ സ്‌കെയ്ല്‍ ഇന്‍ഡസ്ട്രീസ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കെ ജെ സ്‌കറിയ പറയുന്നു. ''കേരളത്തില്‍ 800-1000 രൂപ ദിവസക്കൂലി കിട്ടുന്ന തൊഴിലാളിക്ക് മദ്യത്തിന് തന്നെ പ്രതിദിനം 400 -500 രൂപ ചെലവാകും. ഈ ചെലവ് കഴിഞ്ഞുവേണം കുടുംബ ചെലവിന് പണം കൊടുക്കാന്‍. വീട്ട് ചെലവിന് പണം കുറയുമ്പോള്‍ കൂലി വര്‍ധന ചോദിച്ചുതുടങ്ങും. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരു ചെറുകിട വ്യവസായിക്കോ വ്യാപാരിക്കോ കൂടുതല്‍ കൂലി നല്‍കാന്‍ പറ്റില്ല. പകരം സര്‍ക്കാര്‍ വില കുറഞ്ഞ മദ്യം വിപണിയിലെത്തിച്ചാല്‍ തൊഴിലാളിക്കും അവരുടെ കുടുംബത്തിനും വ്യവസായ - വാണിജ്യ മേഖലയ്ക്കും ഗുണമാകും,'' ചേര്‍ത്തലയിലെ സൊഫൈന്‍ ഡെക്കേഴ്‌സിന്റെ സാരഥി കൂടിയായ കെ ജെ സ്‌കറിയ പറയുന്നു.
മദ്യം, ഇന്ധനം, ലോട്ടറി എന്നിവ സര്‍ക്കാര്‍ ഖജനാവിനെ ആശ്വാസം നല്‍കുന്ന മേഖലയായതിനാല്‍ മദ്യത്തിന് ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്തിയിരിക്കുന്നത് മറ്റൊരു തരത്തില്‍ കേരളത്തിലെ വ്യാപാര വ്യവസായ മേഖലയെ തകര്‍ത്തുകൊണ്ടിരിക്കുകയാണെന്ന് വ്യവസായികള്‍ ചൂണ്ടിക്കാട്ടുന്നു.
മദ്യത്തിന്റെ വില കുറച്ചാല്‍ കേരളം രക്ഷപ്പെടും!
സംസ്ഥാനത്തെ റീറ്റെയ്ല്‍ മേഖല അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിച്ചിരിക്കുകയാണ്. ജനങ്ങളുടെ കൈയില്‍ പണമില്ലാത്തതിനാല്‍ വിപണിയിലേക്ക് പണം വരുന്നില്ല. കച്ചവടം നടക്കുന്നില്ല. ഉല്‍പ്പാദനവും കുറയുന്നു. ''മദ്യത്തിന്റെ വില കൂടുമ്പോള്‍ കുടി കുറച്ച് മറ്റ് ചെലവുകള്‍ക്ക് പണം കണ്ടെത്തുകയല്ല ശരാശരി മലയാളി തൊഴിലാളികള്‍ ചെയ്യുന്നത്. പകരം കൂലി കൂടുതല്‍ ചോദിക്കും. അല്ലെങ്കില്‍ മറ്റ് ചെലവുകള്‍ ഒഴിവാക്കും. കൂലി കൂടുതല്‍ ഇനി കൊടുത്താല്‍ ചെറുകിട മേഖല തകരും. മറ്റ് ചെലവുകള്‍ സാധാരണക്കാര്‍ കുറച്ചാല്‍ ഇവിടെ വിപണി ചലിക്കില്ല. ഇതിനൊരു പ്രതിവിധിയേ ഉള്ളൂ. സാധാരണക്കാരുടെ കൈയില്‍ മറ്റ് ചെലവുകള്‍ക്കായി വിനിയോഗിക്കാന്‍ പണം വേണം. അതിന് കുറഞ്ഞ വിലയിലെ മദ്യം വിപണിയിലെത്തിക്കണം,'' സ്‌കറിയ വിശദീകരിക്കുന്നു.മദ്യം, ഇന്ധനം, ലോട്ടറി എന്നിവ സര്‍ക്കാര്‍ ഖജനാവിനെ ആശ്വാസം നല്‍കുന്ന മേഖലയായതിനാല്‍ മദ്യത്തിന് ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്തിയിരിക്കുന്നത് മറ്റൊരു തരത്തില്‍ കേരളത്തിലെ വ്യാപാര വ്യവസായ മേഖലയെ തകര്‍ത്തുകൊണ്ടിരിക്കുകയാണെന്ന് വ്യവസായികള്‍ ചൂണ്ടിക്കാട്ടുന്നു.
എങ്ങനെ ഈ സ്ഥിതിയില്‍ കേരളം തുടരും?
സംസ്ഥാനത്തെ ചെറുകിട വ്യവസായ വാണിജ്യ മേഖലയില്‍ ജോലികള്‍ നടക്കാന്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ തന്നെ വേണ്ട സ്ഥിതിയാണ്. കേരളത്തില്‍ പണിക്കെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളില്‍ നല്ലൊരു വിഭാഗത്തിനും തൊഴിലുടമ തന്നെ ഭക്ഷണവും താമസ സൗകര്യവും നല്‍കുന്നുണ്ട്. അതുകൊണ്ട് അവര്‍ക്ക് കിട്ടുന്ന കൂലിയില്‍ 75 ശതമാനവും അവര്‍ നാട്ടിലേക്ക് അയക്കുകയാണ്. ''കേരളത്തിലെ തൊഴിലുടമ നല്‍കുന്ന പണം ഇവിടെ തന്നെ ചെലവാക്കപ്പെടാത്ത സ്ഥിതി ഇങ്ങനെ തുടര്‍ന്നാല്‍ എങ്ങനെ ഇവിടെ വ്യാപാരം കൂടും? എങ്ങനെ ഇവിടത്തെ കച്ചവടക്കാരും അവരെ ആശ്രയിക്കുന്നവരും ജീവിക്കും? സര്‍ക്കാര്‍ ഇതൊക്കെ യാഥാര്‍ത്ഥ്യബോധത്തോടെ നോക്കി യുക്തമായ പരിഹാരം കാണേണ്ടിയിരിക്കുന്നു,'' വ്യവസായികള്‍ പറയുന്നു.Next Story