വീട്, ഇന്‍ഷ്വറന്‍സ്, തീര വികസനം; മത്സ്യമേഖലയെയും തൊഴിലാളികളെയും ചേര്‍ത്തു പിടിച്ച് ബജറ്റ്

കേരളത്തിലെ മത്സ്യമേഖലയെയും മത്സ്യത്തൊഴിലാളികളെയും ചേര്‍ത്തുപിടിക്കുന്ന നിരവധി നിര്‍ദേശങ്ങള്‍ കേരള ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റിലുന. സംസ്ഥാനത്തെ മത്സ്യബന്ധന മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് പ്രത്യേക പരിഗണന നല്‍കുന്നുണ്ടെന്ന് പറഞ്ഞ മന്ത്രി മത്സ്യബന്ധന മേഖലയ്ക്ക് ആകെ 227.12 കോടി രൂപ വകയിരുത്തി. എന്നാല്‍ മത്സ്യ മേഖലയില്‍ ബജറ്റിനെ കുറിച്ച് സമ്മിശ്ര അഭിപ്രായമാണ്.

മത്സ്യബന്ധന മേഖല പ്രതീക്ഷിച്ച യാതൊന്നും ഈ ബജറ്റിലുണ്ടായിരുന്നില്ലെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ചാള്‍സ് ജോര്‍ജ് പറഞ്ഞു. മത്സ്യത്തൊഴിലാളികളുമായോ ഫിഷറി മാനേജ്‌മെന്റ് കൗണ്‍സിലുമായോ സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റെ ബ്ലൂ ഇക്കണോമിക് അനുകൂലമായ പദ്ധതികളാണ് സംസ്ഥാനം നടപ്പാക്കുന്നത്. ഉള്‍നാടന്‍ മേഖലയില്‍ വനാമി ചെമ്മീനുവേണ്ടി കണ്‍വെര്‍ട്ട് ചെയ്യുന്ന പദ്ധതികള്‍ക്കാണ് ഉള്‍നാടന്‍ മേഖലയ്ക്കുള്ള പദ്ധതികളില്‍ ഊന്നല്‍ കൊടുത്തിരിക്കുന്നത്. മാത്രമല്ല തീരദേശ ഹൈവേ അടക്കമുള്ള പദ്ധതികളിലൂടെ മത്സ്യത്തൊഴിലാളികളെ ചൂഷണം ചെയ്യുകയാണെന്നും ചാള്‍സ് ജോര്‍ജ് പറഞ്ഞു. പുനര്‍ഗേഹം പദ്ധതിയിലൂടെ മത്സ്യത്തൊഴിലാളികളെ തീരത്തു നിന്ന് അകറ്റുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം, ആലപ്പുഴ ജില്ലയിലെ അരൂര്‍-ചന്തിരൂര്‍ പ്രദേശത്തെ മത്സ്യ വ്യവസായ മേഖലയുടെ ഭാഗമായി മലിനജല സംസ്‌കരണ ശാല സ്ഥാപിക്കാനായി (കോമണ്‍ ഫ്‌ളുവന്റ് ട്രീറ്റ്‌മെന്റ് പ്ലാന്റ്) 10 കോടി രൂപ നീക്കി വച്ചതുള്‍പ്പെടെയുള്ള കാര്യങ്ങളെ സമുദ്രോത്പന്ന രംഗത്തുള്ളവര്‍ സ്വാഗതം ചെയ്തു.


മത്സ്യ മേഖലയ്ക്കായുള്ള പ്രഖ്യാപനങ്ങള്‍

പട്രോളിംഗിനായി 20 ബോട്ടുകള്‍ വാടകയ്ക്ക് എടുക്കുന്നത് ഉള്‍പ്പെടെ മത്സ്യ വിഭവങ്ങളുടെ സംരക്ഷണവും പരിപാലനവും ഉറപ്പാക്കാന്‍ 9 കോടി രൂപ നീക്കി വച്ചു. പഞ്ഞമാസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസം നല്‍കുന്ന സേവിംഗ്-കം-റിലീഫ് സ്‌കീമിലേക്ക് 22 കോടി രൂപയും നീക്കി വച്ചു. ഈ സ്‌കീമില്‍ കേന്ദ്രസര്‍ക്കാര്‍ ആനുപാതിക വിഹിതം നല്‍കാത്ത സാഹചര്യത്തില്‍ സംസ്ഥാനം അതുകൂടി നല്‍കേണ്ട പ്രത്യേക സ്ഥിതി വിശേഷമുണ്ടെന്ന് ബജറ്റ് പ്രസംഗത്തില്‍ മന്ത്രി ബാലഗോപാല്‍ ചൂണ്ടിക്കാട്ടി.

