റഷ്യന്‍ എണ്ണയുടെ വഴിയടച്ച് അമേരിക്ക; ഇന്ത്യന്‍ കമ്പനികള്‍ക്ക് തിരിച്ചടി
റഷ്യക്കെതിരായ യു.എസിന്റെ പുതിയ ഉപരോധം ഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണയുടെ വില്‍പ്പനയെ പ്രതികൂലമായി ബാധിച്ചേക്കും. നിലവില്‍ റഷ്യന്‍ എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താവ് ഇന്ത്യയാണ്. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തിന്റെ രണ്ടാം വാര്‍ഷികം എത്തിനില്‍ക്കുമ്പോഴാണ് പുതിയ ഉപരോധവുമായി യു.എസ് എത്തിയത്. പ്രമുഖ റഷ്യന്‍ ടാങ്കര്‍ ഗ്രൂപ്പായ സോവ്കോംഫ്‌ലോട്ടിനെ ലക്ഷ്യമിട്ടാണ് ഉപരോധം.
റഷ്യന്‍ എണ്ണയുടെ കാര്യത്തില്‍ സോവ്കോംഫ്‌ലോട്ട് ജി7ന്റെ വിലപരിധി ലംഘിച്ചതായി ആരോപിച്ചാണ് ഉപരോധം. സോവ്കോംഫ്‌ലോട്ടുമായി ബന്ധിപ്പിച്ച 14 ക്രൂഡ് ഓയില്‍ ടാങ്കറുകളും വിലപരിധി ലംഘിച്ചതായി യു.എസ് പറയുന്നു. പുതിയ ഉപരോധം റഷ്യന്‍ എണ്ണയുടെ ലഭ്യത കുറയ്ക്കുമെന്നും വിപണിയില്‍ വെല്ലുവിളികള്‍ സൃഷ്ടിക്കുമെന്നും ചരക്ക് നിരക്ക് വര്‍ധിപ്പിക്കുമെന്നുമുള്ള ആശങ്കയിലാണ് ഇന്ത്യന്‍ റിഫൈനര്‍ കമ്പനികള്‍. ഇത് റഷ്യന്‍ എണ്ണയുടെ വില കിഴിവ് കുറയുന്നതിനുമിടയാക്കും.
ഉയര്‍ന്ന ചരക്ക് ചെലവ് മൂലം 2022ന് മുമ്പ് അപൂര്‍വ്വമായി മാത്രമാണ് ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങിയിരുന്നത്. എന്നാല്‍ യൂറോപ്പ് റഷ്യന്‍ എണ്ണ ഇറക്കുമതി നിരോധിച്ചതിന് ശേഷം റഷ്യന്‍ എണ്ണ വന്‍ വിലക്കിഴിവില്‍ ഇന്ത്യ വാങ്ങിവരികയായിരുന്നു. 2023ല്‍ റഷ്യ ഇന്ത്യയുടെ ഏറ്റവും മികച്ച എണ്ണ വിതരണക്കാരായി ഉയര്‍ന്നു. ഈ കാലയളവില്‍ പ്രതിദിനം 1.66 ദശലക്ഷം ബാരല്‍ റഷ്യന്‍ എണ്ണ ഇന്ത്യ ഇറക്കുമതി ചെയ്തു. ഇത്തരത്തില്‍ തുടരുന്നതിനിടെയാണ് പുതിയ ഉപരോധം.
അടുത്ത സാമ്പത്തിക വര്‍ഷം പ്രതിദിനം 4 ലക്ഷം ബാരല്‍ വരെ റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നതിനായി നിലവില്‍ റഷ്യയുടെ റോസ്‌നെഫ്റ്റുമായി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ എന്നിവ ചര്‍ച്ച നടത്തുന്നുണ്ട്.