കൊറോണയെ പ്രതിരോധിക്കാന്‍ ഇന്ത്യ ചെയ്യേണ്ട ഒമ്പത് കാര്യങ്ങള്‍; നോബല്‍ സമ്മാന ജേതാക്കള്‍ പറയുന്നു
21 ദിവസത്തെ ലോക്ക് ഡൗണില്‍ പ്രവേശിച്ച രാജ്യത്തിന് കൊറോണ പടരുന്ന സാഹചര്യത്തില്‍ ചെയ്യാനായി ഒന്‍പത് കാര്യങ്ങള്‍ നിര്‍ദ്ദേശിക്കുകയാണ് നോബല്‍ സമ്മാന ജേതാക്കളായ അഭിജിത് ബാനര്‍ജിയും ഭാര്യ എസ്തര്‍ ദുഫ്‌ളോയും.
ബോധവത്കരണം വ്യാപകമാക്കേണ്ടതിന്റെയും ആരോഗ്യ മേഖലയില്‍ അടിസ്ഥാന സൗകര്യ വികസനം നടത്തേണ്ടതിന്റെയുമൊക്കെ പ്രധാന്യമാണ് അവര്‍ പങ്കുവെക്കുന്നത്.
പശ്ചിം ബംഗാളില്‍ കൊറോണയ്‌ക്കെതിരെ ബോധവത്കരണ പരിപാടികള്‍ നടത്തി വരുന്ന ദമ്പതികള്‍ കര്‍ണാടകയില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് ഒന്‍പതി നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. കൊറോണയെ കുറിച്ച് ആളുകള്‍ക്ക് അറിയാമെങ്കിലും എന്തു ചെയ്യണമെന്നും എന്ത് ചെയ്യരുതെന്നും അവര്‍ക്കറിയില്ലെന്നാണ് അഭിജിത് ബാനര്‍ജിയും എസ്തര്‍ ദുഫ്‌ളോയും പറയുന്നത്.
ലോക്ക് ഡൗണിന് ശേഷവും അറിയപ്പെടാത്ത രോഗവാഹകരില്‍ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പടരാം. രോഗ ലക്ഷണങ്ങള്‍ കാണിക്കാത്ത ഇത്തരമാളുകളില്‍ നിന്ന് രോഗം പലരിലേക്ക് പടരാനുള്ള സാഹചര്യമുണ്ടാകും. ഉദാഹരണത്തിന് ദല്‍ഹിയില്‍ നിന്ന് മകന്‍ കുടുംബത്തിലെത്തിയാല്‍ മകന് രോഗം സ്ഥിരീകരിക്കുന്നതിനു മുമ്പു തന്നെ കുടുംബത്തിലെ എല്ലാവര്‍ക്കും രോഗം പകര്‍ന്നിട്ടുണ്ടാകാം.
നഗരങ്ങളിലെ ചേരി പ്രദേശങ്ങള്‍ പോലുള്ള സ്ഥലങ്ങളില്‍ സാമൂഹ്യ അകലം പാലിക്കലും ലോക്ക് ഡൗണും പൂര്‍ണമായി നടത്തുന്നതില്‍ പരിമിതികളുണ്ടെന്നും മനസ്സിലാക്കണമെന്ന്് അവര്‍ പറയുന്നു. കൂടുതല്‍ പേരിലേക്ക് വ്യാപിക്കുന്നതിനു മുമ്പു തന്നെ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതിനാല്‍ ആളുകളില്‍ കൊറോണയ്‌ക്കെതിരെ പ്രതിരോധ ശേഷി നേടാനായിട്ടില്ല. മൂന്നു ആഴ്ചകള്‍ക്കുള്ളില്‍ രോഗം പൂര്‍ണമായി തുടച്ചു നീക്കാനായില്ലെങ്കില്‍ കര്‍ഫ്യൂ പിന്‍വലിക്കപ്പെടുന്നതോടെ കൂടുതല്‍ പേരിലേക്ക് വ്യാപിക്കാനുള്ള സാധ്യതയാണുള്ളത്. എന്നാല്‍ കര്‍ഫ്യൂ ഉപകാരപ്രദമല്ല എന്നല്ല ഇതിനര്‍ത്ഥം. രോഗത്തിനെതിരെ ഒരു പ്ലാന്‍ തയാറാക്കാനുള്ള സമയമാണിത്.
അടുത്ത ഏതാനും മാസങ്ങളില്‍ രാജ്യത്ത് വിദൂര ഗ്രാമങ്ങളില്‍ രോഗം വന്‍തോതില്‍ പടരാതിരിക്കാനുള്ള നടപടികള്‍ എടുക്കേണ്ടത്. കാരണം ഈ ഗ്രാമങ്ങളില്‍ ആരോഗ്യ സേവനം അത്ര നല്ല നിലയിലല്ല.
രോഗത്തെ ചെറുക്കാനായി അവര്‍ മുന്നോട്ട് വെക്കുന്ന നിര്‍ദ്ദേശങ്ങളിവയാണ്.
1. ഒരു കുടുംബത്തിലെ ഒരാള്‍ക്കെങ്കിലും കൊറോണയെ കുറിച്ചും അതിന്റെ ലക്ഷണങ്ങളെയും കുറിച്ച് അറിവുണ്ടാകുന്ന തരത്തില്‍ ബോധവത്കരണം നടത്തുക.