ഉള്‍നാടന്‍ മത്സ്യബന്ധന മേഖലയ്ക്ക് ഏഴ് പദ്ധതികളിലായി 80.91 കോടി രൂപ വകയിരുത്തി. ഇതില്‍ 67.50 കോടി രൂപ അക്വാകള്‍ച്ചര്‍ വികസനത്തിനാണ്. 'മത്സ്യഫാമുകള്‍, നഴ്‌സറികള്‍, ഹാച്ചറികള്‍' എന്ന പദ്ധതിക്കായി 18 കോടി രൂപ നീക്കി വച്ചു.

തീരദേശ വികസനം

തീരദേശ വികസനത്തിനായി 136.98 കോടി രൂപയാണ് അടുത്ത വര്‍ഷത്തേക്കുള്ള ബിജറ്റില്‍ വകയിരുത്തിയത്. മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന സൗകര്യങ്ങളും അവരുടെ മാനവശേഷി വികസനവും ഉറപ്പാക്കുന്ന പദ്ധതിക്കായി 60 കോടി രൂപ വകയിരുത്തി. ഇതില്‍ വിദ്യാഭ്യാസ, പരിശീലന പരിപാടികള്‍ക്കുള്ള 15 കോടി രൂപയും സോഷ്യല്‍ മൊബിലൈസേഷന്‍ പരിപാടികള്‍ക്കുള്ള 5 കോടി രൂപയും മത്സ്യത്തൊഴിലാളി സ്ത്രീകളുടെ ഇതര ഉപജീവനമാര്‍ഗങ്ങള്‍ക്കുള്ള 17 കോടി രൂപയും ഉള്‍പ്പെടുന്നു.

മത്സ്യഫെഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മൂന്നു കോടി രൂപയാണ് നീക്കി വച്ചത്. മത്സ്യ ഫെഡിന്റെ നീണ്ടകരയിലെ പുതിയ വല ഫാക്ടറിക്കായി 5 കോടി രൂപ അധികമായും വകയിരുത്തി.

പുനര്‍ഗേഹം

മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായി ഭൂമിയം വീടും നല്‍കുന്ന പദ്ധതിക്കായി 10 കോടി രൂപയും തീരദേശ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി 10 കോടി രൂപയും നീക്കിവച്ചു.

നിരന്തരമായ തീരശോഷണ ഭീഷണി നേരിടുന്ന മേഖലയില്‍ തീരത്തു നിന്ന് 50 മീറ്ററിനുള്ളില്‍ താമസിക്കുന്ന എല്ലാ കുടുംബങ്ങളെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് പുനരവധിവസിപ്പിക്കുക എന്ന ലക്ഷ്യത്തില്‍ നടപ്പാക്കി വരുന്ന പുനര്‍ഗേഹം പദ്ധതിയ്ക്കായി 40 കോടി രൂപ വകയിരുത്തി. കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് വിഹിതത്തിന്റെ ഇരട്ടിയാണിത്. 2021-22 സാമ്പത്തിക വര്‍ഷത്തിനു ശേഷം ഇതുവരെ പദ്ധതിക്കായി 226.80 കോടി രൂപ ചെലവഴിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

മത്സ്യ തുറമുഖങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കും പരിപാലനത്തിനും മണ്ണ് നീക്കം ചെയ്യാനുമായി 9.50 കോടി രൂപയാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇന്‍ഷ്വറന്‍സ് പദ്ധതി

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും അപകടമരണം, കാണാതാകല്‍, സ്ഥിര വൈകല്യം എന്നിവയ്ക്ക് 10 ലക്ഷം രൂപയും ഭാഗിക വൈകല്യത്തിന് 5 ലക്ഷം രൂപയും ഇന്‍ഷ്വറുന്‍സ് പരിരക്ഷ നല്‍കുന്ന പദ്ധതിക്കായി 11.18 കോടി രൂപ വകയിരുത്തി. രണ്ടര ലക്ഷത്തോളം മത്സ്യത്തൊഴിലാളികളും 80,000ത്തോളം അനുബന്ധതൊഴിലാളികളും ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ പരിധിയില്‍ വരുമെന്ന് കണക്കാക്കുന്നതായി മന്ത്രി പറഞ്ഞു.

തുറമുഖ വികസനം

മത്സ്യ ബന്ധന തുറമുഖങ്ങളുടെ വികസനത്തിനായി 13.31 കോടി രൂപയാണ് സംസ്ഥാന ബജറ്റില്‍ വകയിരുത്തിയത്. ഇതില്‍ മുതലപ്പൊഴി മത്സ്യബന്ധ തുറമുഖത്തിന്റെ നവീകരണം ഉള്‍പ്പെടെ വിവിധ പ്രവൃത്തികള്‍ക്കുള്ള സംസ്ഥാന വിഹിതമായ 10 കോടി രൂപയും ഉള്‍പ്പെടും.

ഇതു കൂടാതെ പൊഴിയൂരില്‍ പുതിയ മത്സ്യബന്ധന തുറമുഖം സ്ഥാപിക്കുന്നതിനായി പ്രാഥമികമായി 5 കോടി രൂപയും ബജറ്റില്‍ അനുവദിച്ചു.

Related Articles

Next Story

Videos

Share it