യുപിഐ-റുപെ ക്രെഡിറ്റ് കാര്‍ഡുകളിലെ മര്‍ച്ചന്റ് ഡിസ്‌കൗണ്ട് നിരക്ക് 2 % ആയി നിശ്ചയിച്ചേക്കും

യുപിഐ-റുപെ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്കുള്ള മര്‍ച്ചന്റ് ഡിസ്‌കൗണ്ട് നിരക്ക് (MDR) രണ്ട് ശതമാനം ആക്കിയേക്കും. റുപെ ക്രെഡിറ്റ് കാര്‍ഡുകള്‍ യുപിഐയുമായി ലിങ്ക് ചെയ്യാനുള്ള തീരുമാനം കഴിഞ്ഞ മാസം ആര്‍ബിഐ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മര്‍ച്ചന്റ് ഡിസ്‌കൗണ്ട് നിരക്കില്‍ തീരുമാനം വരുന്നത്. ഇതു സംബന്ധിച്ച അനുമതിക്കായി നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (NPCI) റിസര്‍വ് ബാങ്കിനെ സമീപിച്ചിട്ടുണ്ട്.

ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ്-യുപിഐ വഴി പണം സ്വീകരിക്കുന്നതിന് കച്ചവടക്കാര്‍ ബാങ്കുകള്‍ക്കും നെറ്റ്‌വര്‍ക്ക് പ്രൊവൈഡര്‍മാര്‍ക്കും നല്‍കുന്ന തുകയാണ് എംഡിആര്‍. 2 ശതമാനം എംഡിആര്‍ ഈടാക്കുമ്പോള്‍ അതില്‍ 1.5 ശതമാനവും ബാങ്കുകള്‍ക്കായിരിക്കും ലഭിക്കുക. ബാക്കിയുള്ള 0.50 ശതമാനം റൂപെയും,നെറ്റ്‌വര്‍ക്ക് പ്രൊവൈഡറുമായും (ഉദാ: പേയ്ടിഎം) പങ്കുവെയ്ക്കും. പ്രതിവര്‍ഷം 20 ലക്ഷം വരെ വിറ്റുവരവുള്ളവയ്ക്ക്, 2000-5000 രൂപ ഇടപാടുകളില്‍ എംഡിആര്‍ ഉണ്ടാകില്ല.

നിലവില്‍ 2000 രൂപവരെയുള്ള ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് എംഡിആര്‍ ഇളവുകളുണ്ട്. എന്നാല്‍ ക്രെഡിറ്റ് കാര്‍ഡുകളിലെ 2-3 ശതമാനം വരെയാണ് എംഡിആര്‍. യുപിഐ, റുപെ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ ഇടപാടുകളില്‍ എംഡിആര്‍ പുനസ്ഥാപിക്കണമെന്ന് ബാങ്കുകളും ഡിജിറ്റല്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളും നേരത്തെ ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ഡിസംബറില്‍ സീറോ എംഡിആര്‍ റുപെ ഡെബിറ്റ് കാര്‍ഡുകളിന്മേല്‍ 1,300 കോടി രൂപയുടെ പായ്‌ക്കേജ് ആണ് കേന്ദ്ര സര്‍ക്കാര്‍ ബങ്കുകള്‍ക്ക് നല്‍കിയത്. യുപിഐ, റുപെ ഡെബിറ്റ് കാര്‍ഡുകള്‍ സീറോ എംഡിആറിന് കീഴില്‍ വരുന്നവയാണ്. അതായത് യുപിഐ, റൂപെ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് പേയ്മെന്റുകള്‍ സ്വീകരിക്കുന്നതിന് വ്യാപാരികളില്‍ നിന്ന് യാതൊരു ഫീസും ഈടാക്കരുതെന്നാണ് മാനദണ്ഡം. എംഡിആര്‍ ഈടാക്കിയില്ലെങ്കില്‍ ബാങ്കുകള്‍ക്കും മറ്റും ഇടപാടുകളില്‍ നിന്ന് നേട്ടമുണ്ടാകില്ലെന്നും ഡിജിറ്റല്‍ പേയ്‌മെന്റ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ നിന്ന് പിന്നോട്ട് പോവുമെന്നുമാണ് വിലയിരുത്തല്‍.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it