2. എത്ര തന്നെ തടയാന്‍ ശ്രമിച്ചാലും ചിലപ്പോള്‍ രോഗം പടരാം. അതുസംബന്ധിച്ച സത്യസന്ധമായ റിപ്പോര്‍ട്ടിംഗ് അത്യാവശ്യമാണ്. ഒന്നും ഒളിച്ചു വെക്കാന്‍ ശ്രമിക്കരുത്.
3. രോഗം റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഹോട്ട്‌ലൈന്‍, ആശ തുടങ്ങിയ വൈവിധ്യമാര്‍ന്ന മാര്‍ഗങ്ങള്‍ അവതരിപ്പിക്കുക.
4. ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുക. രോഗലക്ഷണങ്ങള്‍ കണ്ടെത്താനും ബന്ധപ്പെട്ടവരെ അറിയിക്കുന്നതിനും ഇതിലൂടെ കഴിയും.
5. ഇങ്ങനെ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ എത്രയും പെട്ടെന്ന് ശേഖരിച്ച് പഠന വിധേയമാക്കുക. ഇതിലൂടെ രോഗം പടരുന്ന ഹോട്ട് സ്‌പോട്ടുകള്‍ കണ്ടെത്തി അവിടെ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയും. പൊതുവായ ട്രെന്‍ഡ് മനസ്സിലാക്കാനും കഴിയും.
6. ഓരോ സംസ്ഥാനവും ആരോഗ്യ രംഗത്തെ പ്രൊഫഷണലുകളും ഡോക്റ്റര്‍മാരും നഴ്‌സും അടങ്ങുന്ന വലിയ മൊബീല്‍ ടീം രൂപീകരിക്കണം. ടെസ്റ്റിംഗ് കിറ്റുകളും വെന്റിലേറ്ററുകളും മറ്റു ഉപകരണങ്ങളും സജ്ജമാക്കണം. രോഗം കൂടുതലായി വളര്‍ച്ച കാട്ടുന്ന മേഖലകളില്‍ ഇവരെ വിന്യസിക്കണം. ലോക്ക് ഡൗണ്‍ വിജയകരമാകുകയാണെങ്കില്‍ അങ്ങിങ്ങായി ചില പ്രദേശങ്ങളില്‍ മാത്രമേ പല സമയങ്ങളിലായി ഇത്തരത്തില്‍ രോഗം പൊങ്ങുകയുള്ളൂ. അതുകൊണ്ടു തന്നെ ഒരേ ടീമിന് തന്നെ പലിയിടങ്ങളില്‍ സേവനം ചെയ്യാനാവും.
7. ടീം രൂപീകരിക്കപ്പെട്ടു കഴിഞ്ഞാല്‍ എല്ലാ ഉപകരണങ്ങളും സര്‍ക്കാരിതര മേഖലകളില്‍ പ്രവര്‍ത്തിക്കുന്നതടക്കമുള്ള ഹെല്‍ത്ത് പ്രൊഫഷണലുകളുടെ സേവനവും അവര്‍ക്ക് ലഭ്യമാക്കണം. ആവശ്യമെങ്കില്‍ സ്വകാര്യ ആശുപത്രികളും പ്രയോജനപ്പെടുത്താനുള്ള അവസരമൊരുക്കണം.
8. സാധാരണക്കാര്‍ക്ക് സര്‍ക്കാര്‍ നേരിട്ട് നല്‍കുന്ന തുകയില്‍ വലിയ വര്‍ധനവ് വരുത്തണം. ലോക്ക് ഡൗണ്‍ മൂലം ജോലിക്ക് പോകാനാവാത്തവര്‍ വരുമാനം കണ്ടെത്തുന്നതിനായി പുറത്തിറങ്ങാന്‍ സാധ്യതയുണ്ട്. അത് രോഗ്യം പടരാന്‍ കാരണമാകും. ഇപ്പോള്‍ പ്രഖ്യാപിച്ച തുക കുറവാണ്. കൂടുതല്‍ തുക നല്‍കുന്നതിലൂടെ വിപണിയിലെ ഡിമാന്‍ഡ് വര്‍ധിപ്പിക്കാനും സാമ്പത്തിക രംഗത്തെ വന്‍ തകര്‍ച്ച ഒഴിവാക്കാനുമാകും. ജന്‍ധന്‍ എക്കൗണ്ട്, ആധാര്‍, മൊബീല്‍ നമ്പര്‍ എന്നിവയൊക്കെ ഉപയോഗിച്ച് അര്‍ഹതയുള്ളവരെ കണ്ടെത്താനാകും.
9. വാക്‌സിന്‍ കണ്ടെത്തുന്നതു വരെ ഇത്തരത്തിലുള്ള മുന്‍കരുതലുകള്‍ തുടരുക. പിന്നീട് കഴിയുന്നത്ര ആളുകളെ വാക്‌സിനേറ്റ് ചെയ്യുക. അതോടൊപ്പം നമ്മുടെ ആരോഗ്യ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള ശ്രമവും നടത്തണം. അടുത്ത തവണ കൂടുതല്‍ മെച്ചപ്പെട്ട സാഹചര്യം ഇവിടെയുണ്ടാകണം.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline