ജി.ഡി.പി സങ്കോചത്തിന്റെ ആഘാത ഭീഷണിയില്‍ എം.എസ്.എം.ഇ മേഖല

ആഭ്യന്തര ഉല്‍പാദനത്തിലെ സങ്കോചം എം.എസ്.എം.ഇ മേഖലാ വ്യവസായങ്ങള്‍ക്ക് ഭീഷണിയെന്ന് റിപ്പോര്‍ട്ട്.മൈക്രോ ചെറുകിട ഇടത്തരം മേഖലയ്ക്ക് 21 ശതമാനം വരെ വരുമാനത്തില്‍ കുത്തനെ ഇടിവ് നേരിടേണ്ടിവരുമെന്നും പ്രവര്‍ത്തന ലാഭം 4-5 ശതമാനമായി കുറയുമെന്നും ആഭ്യന്തര റേറ്റിംഗ് ഏജന്‍സിയായ ക്രിസിലിന്റെ ഗവേഷണ വിഭാഗം വിലയിരുത്തുന്നു.

2020-21 കാലയളവില്‍ മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍ (ജിഡിപി) അഞ്ച് ശതമാനം സങ്കോചം നേരിടുമെന്ന് നേരത്തെ ക്രിസിലിന്റെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത് കോര്‍പ്പറേറ്റ് ഇന്ത്യയുടെ വരുമാനത്തില്‍ 15 ശതമാനം ഇടിവിന് ഇടയാക്കുകയും ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുകയും ചെയ്യും. റിസര്‍വ് ബാങ്കിന്റെയും ധനമന്ത്രാലയത്തിന്റെയും നയപരമായ ഇടപെടലുകളില്‍ പ്രതീക്ഷയുണ്ടെങ്കിലും അവയ്ക്ക് ഡിമാന്‍ഡ് പുനരുജ്ജീവിപ്പിക്കാന്‍ കഴിയുമെന്നു കരുതാനാകില്ല.

മൊത്തം എംഎസ്എംഇ കടത്തിന്റെ 32 ശതമാനം വരുന്ന മൈക്രോ എന്റര്‍പ്രൈസ് വിഭാഗത്തെയാണ് പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിക്കുക. വരുമാന വളര്‍ച്ച, പ്രവര്‍ത്തന ലാഭം, പ്രവര്‍ത്തന മൂലധന വിപുലീകരണം എന്നിവയില്‍ ഈ വിഭാഗം ഭൗതിക സമ്മര്‍ദ്ദം നേരിടുന്നു. മൈക്രോ, ചെറുകിട സംരംഭങ്ങള്‍ക്ക് അവരുടെ വലിയ, ഇടത്തരം സമാന സംരംഭങ്ങളെപ്പോലെ എളുപ്പത്തില്‍ പ്രവര്‍ത്തന മൂലധന വെല്ലുവിളികള്‍ കൈകാര്യം ചെയ്യാന്‍ കഴിയില്ലെന്ന് മുന്‍ മാന്ദ്യം വ്യക്തമാക്കുന്നുണ്ട്. റിസര്‍വ് ബാങ്കിന്റെയും ധനമന്ത്രാലയത്തിന്റെയും നയപരമായ ഇടപെടലുകള്‍ താല്‍ക്കാലിക സഹായമാകുമെങ്കിലും, ഈ മേഖലയെ പുനരുജ്ജീവിപ്പിക്കേണ്ട ആവശ്യകതയാണ് ഏറ്റവും വലിയ ആശങ്ക.

പ്രതിസന്ധി ആരംഭിച്ചതിനുശേഷം സര്‍ക്കാരും റിസര്‍വ് ബാങ്കും എംഎസ്എംഇ മേഖലയ്ക്ക് 3 ലക്ഷം കോടി രൂപ വരെ ഈടില്ലാത്ത (കൊളാറ്ററല്‍ ഫ്രീ) വായ്പകള്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഉറപ്പിലായിരിക്കും ഈ വായ്പ. 12 മാസത്തേക്ക് വായ്പാ തിരിച്ചടവിന് മൊറട്ടോറിയവും നല്‍കും. വാര്‍ഷിക വിറ്റുവരവ് 100 കോടിയില്‍ കൂടാത്ത, 25 കോടി രൂപവരെ വായ്പ തിരിച്ചടവ് ബാക്കിയുള്ള സംരംഭങ്ങള്‍ക്കായിരിക്കും വായ്പയ്ക്ക് അര്‍ഹതയുണ്ടാവുകയെന്നും പ്രഖ്യാപിച്ചിരുന്നു. പക്ഷേ, വായ്പാ സഹായങ്ങള്‍ ലഭ്യമാക്കുന്നതില്‍ ബാങ്കുകള്‍ പൊതുവേ അനുകൂല നിലപാടല്ല സ്വീകരിക്കുന്നതെന്ന പരാതി വ്യാപകമാണ്.

എം.എസ്.എം.ഇ മേഖല കനത്ത പ്രതിസന്ധിയെയാണ് ഇപ്പോഴും നേരിടുന്നതെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ മൈക്രോ ആന്‍ഡ് സ്‌മോള്‍ & മീഡിയം എന്റര്‍പ്രൈസസ് പ്രസിഡന്റ് അനിമേഷ് സക്സേന പറഞ്ഞു. ഓര്‍ഡറുകളുടെ കുറവ് സഹിക്കാന്‍ കഴിയുമോ എന്നതാണ് ഏറ്റവും വലിയ ചോദ്യം. അതിജീവനമാണ് ഈ മേഖലയുടെ ഏറ്റവും കനത്ത വെല്ലുവിളിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കോവിഡ് വരുന്നതിന് മുമ്പുതന്നെ എം.എസ്.എം.ഇ മേഖല സമ്മര്‍ദ്ദത്തിലായിരുന്നു. പേയ്മെന്റുകള്‍ കൃത്യസമയത്ത് വന്നിരുന്നില്ല. മഹാവ്യാധിയാകട്ടെ ഈ മേഖലയെ തകര്‍ക്കുന്നു. പണത്തിന്റെ ഒഴുക്കു നിലച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങളായി വരുമാനം പൂജ്യമാണ്. പക്ഷേ, നിശ്ചിത ചെലവുകള്‍ വഹിക്കേണ്ടതുണ്ട്. അതില്‍ ശമ്പളം, വേതനം, വൈദ്യുതി, വാടക എന്നിവ ഉള്‍പ്പെടുന്നു.

ഇപ്പോഴും നിരവധി എസ്എംഇകള്‍ മതിയായ ഓര്‍ഡറുകള്‍ ഇല്ലാത്തതിന്റെ വെല്ലുവിളി നേരിടുന്നു.പേയ്മെന്റുകളാകട്ടെ ഇപ്പോഴും തടസ്സപ്പെട്ടു കിടക്കുന്നു. സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ 45 ദിവസത്തിനുള്ളില്‍ എസ്എംഇകള്‍ക്കുള്ള എല്ലാ പേയ്മെന്റുകളും നല്‍കണമെന്ന ഗവണ്‍മെന്റിന്റെ പ്രഖ്യാപനം ഫലപ്രദമാകുമോയെന്ന കാര്യം കണ്ടറിയേണ്ടതുണ്ട്.പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് പുറമെ സ്വകാര്യമേഖലയും വലിയ തുകകളാണ് കുടുശിക വരുത്തിയിട്ടുള്ളത്. ഇക്കാര്യത്തിലും സര്‍ക്കാര്‍ എന്തെങ്കിലും ചെയ്യണം.

വിതരണ ശൃംഖല പൂര്‍ണ്ണമായും തുറന്നിട്ടില്ല എന്നതാണ് ഇതുവരെയുള്ള നില. യാന്ത്രിക ഘടകങ്ങള്‍ നിര്‍മ്മിച്ചാലും കാറുകളും ഇരുചക്ര വാഹനങ്ങളും വില്‍ക്കുന്നില്ലെങ്കില്‍, ആവശ്യത്തിന് ഓര്‍ഡര്‍ സൃഷ്ടിക്കപ്പെടുന്നില്ല.ഏകദേശം 30 മുതല്‍ 40% വരെ യൂണിറ്റുകള്‍ തുറന്നു. പൂര്‍ത്തിയാകാത്ത ഓര്‍ഡറുകള്‍ ഉള്ളതിനാലാണ് അവ പണി ആരംഭിച്ചിട്ടുള്ളത്. ധാരാളം തൊഴിലാളികളാണ് അവരുടെ ഗ്രാമങ്ങളിലേക്ക് പോയിട്ടുള്ളത്. അവരെ തിരികെ കൊണ്ടുവരുന്നത് ഇപ്പോഴും ഒരു വെല്ലുവിളിയാണ്, പ്രത്യേകിച്ച് കോവിഡ് -19 ന്റെ എണ്ണം ഇപ്പോഴും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന മെട്രോപൊളിറ്റന്‍ നഗരങ്ങളില്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it